1.10 ലക്ഷത്തിന് 190 കി.മീ റേഞ്ചുള്ള ഓല ഇവി! ഇത് പെട്രോള്‍ സ്‌കൂട്ടറുകളുടെ അന്തകന്‍ തന്നെ
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സ്വാതന്ത്രദിനത്തില്‍ നടന്ന ഇവന്റില്‍ വെച്ചാണ് പെട്രോള്‍ സ്‌കൂട്ടറുകളുടെ 'അന്തകന്‍' എന്ന വിശേഷണവുമായി S1X ശ്രേണിയിലുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ഓല ഇലക്ട്രിക് പുറത്തിറക്കിയത്. ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ സ്‌കൂട്ടറായ S1X-ന് വര്‍ഷാന്ത്യത്തില്‍ കിടിലന്‍ ഓഫറുകള്‍ കൂടി നല്‍കിയതോടെ പെട്രോള്‍ സ്‌കൂട്ടറിന്റെ അതേ വിലയില്‍ ഇവി വാങ്ങാമെന്ന സ്ഥിതിയായിരുന്നു.
ഇപ്പോള്‍ ഓല ഇലക്ട്രിക് S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ 4 kWh വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ്. താങ്ങാവുന്ന വിലയില്‍ കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നതാണ് പുത്തന്‍ ലോഞ്ചിന്റെ പ്രധാന ഹൈലൈറ്റ്. പുതിയ Ola S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ 4 kWh വേരിയന്റ് ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 190 ദൂരമോടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ഓലയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായ S1 പ്രോ ജെന്‍2 ഇലക്ട്രിക് സ്‌കൂട്ടറിനേക്കാള്‍ വെറും 5 കിലോമീറ്റര്‍ മാത്രമാണ് റേഞ്ച് കുറവ്. പുതിയ 4 kWh S1 X അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കുറഞ്ഞ വിലയില്‍ ഉയര്‍ന്ന റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുമായി കമ്പനി സംസാരിച്ചതായി ഓല സിഇഒയും സഹസ്ഥാപകനുമായ ഭവീഷ് അഗര്‍വാള്‍. S1 X-ന്റെ വിലയില്‍ S1 പ്രോയുടെ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നാണ് അദ്ദേഹം പുതിയ ഉല്‍പ്പന്നത്തെ വിശേഷിപ്പിച്ചത്.
4 kWh ബാറ്ററി പായ്ക്ക് S1 X ഇലക്ട്രിക് സ്‌കൂട്ടര്‍ നിരയിലെ ഏറ്റവും വലുതാണ്. 1.10 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഇത് വാങ്ങാന്‍ സാധിക്കുക. S1 X 3 kWh വേരിയന്റിനേക്കാള്‍ ഏകദേശം 20,000 രൂപ കൂടുതലായി മുടക്കണം. റേഞ്ചും വിലയും കുറവ് മതി എന്നുള്ളവര്‍ക്ക് ഓല S1 X 2 kWh വേരിയന്റ് വാങ്ങാവുന്നതാണ്. 79,999 രൂപയാണ് ഈ വകഭേദത്തിന്റെ എക്‌സ്-ഷോറൂം വില.

ഉയര്‍ന്ന റേഞ്ചുള്ള പുത്തന്‍ വേരിയന്റിനായുള്ള ബുക്കിംഗ് ജാലകം ഓല ഇപ്പോള്‍ തുറന്നിട്ടുണ്ട്. ഓല S1 X 4 kWh വേരിയന്റ് സ്‌റ്റൈലിംഗ്, ഫീച്ചര്‍ സെറ്റ്, ഏകദേശ വലിപ്പം എന്നീ കാര്യങ്ങളില്‍ മറ്റ് വേരിയന്റുകള്‍ക്ക് സമമാണ്. ഭാരത്തിന്റെ കാര്യത്തില്‍ മാത്രമാണ് ചില്ലറ മാറ്റം. ഓല S1 X 4 kWh വേരിയന്റിന് 112 കിലോഗ്രാമാണ് ഭാരം. അതായത് S1X 3 kWh വേരിയന്റിനേക്കാള്‍ ഇതിന് 4 കിലോഗ്രാം അധിക ഭാരമുണ്ട്.
പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വെറും 3.3 സെക്കന്‍ഡിനുള്ളില്‍ ഇത് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 90 കിലോമീറ്ററാണ് പരമാവധി വേഗത. 6 kW (8 bhp) പവര്‍ നല്‍കുന്ന ഇലക്ട്രിക് മോട്ടോറാണ് തുടിപ്പേകുന്നത്. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്സ് എന്നീ മൂന്ന് റൈഡിംഗ് മോഡുകളും ഇതില്‍ വരുന്നുണ്ട്. ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ 6 മണിക്കൂര്‍ 30 മിനിറ്റ് എടുക്കും.

ഓല S1 X 2 kWh, 3 kWh, 4 kWh വേരിയന്റുകളുടെ വിതരണം 2024 ഏപ്രില്‍ മുതല്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ഇതുകൂടാതെ S1 എയര്‍, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ബാറ്ററി പായ്ക്കിന് 8 വര്‍ഷം/80,000 കിലോമീറ്റര്‍ വാറണ്ടിയും ഓല ഇലക്ട്രിക് പുറത്തിറക്കി.
പുതുതായി വാങ്ങുന്ന S1 ഇ-സ്‌കൂട്ടറുകള്‍ക്ക് അധിക മുടക്കില്ലാതെ ഈ വാറണ്ടി ലഭ്യമാകും. 5,000 രൂപയ്ക്ക് ഒരു ലക്ഷം കിലോമീറ്റര്‍ വിപുലീകൃത വാറണ്ടിയും നിര്‍മാതാവ് വാഗ്ദാനം ചെയ്യുന്നുണ്ട്. 12,500 രൂപ മുടക്കിയാല്‍ 1.25 ലക്ഷം കിലോമീറ്റര്‍ വിപുലീകൃത വാറണ്ടി ഓപ്ഷനും ഓഫര്‍ ചെയ്യുന്നു.

ഓലയുമായി ബന്ധപ്പെട്ട മറ്റ് ചില വികസനങ്ങള്‍ നോക്കുമ്പോള്‍ കമ്പനി തങ്ങളുടെ സര്‍വീസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം നിലവിലുള്ള 400-ല്‍ നിന്ന് 600 ആയി വികസിപ്പിക്കാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചു. സര്‍വീസ് ശൃംഖല വിപുലീകരിക്കുന്നതിനൊപ്പം തന്നെ ഈ വര്‍ഷം ഏപ്രിലോടെ 10,000 ഫാസ്റ്റ് ചാര്‍ജറുകള്‍ കൂടി സ്ഥാപിക്കാനും ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനി ലക്ഷ്യമിടുന്നു. നിലവില്‍ ഓലക്ക് 1000 ഫാസ്റ്റ് ചാര്‍ജിംഗ് സ്‌റ്റേഷനുകളാണുള്ളത്.


Click it and Unblock the Notifications








