100 കി.മീ റേഞ്ചുള്ള ഇ-സ്‌കൂട്ടർ 89,000 രൂപയ്ക്ക്! ഓഫീസില്‍ പോകാനും കോളേജ് പിള്ളേര്‍ക്കും പറ്റിയതെന്ന് കമ്പനി
ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് വൈദ്യുത വാഹനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന്റെ പാതയിലാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ ടൂവീലര്‍ വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ ഇതേ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ ഇലക്ട്രിക് മോഡലുകളും (Electric Scooters) പുറത്തിറങ്ങുന്നത്. പരമ്പരാഗത ടൂവീലര്‍ നിര്‍മാതാക്കളേക്കാള്‍ സ്വാധീനം ഇവിടെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കാണ്.
ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ ജനകീയമാക്കുന്നതിനായി പ്രതിജ്ഞാബദ്ധമായ ഒരു കമ്പനിയാണ് ക്വാണ്ടം എനര്‍ജി. ഹൈദരാബാദിലാണ് ക്വാണ്ടം എനര്‍ജിയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 5 പതിറ്റാണ്ടുകളായി ശക്തമായ ഓട്ടോമോട്ടീവ് പശ്ചാത്തലത്തില്‍ നിന്നുള്ള സ്ഥാപകരാണ് ഇതിനുള്ളത്. ഇപ്പോള്‍ ക്വാണ്ടം എനര്‍ജി തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകളായ പ്ലാസ്മ X, XR എന്നിവക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി നോക്കാം.

നമ്മുടെ രാജ്യത്ത് അടുത്ത കാലത്തായി പരിസ്ഥിതി സൗഹൃദ മൊബിലിറ്റി സൊല്യൂഷനുകള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ക്വാണ്ടം എനര്‍ജി പ്ലാസ്മ X, XR ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകളുടെ വില 10 ശതമനം കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മുമ്പ് പ്ലാസ്മ X ഇലക്ട്രിക് സ്‌കൂട്ടര്‍ 1,19,525 രൂപക്കായിരുന്നു വിറ്റിരുന്നത്. ഇതിപ്പോള്‍ 1,09,000 രൂപ മുടക്കിയാല്‍ സ്വന്തമാക്കാം.
99,757 രൂപ വിലയുണ്ടായിരുന്ന XR ഇലക്ട്രിക് സ്‌കൂട്ടര്‍ 89,000 രൂപയ്ക്ക് സ്വന്തമാക്കാനാണ് അവസരം. ഈ വിലകളെല്ലാം എക്സ്ഷോറൂം ആണ്. ആകര്‍ഷകമായ ഈ ഓഫറുകള്‍ക്ക് 2024 മാര്‍ച്ച് 31 വരെ മാത്രമാണ് സാധുതയുള്ളത്. പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് തടസമില്ലാത്തതും സുഖപ്രദവുമായ റൈഡിംഗ് അനുഭവം നല്‍കുന്നതിനാണ് പ്ലാസ്മ X, XR ഇലക്ട്രിക് സ്‌കൂട്ടറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ക്വാണ്ടം എനര്‍ജി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

പ്ലാസ്മ X ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ച് പറയുമ്പോള്‍ ശക്തമായ 1500W മോട്ടോറാണ് ഇതിന്റെ ശക്തി. 60V 50Ah ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ 110 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ പ്ലാസ്മ X വെറും 7.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 65 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.
കീലെസ് സ്റ്റാര്‍ട്ട്, റിവേഴ്സ് ഗിയര്‍ ഫീച്ചറുകളുടെ അധിക സൗകര്യങ്ങളും ഇതില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. ഇക്കോ, സ്പോര്‍ട്സ് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും റൈഡര്‍മാര്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കും. 1500W മോട്ടോര്‍ ആണ് പ്ലാസ്മ XR ഇവിക്ക് തുടിപ്പേകുന്നത്. ഫുള്‍ ചാര്‍ജില്‍ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ 100 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

രണ്ട് മോഡലുകളും ദൈനംദിന യാത്രകള്‍ക്ക് അനുയോജ്യമായവയാണ്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഓഫീസില്‍ പോകുന്നവര്‍ക്കും കൂലിപ്പണിക്കാര്‍ക്കുമെല്ലാം ദൈനംദിന യാത്രകള്‍ക്ക് പറ്റിയ ഇവിയാണ് ഇതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ക്വാണ്ടം എനര്‍ജി വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ അല്ലെങ്കില്‍ ഏതെങ്കിലും ഷോറൂമുകള്‍ സന്ദര്‍ശിച്ച് ഓഫ്ലൈനായോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ടെസ്റ്റ് റൈഡ് ബുക്ക് ചെയ്യാം. സെയില്‍സ്, സര്‍വീസ്, സ്പെയര്‍ പാര്‍ട്സ് എന്നിവക്കായി ഓരോ ക്വാണ്ടം എനര്‍ജി ഷോറൂമും ഒരു സമഗ്രമായ 3S സൗകര്യമായി പ്രവര്‍ത്തിക്കുന്നു.
തടസ്സമില്ലാത്തതും തൃപ്തികരവുമായ ഉപഭോക്തൃ അനുഭവം ഉറപ്പാക്കുന്നതിനായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. 'പ്ലാസ്മ മോഡലുകള്‍ക്കായി ഞങ്ങളുടെ പരിമിതമായ ഓഫര്‍ അവതരിപ്പിക്കുന്നത് അതിന്റെ വില കുറയ്ക്കുന്നതിനും വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും മാത്രമല്ല ഞങ്ങളുടെ അത്യാധുനിക സാങ്കേതികവിദ്യയും സമാനതകളില്ലാത്ത പെര്‍ഫോമന്‍സും നേരിട്ട് അനുഭവിക്കാന്‍ ഉപഭോക്താക്കളെ ക്ഷണിക്കുക കൂടിയാണെന്ന് ക്വാണ്ടം എനര്‍ജി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ചക്രവര്‍ത്തി പറഞ്ഞു.
അടുത്തിടെ ക്വാണ്ടം എനര്‍ജി ഹരിയാനയിലെ ഗുരുഗ്രാമില്‍ തങ്ങളുടെ ഷോറൂം ആരംഭിച്ചിരുന്നു. സംസ്ഥാനത്തെ ആദ്യ ക്വാണ്ടം എനര്‍ജി ഷോറൂം ആയിരുന്നു ഇത്. ഇതുവഴി തങ്ങളുടെ രാജ്യത്തെ വില്‍പ്പന ശൃംഖലയിലെ ഷോറൂമുകളുടെ എണ്ണം 62 ആക്കി ഉയര്‍ത്താന്‍ കമ്പനിക്കായി. നിലവില്‍ ക്വാണ്ടം എനര്‍ജിക്ക് കേരളത്തില്‍ ഷോറൂമുകളില്ല. അതേസമയം ഡല്‍ഹിയിലും ബാംഗ്ലൂരിലും മഹാരാഷ്ട്രയിലുമുള്ള മലയാളികള്‍ക്ക് അവിടെ നിന്ന് ഇവികള്‍ വാങ്ങാം.
ഡെര്‍ഫിന്‍ എഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷോറൂം ഉപഭോക്താക്കള്‍ക്ക് ക്വാണ്ടം എനര്‍ജിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ആഴത്തിലുള്ള എക്‌സ്പീരിയന്‍സ് പ്രദാനം ചെയ്യുന്നു. പ്ലാസ്മ X, പ്ലാസ്മ XR, ഇലക്ട്രോണ്‍, മിലാന്‍, ബിസിനസ് മോഡലുകള്‍ ഉള്‍പ്പെടെ ക്വാണ്ടം എനര്‍ജിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ശ്രേണി ഷോറൂമില്‍ പ്രദര്‍ശിപ്പിക്കുന്നു. പ്രധാന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയ കമ്പനി റെഡിഅസിസ്റ്റുമായുള്ള പങ്കാളിത്തത്തിലൂടെ 24X7 റോഡ്സൈഡ് അസിസ്റ്റന്‍സും വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








