ഒന്നിലേറെ ഇവികള്‍ക്ക് കേന്ദ്രത്തിന്റെ 'അംഗീകാരം' ലഭിക്കുന്ന ആദ്യ കമ്പനിയായി ഓല! ഓഫര്‍ മേളം തുടരും
ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഓല ഇലക്ട്രിക്കിനിപ്പോള്‍ ബെസ്റ്റ് സമയമാണ്. കഴിഞ്ഞ മൂന്ന് മാസമായി ബമ്പര്‍ വില്‍പ്പന നേടുന്ന ഓല 2024 ഫെബ്രുവരിയില്‍ വില്‍പ്പന 35,000 യൂണിറ്റിലേക്ക് എത്തിച്ചിരുന്നു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണിത്. ഇപ്പോള്‍ തങ്ങളുടെ മുന്‍നിര മോഡലാമ S1 പ്രോക്ക് സര്‍ക്കാറിന്റെ ഇന്‍സെന്റീവ് പദ്ധതികളുടെ ഭാഗമായി പുത്തന്‍ അംഗീകാരം കൂടി തേടിവന്നിരിക്കുകയാണ്.
പ്രൊഡക്ഷന്‍ ലിങ്ക് ഇന്‍സെന്റീവ് (PLI) സ്‌കീമിന് കീഴിലുള്ള ഡൊമസ്റ്റിക് വാല്യു അഡീഷന്‍ സര്‍ട്ടിഫിക്കേഷനാണ് ഇപ്പോള്‍ ഓല S1 പ്രോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതോടെ ഒന്നോ അതിലധികമോ ഉല്‍പ്പന്നങ്ങള്‍ക്ക് ഡിവിഎ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ഏക ഇരുചക്രവാഹന, പ്യുവര്‍ ഇവി നിര്‍മ്മാതാക്കളായി ഓല ഇലക്ട്രിക് മാറി. നേരത്തെ ഓലയുടെ S1 എയര്‍ എന്ന മോഡലിന് ഡിവിഎ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു.

കുറഞ്ഞത് 50 ശതമാനം പ്രാദേശികവല്‍ക്കരണമെന്ന കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം നിര്‍ബന്ധമാക്കിയിട്ടുള്ള ഡിവിഎ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഓല S1 പ്രോ സര്‍ട്ടിഫിക്കേഷന് അര്‍ഹത നേടിയത്. 1.30 ലക്ഷം രൂപ മുതലാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില തുടങ്ങുന്നത്. എല്ലാ ഘടകങ്ങളുടെയും പ്രാദേശികവല്‍ക്കരണ മാനദണ്ഡങ്ങളില്‍ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം നോഡല്‍ ടെസ്റ്റിംഗ് സ്ഥാപനങ്ങളില്‍ ഒന്നായ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജിയാണ് (ICAT) സര്‍ട്ടിഫിക്കേഷന്‍ നല്‍കിയത്.
കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള നാഷണല്‍ ഓട്ടോമോട്ടീവ് ബോര്‍ഡിന്റെ (NAB) ഡിവിഷനുകളില്‍ ഒന്നാണ് ICAT മനേസര്‍. ICAT, ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) എന്നിവ രാജ്യത്തെ പ്രധാന ടെസ്റ്റിംഗ് ഏജന്‍സികളാണ്. മന്ത്രാലയത്തിന്റെയും ICAT-ന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഹനീഫ് ഖുറേഷി ഓല ഇലക്ട്രിക്കിന്റെ എഞ്ചിനീയറിങ് ആന്‍ഡ് സീനിയര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് എസ്‌ജെ ദിനകറിന് സര്‍ട്ടിഫിക്കറ്റ് കൈമാറി.

ഇതോടെ പദ്ധതിയുടെ കീഴില്‍ 2024 സാമ്പത്തിക വര്‍ഷം മുതല്‍ തുടര്‍ച്ചയായി അഞ്ച് സാമ്പത്തിക വര്‍ഷം വരെ ഓല ഇലക്ട്രിക് ഇന്‍സെന്റിവിന് അര്‍ഹമായി. ഉല്‍പന്നങ്ങളുടെ വില്‍പ്പന മൂല്യത്തിന്റെ 13 മുതല്‍ 18 ശതമാനം വരെയാണ് ഇന്‍സെന്റീവ് നല്‍കുക. 2023 സെപ്റ്റംബര്‍ മുതല്‍ വിപണിയിലെത്തുന്ന ഓല S1 പ്രോ രണ്ടാം തലമുറ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്ത തീയതി മുതല്‍ പിഎല്‍ഐ സ്‌കീമിന് കീഴില്‍ ഇന്‍സെന്റിവുകള്‍ ലഭിക്കുമെന്ന് ഓല ഇലക്ട്രിക് പറഞ്ഞു.
പിഎല്‍ഐ സ്‌കീമിന് കീഴില്‍ അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍ ബാറ്ററി സംഭരണത്തിനായി ഓല ഇലക്ട്രിക്കിന് 20GWh കപ്പാസിറ്റിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ ഓല ജിഗാഫാക്ടറി കമ്മീഷന്‍ ചെയ്ത തീയതി മുതല്‍ അഞ്ച് വര്‍ഷത്തേക്ക് എസിസി പില്‍ഐ സ്‌കീമിന് കീഴില്‍ ഇന്‍സെന്റീവുകള്‍ ലഭിക്കാന്‍ ഓല ഇലക്ട്രിക്കിന് അര്‍ഹതയുണ്ട്.

2023 ഓഗസ്റ്റ് 15-ന് പുറത്തിറക്കിയ ഓല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പുതിയ ശ്രേണി രണ്ടാഴ്ചയ്ക്കുള്ളില്‍ 75,000-ത്തിലധികം ബുക്കിംഗുകള്‍ നേടിയിരുന്നു. ഒരു കലണ്ടര്‍ വര്‍ഷം 250,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയായും 2023-ല്‍ ഓല പേരെടുത്തു. കഴിഞ്ഞ വര്‍ഷം 253,000 യൂണിറ്റുകളുടെ റീട്ടെയില്‍ വില്‍പ്പനയാണ് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി സ്വന്തമാക്കിയത്.
31 ശതമാനത്തിലധികം വിപണി വിഹിതവുമായി ഓല ഇലക്ട്രിക് രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായി മാറിയിരുന്നു. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യപ്പെടാന്‍ പോകുന്ന ഓല ഇലക്ട്രിക് തമിഴ്നാട്ടിലെ ഒരു പ്രാദേശിക ബാറ്ററി സെല്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്.
കഴിഞ്ഞ മാസം ഓല S1 പ്രോ, S1 എയര്‍, S1 X+ എന്നീ മോഡലുകള്‍ക്ക് 25,000 രൂപ വരെ ഡിസ്‌കൗണ്ടിട്ടിരുന്നു. മികച്ച വില്‍പ്പന നേടിയ സാഹചര്യത്തില്‍ ഓഫര്‍ ഈ മാസം അവസാനം വരെ നീട്ടിയിട്ടുണ്ട്. പിഎല്‍ഐ സ്‌കീമിന് കീഴില്‍ ഇന്‍സെന്റീവുകള്‍ക്ക് കൂടി അര്‍ഹത നേടിയതോടെ ഓലയുടെ ഓഫറുകള്‍ ഇനിയും തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








