ഇന്ത്യയില്‍ എതിരാളികളില്ല, റോയല്‍ എന്‍ഫീല്‍ഡിന്റെ കളികള്‍ അങ്ങ് ജപ്പാനില്‍; ഹിമാലയന് പിന്നാലെ ബുള്ളറ്റുമെത്തി
കാറായാലും ശരി ബൈക്കായാലും ശരി ഇപ്പോള്‍ ഇന്ത്യന്‍ നിര്‍മിത ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശത്ത് നല്ല ഡിമാന്‍ഡാണ്. പല കമ്പനികളും അവരുടെ എക്‌സ്‌പോര്‍ട് ഹബ് ആക്കി മാറ്റുന്നതിനായി ഇന്ത്യയെ പരിഗണിച്ച് വരികയാണ്. ഹോണ്ട കാര്‍സ് കഴിഞ്ഞ ദിവസമാണ് മെയിഡ് ഇന്‍ ഇന്ത്യ എലിവേറ്റ് എസ്‌യുവി സ്വന്തം രാജ്യമായ ജപ്പാനില്‍ ലോഞ്ച് ചെയ്തത്.
നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ച സൂചിപ്പിക്കുന്ന ഒരു സംഗതി തന്നെ ആണ് അത്. കാര്‍ കമ്പനികള്‍ മാത്രമല്ല ഇരുചക്ര വാഹന വിപണിയിലെ പല അതികായന്‍മാരും ജപ്പാനില്‍ നിന്നുള്ളവരാണ്. ഹോണ്ട, യമഹ, കവസാക്കി, സുസുക്കി എന്നിവ തന്നെ ഉദാഹരണം. ഇവര്‍ ഇന്ത്യയില്‍ വന്ന് പണം വാരുമ്പോ നേരെ തിരിച്ചും സംഭവിക്കുന്നത് പലരും സ്വപ്‌നം കാണാറുണ്ട്. ഇപ്പോള്‍ അത് പ്രാവര്‍ത്തികമാക്കാനായി റോയല്‍ എന്‍ഫീല്‍ഡ് ജപ്പാനില്‍ തങ്ങളുടെ പുതിയ ഉല്‍പ്പന്നം ലോഞ്ച് ചെയ്തു.

കമ്പനിയുടെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ബൈക്ക് മോഡലുകളില്‍ ഒന്നായ ബുള്ളറ്റ് 350 ആണ് ജാപ്പനീസ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് പൈതൃകം പേറുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ ആസ്ഥാനം തമിഴ്നാട്ടിലാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ മിഡ്കപാസിറ്റി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ എതിരാളികളില്ലാതെ വിലസുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. 2021-ലാണ് അവര്‍ ജപ്പാനില്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പിന്നാലെ റോയല്‍ എന്‍ഫീല്‍ഡ് ഉല്‍പ്പന്നങ്ങള്‍ ജപ്പാന്‍കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
ഈ ഒരു സാഹചര്യത്തില്‍ ജപ്പാനിലെ തങ്ങളുടെ പോര്‍ട്‌ഫോളിയോ വിപുലീകരിക്കുന്നതിനായാണ് ബുള്ളറ്റ് 350 കൊണ്ടുവന്നത്. പുത്തന്‍ മോഡലിന്റെ വരവ് വിപണിയെ കൂടുതല്‍ സവിശേഷമാക്കുമെന്ന് കരുതുന്നു. 6,94,100 യെന്‍ മുതലാണ് ജപ്പാനില്‍ ബുള്ളറ്റ് 350-യുടെ വില ആരംഭിക്കുന്നത്. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 3.82 ലക്ഷം രൂപ വരും. അതേസമയം ഇതേ ബൈക്ക് 1.73 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നത്.

എന്‍ഫീല്‍ഡിന്റെ ബെസ്റ്റ് സെല്ലറായ പുതിയ ക്ലാസിക് 350-യുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ബുള്ളറ്റ് 350-യും പണികഴിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് രണ്ട് ബൈക്ക് മോഡലുകളും ഫീച്ചറുകളുടെ കാര്യത്തില്‍ ഒരുപോലെയാണ്. ബുള്ളറ്റ് 350-യില്‍ തനത് ശൈലിയിലുള്ള ഹാന്‍ഡില്‍ബാറും സിംഗിള്‍ പീസ് സീറ്റും ബോക്‌സിയര്‍ റിയര്‍ ഫെന്‍ഡറുകളും വരുന്നു.
350 സിസി എയര്‍ കൂള്‍ഡ്, SOHC എഞ്ചിനാണ് ബുള്ളറ്റ് 350 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. പരമാവധി 20.2 bhp പവറും 27 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഡ്യുവല്‍ സ്പ്രിംഗുകളും പിന്തുണയ്ക്കുന്ന 19-18 ഇഞ്ച് സ്പോക്ക് വീല്‍ കോമ്പിനേഷന്‍ സുഖപ്രദമായ യാത്ര ഉറപ്പാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മാത്രമല്ല ബൈക്കിന്റെ ഡ്യുവല്‍ ക്രാഡില്‍ ഫ്രെയിം സ്ഥിരതയുള്ളതാണെന്നും കമ്പനി പറയുന്നുണ്ട്. ഡിസ്‌ക്-ഡ്രം ബ്രേക്ക് കോമ്പിനേഷനുമായാണ് ഈ ബൈക്ക് വരുന്നത്. ഡ്യുവല്‍ ഡിസ്‌കുകളും ഡ്യുവല്‍-ചാനല്‍ എബിഎസും ഓപ്ഷണല്‍ അപ്ഗ്രേഡായി ലഭ്യമാണ്. 195 കിലോഗ്രാം ആണ് ബൈക്കിന്റെ കെര്‍ബ് ഭാരം. 805 mm സീറ്റ് ഹൈറ്റും ഇതിനുണ്ട്.
റോയല്‍ എന്‍ഫീല്‍ഡ് അടുത്തിടെ തങ്ങളുടെ ഹിമാലയന്‍ 411 ബൈക്കിന്റെ പകരക്കാരനായി ഹിമാലയന്‍ 450 അഡ്വഞ്ചര്‍ ടൂറര്‍ മോഡല്‍ ജപ്പാനില്‍ അവതരിപ്പിച്ചിരുന്നു. എന്‍ഫീല്‍ഡിന്റെ പുതിയ ഷെര്‍പ്പ എഞ്ചിനുമായി എത്തുന്ന ആദ്യ മോഡലാണ് ഹിമാലയന്‍ 450. ഇതിലെ 452 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ 39.4 bhp പവറും 40 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതാണ്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചോടെയുള്ള 6 സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ഇത് വരുന്നത്.

ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ സ്‌ക്രീന്‍, റൈഡ്-ബൈ-വയര്‍ സാങ്കേതികവിദ്യ, ഡ്യുവല്‍-ചാനല്‍ എബിഎസ്, എല്‍ഇഡി ലൈറ്റുകള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് എന്നീ സവിശേഷ ഫീച്ചറുകളും ഹിമാലയന്‍ 450 മോഡലില്‍ എന്‍ഫീല്‍ഡ് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ വിപണിയില്‍ ഹിറ്റായ ബുള്ളറ്റ് 350, ഹിമാലയന്‍ 450 എന്നീ മോഡലുകളിലൂടെ ഉദയസൂര്യന്റെ നാട്ടില്‍ നിന്ന് മികച്ച കച്ചവടം നേടാന്‍ സാധിക്കുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രതീക്ഷ.


Click it and Unblock the Notifications








