25000 രൂപ വരെ പോക്കറ്റിലാക്കാം, ഇനി കുറയ്ക്കാന്‍ പറയരുതെന്ന് ഓല! ദീപാവലി ഓഫര്‍ നാളെ കൂടി മാത്രം
ദീപാവലി ആഘോഷങ്ങളുടെ അവസാന വട്ട ഒരുക്കങ്ങളിലാണ് ജനങ്ങള്‍. ഒക്‌ടോബര്‍ മാസത്തിന്റെ അവസാന ദിവസം തന്നെ ദീപാവലി വന്നെത്തിയതിനാല്‍ വണ്ടിക്കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ഓഫറുകളും തീരാന്‍ പോകുകയാണ്. എപ്പോഴും ഓഫറുകള്‍ നല്‍കി ഇന്ത്യക്കാരെ കൈയ്യിലെടുക്കുന്ന ഓല ഇലക്ട്രിക് തങ്ങളുടെ S1 സ്‌കൂട്ടറുകള്‍ക്ക് സ്‌പെഷ്യല്‍ ദീപാവലി ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 25,000 രൂപ വരെ കിഴിവുകള്‍ ലഭ്യമാണ്. ഓല S1 ഇലക്ട്രിക് സ്‌കൂട്ടറുകളെക്കുറിച്ചും അവയ്ക്ക് ലഭ്യമായ ഓഫറുകളെക്കുറിച്ചും ഈ ലേഖനത്തില്‍ വിശദമായി പരിശോധിക്കാം.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളാണ് ഓല ഇലക്ട്രിക് (Ola Electric). ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ വൈകിയാണ് പ്രവേശിച്ചതെങ്കിലും നിലവില്‍ നമ്പര്‍ വണ്‍ ആണ് ഓല. 2021-ലെ സ്വാതന്ത്ര്യ ദിനത്തിലാണ് ഓല തങ്ങളുടെ കന്നി ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. പിറ്റേ വര്‍ഷം ഈ സ്‌കൂട്ടറുകള്‍ ഉപഭോക്താക്കളിലേക്ക് എത്തി. പെട്രോള്‍ സ്‌കൂട്ടറുകളെ പോലെ തന്നെ ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളും നന്നായി വിറ്റഴിക്കപ്പെടുന്നുണ്ട്.

ഓലയെ ജനപ്രിയമാക്കുന്നതില്‍ അവയുടെ ഓഫറുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഈ മാസം തുടക്കം മുതല്‍ കമ്പനി 'ഓല ബിഗസ്റ്റ് സീസണ്‍ സെയില്‍' (ബോസ്) ലോഞ്ച് ചെയ്തിരുന്നു. ഈ സെയിലിന്റെ ഭാഗമായി ഓല S1 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പുതിയ ഓഫറുകള്‍ അവതരിപ്പിച്ചു. '72-അവര്‍ റഷ്' (72-hour Sale) എന്ന് വിളിക്കപ്പെടുന്ന ഏറ്റവും പുതിയ ഓഫറിന് കീഴില്‍ ഇവികള്‍ക്ക് 25000 രൂപ വരെ കിഴിവുകള്‍ നല്‍കുന്നു.
72 മണിക്കൂര്‍ അതായത് മൂന്ന് ദിവസത്തേക്കുള്ള ഈ ഓഫറിന്റെ കാലയളവ് ഒക്‌ടോബര്‍ 29 മുതല്‍ ഒക്ടോബര്‍ 31 വരെയാണ്. ഈ കാലയളവില്‍ ഏതെങ്കിലും ഓല S1 ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 25,000 രൂപ വരെ കിഴിവ് നേടാനാണ് അവസരം. ഓഫറുകളുടെ ഭാഗമായി ഇപ്പോള്‍ ഓല S1 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഏറ്റവും കുറഞ്ഞ വില 74,999 ആയി.

ഇവ കൂടാതെ വിപുലീകൃത വാറണ്ടിയടക്കം അധിക ആനുകൂല്യങ്ങളും നേടാനാകും. 7000 രൂപ വിലമതിക്കുന്ന 8-വര്‍ഷം/80,000 കി.മീ വാറണ്ടി അധിക ചിലവുകളില്ലാതെ നല്‍കുകയാണ് ഓല. ഓല S1 ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നവര്‍ക്ക് ഫിനാന്‍സിംഗ് ഓഫറുകളുടെ പ്രയോജനവും നേടാം. നിര്‍ദ്ദിഷ്ട ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്‌കൂട്ടര്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 5000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.
6000 രൂപ മൂല്യം വരുന്ന സൗജന്യ മൂവ് ഒഎസ്+ അപ്ഗ്രേഡ്, 7000 രൂപയുടെ സൗജന്യ ചാര്‍ജിംഗ് ക്രെഡിറ്റുകള്‍, 5000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയാണ് ഓഫറുകളുടെ ഭാഗമായുള്ള അധിക ആനുകൂല്യങ്ങള്‍. S1 പ്രോ, S1 എയര്‍, S1 X എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഓല S1 ശ്രേണിയില്‍ വരുന്നത്.

എന്‍ട്രി ലെവല്‍ മോഡലായ S1 X ഇവി 2 kWh, 3 kWh, 4 kWh ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമാണ്. 74,999 മുതല്‍ 1,14,999 രൂപ വരെയാണ് വില പോകുന്നത്. ഓലയുടെ ഔദ്യോഗിക് വെബ്‌സൈറ്റ് അനുസരിച്ച് മിഡ് ലെവല്‍ S1 എയറിന്റെ വില 1,02,499 രൂപയില്‍ ആരംഭിക്കുന്നു. റേഞ്ച് ടോപ്പിംഗ് S1 പ്രോയുടെ വില ആരംഭിക്കുന്നത് 1,09,999 രൂപയിലാണ്.
ഇതിനോടകം തന്നെ നവരാത്രി ആഘോഷ സമയത്ത് മികച്ച വില്‍പ്പന നേടാന്‍ ഓലക്ക് സാധിച്ചിരുന്നു. ദീപാവലി ആഘോഷങ്ങളുടെ അവസാന നാളുകളിലെ ഈ ഓഫറുകള്‍ കച്ചവടം കൂട്ടുമെന്നാണ് പ്രതീക്ഷ. ഓഫറുകളോടുള്ള പ്രതികരണം നോക്കിയായിരിക്കും വരും ദിവസങ്ങളില്‍ അവ ദീര്‍ഘിപ്പിക്കണമോ വേണ്ടയോ എന്ന് കമ്പനി ചിന്തിക്കുക. ഉടന്‍ തന്നെ ഒരു ഓല സ്‌കൂട്ടര്‍ വാങ്ങാന്‍ പദ്ധതിയിടുന്ന ഏതെങ്കിലും സുഹൃത്തോ ബന്ധുവോ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കുമല്ലോ.


Click it and Unblock the Notifications








