ഓലയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വേണം; ഏപ്രില്‍ 15-ന് സുപ്രധാന പ്രഖ്യാപനം വരുന്നു
ക്യാബ് അഗ്രിഗേറ്റര്‍ എന്നതില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡിലേക്കുള്ള ഓലയുടെ വളര്‍ച്ച ഏവരെയും അസൂയപ്പെടുത്തുന്നതാണ്. പല കമ്പനികളും മാസം 10000 യൂണിറ്റ് വില്‍ക്കാന്‍ പാടുപെടുമ്പോള്‍ ഓല ഇലക്ട്രിക് (Ola Electric) 2024 മാര്‍ച്ചില്‍ മാത്രം വിറ്റത് 50000 യൂണിറ്റിന് മുകളിലാണ്.
ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസൃതമായ ഉല്‍പ്പന്നങ്ങള്‍ ഓഫര്‍ ചെയ്യുന്നതിനൊപ്പം കിടിലന്‍ ഓഫറുകള്‍ കൂടി നല്‍കിയാണ് ഓല ജനങ്ങളെ ഷോറൂമിലേക്ക് ആകര്‍ഷിക്കുന്നത്. ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ സ്‌പെയ്‌സില്‍ ഒന്നാമന്‍മാരായി വിലസുന്നതിനിടെ ഏപ്രില്‍ 15-ന് ഓല ഇലക്ട്രിക് ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്താന്‍ പോകുകയാണ്. അതിനെ കുറിച്ചുള്ള ചില വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അത് എന്താണെന്ന് ചുവടെ വിവരിക്കാം.

പെട്രോള്‍ സ്‌കൂട്ടറുകളുടെ അന്തകന്‍ എന്ന നിലയിലാണ് ഓല ഇലക്ട്രിക് 2023 ഓഗസ്റ്റില്‍ S1X റേഞ്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറാണ് ഓല S1X. ഏപ്രില്‍ 15-ന് ഓല S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ടൈംലൈന്‍ വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ഓല S1 X-ന്റെ വിലയും പരിഷ്‌കരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫെയിം II സബ്‌സിഡി സ്‌കീം മാര്‍ച്ച് 31-ന് അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഓലയുടെ പ്രധാന എതിരാളികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയിരുന്നു. ഓല S1X മോഡലിന്റെ വില പുനര്‍നിര്‍ണയം നടത്തുമ്പോള്‍ ഓല എന്ത് നടപടി സ്വീകരിക്കും എന്നതിനെ കുറിച്ച് ഇപ്പോള്‍ സൂചനകള്‍ ഒന്നുമില്ല. ബിസിനസ് തന്ത്രങ്ങളുടെ ഭാഗമായി അവര്‍ വില കുറച്ചാലും അത്ഭുതപ്പെടാനില്ല.

കാരണം ഐസി എഞ്ചിന്‍ യുഗത്തിന് അന്ത്യം കുറിക്കുക എന്നതാണ് അവരുടെ പ്രഖ്യാപിത ലക്ഷ്യം. ഓല S1X ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മടങ്ങിവന്നാല്‍ ഇത് 2 kWh, 3 kWh, 4 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഓഫര്‍ ചെയ്യുന്നത്. 2kWh വേരിയന്റിന് 79,999 രൂപയും 3 kWh വേരിയന്റിന് 89,999 രൂപയുമാണ് വില.
അതേസമയം വലിയ 4 kWh ബാറ്ററി ഘടിപ്പിച്ച വേരിയന്റിന് 1.10 ലക്ഷം രൂപ വിലയായി നല്‍കണം. എക്‌സ്‌ഷോറൂം വിലകളാണിത്. 2 kWh ബാറ്ററി പായ്ക്കുള്ള S1 X ഒറ്റ ചാര്‍ജില്‍ 91 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 7.4 മണിക്കൂര്‍ കൊണ്ട് ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം. വെറും 4.1 സെക്കന്‍ഡ് സമയം കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കും.

മണിക്കൂറില്‍ 85 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗത. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്‌സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ ഇതില്‍ വരുന്നു. എന്‍ട്രി ലെവല്‍ വേരിയന്റ് ആയതിനാല്‍ ചില ഫീച്ചറുകള്‍ ഇതിന് നഷ്ടമാകുന്നു. ടച്ച്സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് പകരം 3.5 ഇഞ്ച് എല്‍സിഡി സ്‌ക്രീനാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. മാത്രമല്ല ഡിജിറ്റലിന് പകരം ഒരു ഫിസിക്കല്‍ കീയാണ് ഇലക്ട്രിക് സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്.
S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ 3 kWh പതിപ്പിലേക്ക് വന്നാല്‍ ഇതിന്റെ ഫീച്ചറുകളും ചാര്‍ജിംഗ് സമയവും റൈഡിംഗ് മോഡുകളും എന്‍ട്രി ലെവല്‍ വേരിയന്റിന് സമാനമാണ്. എന്നാല്‍ റേഞ്ച്, ആക്‌സിലറേഷന്‍, ടോപ് സ്പീഡ് എന്നീ കാര്യങ്ങള്‍ വ്യത്യാസപ്പെടുന്നു. ഓല S1X 3 kWh പതിപ്പ് ഒറ്റ ചാര്‍ജില്‍ 151 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ച് നല്‍കുമെന്നാണ് കമ്പനി പറയുന്നത്. 0-40 kmph വേഗത കൈവരിക്കാന്‍ ഈ വേരിയന്റിന് 3.3 സെക്കന്‍ഡ് സമയം മതി.
മണിക്കൂറില്‍ 90 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. 4 kWh പതിപ്പിലേക്ക് നീങ്ങിയാല്‍ ഇതിന്റെ ഫീച്ചര്‍ ലിസ്റ്റും സമാനമാണ്. എന്നാല്‍ റേഞ്ചിന്റെ കാര്യത്തില്‍ വന്‍ വ്യത്യാസമുണ്ട്. 4 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഓല S1X ഇലക്ട്രിക് സ്‌കൂട്ടറിന്റെ ക്ലെയിംഡ് റേഞ്ച് 190 കിലോമീറ്ററാണ്. ഓലയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത നോക്കിയാല്‍ വിഷു, ഉഗാദി എന്നീ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കമ്പനി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓല S1 പ്രോ, S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ് പുതിയ ഓഫറുകളുള്ളത്. തെരഞ്ഞെടുത്ത ബാങ്ക് ലോണുകളിലും ഇഎംഐകളിലും 5,000 രൂപ വരെ ക്യാഷ്ബാക്ക് നേടാനാണ് അവസരം. ഈ ഓഫര്‍ ഏപ്രില്‍ 15 വരെ മാത്രമേ ലഭ്യമാകു. ഈ വിഷുവിന് ഒരു ഓല സ്‌കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള ഓല എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിക്കുക.


Click it and Unblock the Notifications








