നാന്‍ വീഴ്‌വേന്‍ യെന്‍ട്രു നിനൈത്തായോ? 14 ദിവസം കൊണ്ട് 15672 ഇലക്ട്രിക് സ്‌കൂട്ടര്‍ വിറ്റ് ഓല
ക്യാബ് അഗ്രിഗേറ്റര്‍ കമ്പനി എന്ന നിലയില്‍ നിന്ന് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായി കണ്ണടച്ച് തുറക്കുന്ന വേഗതയിലാണ് ഓല മാറിയത്. വര്‍ഷങ്ങളായി വിപണിയിലുള്ള പല വമ്പന്‍മാരെയും താഴേക്ക് തള്ളിയാണ് ഓല ഇലക്ട്രിക് സെഗ്‌മെന്റ് ലീഡര്‍ സ്ഥാനം കൈയ്യടക്കിയത്. തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന വില്‍പ്പന ഓരോ മാസവും കമ്പനി ഉയര്‍ത്തിക്കൊണ്ടുവന്നു. ഈ വര്‍ഷം വമ്പന്‍ വില്‍പ്പനയാണ് കമ്പനി നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസമായിരുന്ന 2024 മാര്‍ച്ചില്‍ അരലക്ഷത്തിലേറെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിച്ച് ഓല റെക്കോഡിട്ടു.
കഴിഞ്ഞ രണ്ട്, മൂന്ന് മാസമായ ഓല ഇലക്ട്രിക്കിന്റെ വിപണി വിഹിതം കുറഞ്ഞ് വരികയായിരുന്നു. മറുവശത്ത് എതിരാളികളായ ടിവിഎസും ബജാജും വില്‍പ്പന ഉയര്‍ത്തി വിടവ് കുറയ്ക്കുകയും ചെയ്തു. മാസങ്ങള്‍ക്ക് ശേഷം 2024 സെപ്റ്റം ബറില്‍ ഓലയുടെ വിപണി വിഹിതം 30 ശതമാനത്തില്‍ താഴെ എത്തി. തങ്ങളെ അത്രവേഗം എഴുതിത്തള്ളാന്‍ കഴിയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് ഒക്‌ടോബര്‍ മാസത്തിലെ രണ്ടാഴ്ച പിന്നിടുമ്പോള്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഓല. അതിനെ കുറിച്ച് വിശദമായി വായിക്കാം.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഓല ഉപഭോക്താക്കള്‍ വില്‍പ്പനാനന്തര സേവനങ്ങളെ കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്നത് സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായിരുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സുമായി ഓല സിഇഒ ഭവിഷ് അഗര്‍വാള്‍ പരസ്യമായി ഏറ്റുമുട്ടുന്ന സാഹചര്യങ്ങളിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങി. എന്നാല്‍ മാരുതിയെ പോലെ ഇന്ത്യക്കാരുടെ പള്‍സ് മനസ്സിലാക്കി കളിക്കുന്ന ഓല ഈ മാസം ആകര്‍ഷകമായ ഡീലുകള്‍ വാഗ്ദാനം ചെയ്താണ് ഉപഭോക്താക്കളെ ഷോറൂമില്‍ എത്തിക്കുന്നത്.
ഒക്‌ടോബര്‍ മാസത്തിലെ ആദ്യ 14 ദിവസങ്ങളില്‍ മാത്രം ഓല 15,672 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റു. ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നായ നവരാത്രിയിലെ 10 ദിവസങ്ങള്‍ ഈ രണ്ടാഴ്ച കാലത്താണ് കടന്ന് പോയത് എന്നത് വലിയൊരു കാരണമാണ്. പൊതുവേ ഉത്സവകാലത്താണ് പലരും പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ഇഷ്ടപ്പെടുന്നത്. അത് വില്‍പ്പനയില്‍ ഓലക്ക് പുതു ഊര്‍ജ്ജമേകിയെന്ന് പറയാം.

ഒക്‌ടോബറിലെ ആദ്യ 14 ദിവസങ്ങളില്‍ ഇലക്ട്രിക് ടൂവീലര്‍ വാങ്ങിയ മൂന്നില്‍ ഒരാള്‍ ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ തെരഞ്ഞെടുത്തു. ഈ 14 ദിവസത്തെ വില്‍പ്പനയില്‍ ഓല ഇലക്ട്രിക്കിന്റെ സംഭാവന 34% ആണ്. കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍ പോര്‍ട്ടലില്‍ പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. ഒക്‌ടോബറില്‍ ഓലയുടെ വില്‍പ്പന വര്‍ധിക്കാനുള്ള ഒരു കാരണം 'ബോസ്' അഥവാ ബിഗസ്റ്റ് ഓല സീസണ്‍ സെയില്‍ ആണ്.
72 മണിക്കൂര്‍ നീണ്ടുനിന്ന ഈ ആകര്‍ഷകമായ ഓഫറിന്റെ ഭാഗമായി ഓലയുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറായ S1X വെറും 49,999 രൂപയ്ക്കാണ് വാഗ്ദാനം ചെയ്തത്. ഓല S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ 2 kWh ബാറ്ററി വേരിയന്റിന് ഇന്ത്യന്‍ വിപണിയില്‍ 74,999 രൂപയാണ് വില. ബോസ് ഓഫര്‍ വഴി 25,000 രൂപ ലാഭത്തില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വീട്ടിലെത്തിക്കാനുള്ള അവസരമായിരുന്നു കൈവന്നത്.

ബോസ് സെയിലിന്റെ ഭാഗമായി ഓല S1 സീരീസിലെ എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും 10,000 രൂപ വരെ കിഴിവും 21000 രൂപ മൂല്യമുള്ള അഡീഷനല്‍ ബെനഫിറ്റുകളുടെ പ്രയോജനം നേടാനും അവസരമുണ്ടായിരുന്നു. 5000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്, 6000 രൂപ വിലയുള്ള 140-ലധികം മൂവ്ഒഎസ് ഫീച്ചറുകള്‍, 7000 രൂപ വിലയുള്ള 8 വര്‍ഷത്തെ ബാറ്ററി വാറണ്ടി, 7,000 രൂപയുടെ ഹൈപ്പര്‍ചാര്‍ജിംഗ് ക്രെഡിറ്റുകള്‍ എന്നിവ ഉള്‍പ്പെടെ മൊത്തത്തില്‍ 21000 രൂപ വരെ ലാഭിക്കാനാകുമായിരുന്നു.
ഏതായാലും ഉപഭോക്താക്കളുടെ വില്‍പ്പനാനന്തര സേവനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാനായി 'ഹൈപ്പര്‍സര്‍വീസ്' എന്ന ക്യാമ്പയിനും ഓല തുടക്കം കുറിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ ഓലയ്ക്ക് 500-ലധികം സര്‍വീസ് സെന്ററുകളാണ് ഉള്ളത്. ഈ വര്‍ഷം അവസാനത്തോടെ സര്‍വീസ് സെന്ററുകളുടെ എണ്ണം 1000 ആക്കി ഉയര്‍ത്തുമെന്നാണ് കമ്പനി പറയുന്നത്. മാത്രമല്ല സര്‍വീസ് ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പാര്‍ട്‌നര്‍ഷിപ്പ് പ്രോഗ്രാമിന് കീഴില്‍ ലക്ഷത്തിലധികം സ്വതന്ത്ര മെക്കാനിക്കുകള്‍ക്ക് പരിശീലനം നല്‍കാനും ഓല തീരുമാനിച്ചിട്ടുണ്ട്.


Click it and Unblock the Notifications








