ഹാര്‍ലിക്കും ട്രയംഫിനും 'രോമത്തില്‍ പോലും' തൊടാനായില്ല! ആദ്യ അഞ്ചില്‍ അഞ്ചും എന്‍ഫീല്‍ഡ് ബൈക്കുകള്‍
ഇന്ത്യയില്‍ ഏറെ വര്‍ഷമായി മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗം അടക്കിവാഴുകയാണ് റോയല്‍ എന്‍ഫീല്‍ഡ് (Royal Enfield). വിഖ്യാത നിര്‍മാതാക്കളുമായി മുട്ടിനില്‍ക്കാന്‍ സാധിക്കാതെ രാജ്യം വിടാന്‍ വരെ ഒരുങ്ങിയ പല വൈദേശിക ഭീമന്‍മാരും പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ വര്‍ഷം കൂടിയായിരുന്നു കടന്ന് പോയത്.
ബ്രിട്ടനില്‍ നിന്നുള്ള ട്രയംഫും അമേരിക്കയില്‍ നിന്നുള്ള ഹാര്‍ലിയും ഇന്ത്യന്‍ കമ്പനികളുമായി കൈകോര്‍ത്ത് താങ്ങാവുന്ന വിലയില്‍ പുത്തന്‍ മോഡലുകള്‍ കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിച്ചിരുന്നു. ഈ മോഡലുകളുടെ വരവൊന്നും എന്‍ഫീല്‍ഡിനെ തരി പോലും ബാധിച്ചില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ വില്‍പ്പന റിപ്പോര്‍ട്ടുകള്‍. റോയല്‍ എന്‍ഫീല്‍ഡ് കമ്പനി നിരവധി മോഡലുകള്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും 300-500 സിസി വിഭാഗത്തിലാണ്.

2023 ഡിസംബറിലെ കണക്കനുസരിച്ച് 300 മുതല്‍ 500 സിസി വരെയുള്ള ബൈക്കുകളില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയുള്ള ആദ്യ 10 മോഡലുകളുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനത്തും റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്കുകളാണ്. റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350 ആണ് ഈ സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബൈക്ക്. റോയല്‍ എന്‍ഫീല്‍ഡിന്റെ മൊത്തത്തിലുള്ള വില്‍പ്പനയില്‍ ഈ ബൈക്ക് വളരെയധികം സംഭാവന നല്‍കുന്നു.
300 മുതല്‍ 500 സിസി സെഗ്മെന്റിലെ ഏറ്റവും വിജയകരമായ ബൈക്കാണ് ക്ലാസിക് 350. തലമുറകളുടെ വികാരമായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ബൈക്ക് 2023 ഡിസംബറില്‍ 21,234 യൂണിറ്റ് വില്‍പ്പനയാണ് നേടിയെടുത്തത്. 2022 ഡിസംബറിലെ വില്‍പ്പനയെ അപേക്ഷിച്ച് ഇത് 2.67 ശതമാനം വളര്‍ച്ച നേടി. അതേസമയം 2023 നവംബര്‍ മാസത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ വില്‍പ്പനയില്‍ ഇടിവാണ്. 2023 നവാംബറില്‍ ക്ലാസിക് 350 മോട്ടോര്‍സൈക്കിളിന്റെ 30264 യൂണിറ്റുകളായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് വിറ്റത്.

ടോപ് 10 പട്ടികയില്‍ ബുള്ളറ്റ് 350-യാണ് ക്ലാസിക്കിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബുള്ളറ്റ് 350-യുടെ 12,607 യൂണിറ്റുകള്‍ വിറ്റഴിച്ചു. 3.36 ശതമാനമാണ് വളര്‍ച്ച. 2023 നവംബര്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ബുള്ളറ്റിന്റെ (17450 യൂണിറ്റ്) വില്‍പ്പനയിലും 4843 യൂണിറ്റിന്റെ ഇടിവുണ്ട്. എന്‍ഫീല്‍ഡിന്റെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലായ ഹണ്ടര്‍ 350-ക്ക് പോയമാസം വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി.
2022 ഡിസംബറില്‍ 17,261 യൂണിറ്റ് വിറ്റ് പോയിരുന്ന ഹണ്ടറിന്റെ 11,705 യൂണിറ്റുകള്‍ മാത്രമാണ് 2023 ഡിസംബറില്‍ വില്‍ക്കാനായത്. 32.19 ശതമാനമാണ് ഇടിവ്. റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350, ഹിമാലയന്‍ എന്നിവയാണ് നാല്, അഞ്ച് സ്ഥാനത്തെത്തിയത്. ഇവ യഥാക്രമം 6,071, 3,406 യൂണിറ്റ് വില്‍പ്പന നേടി. മുന്‍വര്‍ഷത്തെ ഇതേകാലയളവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഹിമാലയന്‍ 50.91 ശതമാനം വളര്‍ച്ച കൈവരിച്ചു. പുതിയ ഹിമാലയന്‍ 450 മോഡലിന്റെ വരവ് ഗുണകരമായിട്ടുണ്ട്.

ഈ വിഭാഗത്തിന്റെ ഗണ്യമായ 17.80% വിഹിതം പിടിച്ചെടുത്തുകൊണ്ട് ബ്രാന്‍ഡ് വിപണിയില്‍ ഒരു പ്രധാന സ്ഥാനം നിലനിര്‍ത്തി. എന്‍ഫീല്‍ഡ് മോഡലുകളുടെ പിന്നില്‍ എത്തിയത് ജാവ യെസ്ഡി മോട്ടോര്‍സൈക്കിളുകളാണ്. പോയമാസം 2481 യൂണിറ്റുകളാണ് ജാവ യെസ്ഡി റീട്ടെയില്‍ ചെയ്തത്. ട്രയംഫ് 400, ഹാര്‍ലി ഡേവിഡ്സണ്‍ X440 എന്നിവയും ശക്തമായ പ്രകടനം നടത്തി.
ട്രയംഫ് 2023 ഡിസംബറില്‍ 2273 യൂണിറ്റുകള്‍ വിറ്റ് 3.46 ശതമാനം വിപണി വിഹിതം നേടി. 2189 യൂണിറ്റ് വിറ്റ് ഹാര്‍ലി വിപണി വിഹിതം 3.33 ശതമാനമാക്കി. CB 350, CB 300 എന്നിവ യഥാക്രമം 1,956, 407 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് ഹോണ്ട ശ്രദ്ധേയമായ വില്‍പ്പന കണക്കുകള്‍ പ്രദര്‍ശിപ്പിച്ചു. ഡിസംബറില്‍ കെടിഎം ഡ്യൂക്ക് 390-യുടെ 582 യൂണിറ്റുകള്‍ വിറ്റഴിച്ച് ഇരട്ടിയിലേറെ വളര്‍ച്ച നേടി.

ടിവിഎസ് അപ്പാച്ചെ 310, ബജാജ് ഡോമിനാര്‍ 400 എന്നിവ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം നിലനിര്‍ത്തി. ഉത്സവ സീസണ്‍ അരങ്ങേറിയ നവംബര്‍ മാസത്തെ അപേക്ഷിച്ച് ഒട്ടുമിക്ക മോഡലുകള്‍ക്കും വില്‍പ്പനയില്‍ ഇടിവാണ്. ഇവയില്‍ ഹിമാലയനും ഹാര്‍ലി ഡേവിഡ്‌സണ്‍ X440-യും ഹോണ്ട CB300 ഉം മാത്രമാണ് വളര്‍ച്ച നേടിയത്. അതേസമയം കവസാക്കിയുടെ നിഞ്ച 300, 400 മോഡലുകള്‍ക്ക് ഡിസംബറില്‍ തിരിച്ചടി നേരിട്ടു. ഈ മോഡലുകള്‍ക്ക് യഥാക്രമം 51, 14 യൂണിറ്റുകള്‍ മാത്രമാണ് വില്‍ക്കാനായത്.


Click it and Unblock the Notifications








