1.38 ലക്ഷം രൂപയ്ക്ക് 120 കിലോമീറ്റർ റേഞ്ച്, റിവർ ഇൻഡി ഇനി ഹൈദരാബാദിലും
ബംഗ്ലൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്രവാഹന സ്റ്റാർട്ടപ്പ് റിവർ ഇൻഡി ഹൈദരാബാദിൽ തങ്ങളുടെ പതിയ ഷോറൂം തുറന്നിരിക്കുന്നു. ശ്രീ രാജരാജേശ്വര ഇവി മൊബിലിറ്റിയുമായി സഹകരിച്ചാണ് സ്റ്റാർട്ടപ്പിൻ്റെ സംസ്ഥാനത്തെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ ആരംഭിച്ചിരിക്കുന്നത്. 1.38 ലക്ഷം രൂപയാണ് ഇൻഡിയുടെ ഹൈദരാബാദിലെ എക്സ്ഷോറൂം വില. ഇലക്‌ട്രിക് സ്‌കൂട്ടറിൻ്റെ വില ഈ വർഷം ജനുവരിയിൽ പരിഷ്‌കരിച്ചിരുന്നു, അതിൻ്റെ ലോഞ്ച് വിലയിൽ നിന്ന് 13,000 രൂപയുടെ വർദ്ധനവാണ് കമ്പനി പ്രഖ്യാപിച്ചത്. ബെംഗളൂരുവിലെ ഞങ്ങളുടെ ഫ്ലാഗ്‌ഷിപ്പ് സ്റ്റോറിൻ്റെ വിജയത്തിന് ശേഷം, ഹൈദരാബാദിൽ ആരംഭിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ് എന്നാണ് സഹസ്ഥാപകനായ അരവിന്ദ് മാണി പറഞ്ഞത്.
തെലങ്കാനയിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ആവശ്യക്കാർ ഏറെയാണ്, ഹൈദരാബാദിൽ നിന്നുള്ള പ്രാരംഭ പ്രീ-ഓർഡറുകൾ അതിൻ്റെ തെളിവാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. റിവർ ഇൻഡിയെ ഈ മേഖലയിൽ ഒരു വ്യതിരിക്ത വാഹനമായി സ്ഥാപിക്കുക എന്നതാണ് ബ്രാൻഡിൻ്റെ ലക്ഷ്യം. ധാരാളം സ്റ്റോറേജ് സ്പേസ്, പാനിയര്‍ മൗണ്ടുകള്‍, ക്രാഷ് ഗാര്‍ഡ് തുടങ്ങി വൈദ്യുത സ്‌കൂട്ടറുകളില്‍ അങ്ങനെ കണ്ടുവരാത്ത സംവിധാനങ്ങൾ കോർത്തിണക്കിയാണ് റിവർ ഇൻഡി പണികഴിപ്പിച്ചിരിക്കുന്നത്.

4 kWh ബാറ്ററി പായ്ക്കുമായാണ് ഇലക്ട്രിക് സ്കൂട്ടർ വരുന്നത്. 6.7 kWh അതായത് 8.9 bhp ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ബാറ്ററിക്ക് പരമാവധി 26 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. ഒരു ബെൽറ്റ് ഡ്രൈവ് വഴി പിൻ വീലിലേക്ക് പവർ അയയ്‌ക്കുന്ന മോഡലിന് പരമാവധി 90 കിലോമീറ്റർ വേഗത വരെ കൈവരിക്കാനാവുമെന്നും കമ്പനി പറയുന്നു. ഇവിയിലെ 4 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 120 കിലോമീറ്റർ റേഞ്ച് വരെയാണ് വാഗ്ദാനം ചെയ്യുന്നത്.
ഒരു സാധാരണ ചാർജർ ഉപയോഗിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ ഇൻഡി 80 ശതമാനം വരെ ചാർജ് ചെയ്യാമെന്നും റിവർ പറയുന്നു. പെർഫോമൻസ് കണക്കിലേക്ക് നോക്കിയാൽ വെറും 3.9 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ റിവർ ഇൻഡിക്ക് സാധിക്കും. ഡിസൈനിലെ വലിപ്പം തന്നെയാണ് ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എസ്‌യുവിയുടെ പ്രധാന ആകർഷണം. ഒറ്റനോട്ടത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന അസാധാരണമായ ശൈലി ഇതിനോടകം പലരേയും അടുപ്പിച്ചിട്ടുണ്ട്.

കൂറ്റൻ ബോഡി വർക്ക്, ഡ്യുവൽ-ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, വശങ്ങളിൽ സംയോജിപ്പിച്ചിരിക്കുന്ന പാനിയറുകൾക്കുള്ള ഹാർഡ് മൗണ്ടുകൾ എന്നിവയ്‌ക്കൊപ്പം ഇൻഡി സ്‌കൂട്ടറിന് ബോൾഡ് ഡിസൈനാണ് ലഭിക്കുന്നത്. ചങ്കി സീറ്റ്, പരന്നതും വീതിയുള്ളതുമായ ഫ്ലോർബോർഡ്, ഗ്രാബ്രെയ്ൽ, ക്രാഷ് ഗാർഡുകൾ, കട്ടിയുള്ള ടയറുകളിൽ പൊതിഞ്ഞ അലോയ് വീലുകൾ എന്നിവ പരമ്പരാഗത സ്‌കൂട്ടറുകളെ അപേക്ഷിച്ച് അതിന്റെ പരുക്കൻ രൂപവും പ്രവർത്തനക്ഷമതയും വർധിപ്പിക്കുന്നുമുണ്ട്.
സൈഡ് സ്റ്റാന്‍ഡ് കട്ട്-ഓഫ്, റിവേഴ്സ് പാര്‍ക്കിംഗ് അസിസ്റ്റ്, 90-ഡിഗ്രി വാല്‍വ് സ്റ്റെംസ് എന്നിങ്ങനെ നിരവധി ഉപകാരപ്രദമായ സവിശേഷതകളും ഇതിലുണ്ട്. ഇക്കോ, റൈഡ്, റഷ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഇവിയുടെ പ്രത്യേകതയാണ്. മണ്‍സൂണ്‍ ബ്ലു, സമ്മര്‍ റെഡ്, സ്പ്രിംഗ് യെല്ലോ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിൽ റിവർ ഇൻഡി സ്വന്തമാക്കാനാവും.

സിബിഎസ് സംവിധാനത്തോട് കൂടിയ 240 എംഎം (ഫ്രണ്ട്), 200 എംഎം (റിയര്‍) ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുന്നത്. 165 എംഎം ആണ് റിവര്‍ ഇന്‍ഡിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്്. ഇന്‍ഡി ഇ-സ്‌കൂട്ടറിന് 18 ഡിഗ്രി ഗ്രേഡബിലിറ്റിയുണ്ട്. ഏഥര്‍ 450X (20 ഡിഗ്രി) ഇലക്ട്രിക് സ്‌കൂട്ടറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. എന്നാല്‍ ഓല S1 Pro (15 ഡിഗ്രി) ഇ-സ്‌കൂട്ടറിനേക്കാള്‍ അളവ് കൂടുതലാണെന്ന് ഓര്‍ക്കണം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








