ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ല; ബുള്ളറ്റുകൾ നിശബ്ദമാവുന്നു! സൈലന്റായ ആദ്യ റോയൽ എൻഫീൽഡ് നവംബർ 4-ന് എത്തും
മിഡിൽ വെയ്റ്റ് മോട്ടോർസൈക്കിൾ സെഗ്‌മെൻ്റിൽ വമ്പൻ ആധിപത്യം പുലർത്തുന്നുണ്ട് എങ്കിലും, റോയൽ എൻഫീൽഡ് പുതിയ ശ്രേണിയിലുള്ള ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ വികസിപ്പിക്കുന്നതിൽ വളരെ സജീവമായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ ഇവി മോഡൽ EICMA 2024 -ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റോയൽ എൻഫീൽഡ് തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളിൻ്റെ ആദ്യ ഔദ്യോഗിക ടീസർ ' സേവ് ദി ഡേറ്റ് (2024 നവംബർ 4)' എന്ന അടിക്കുറിപ്പോടെ പങ്കിട്ടിട്ടുമുണ്ട്.
ഉടനടി രംഗപ്രവേശനം ചെയ്യുന്ന തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്കായി (https://www.royalenfield.com/in/en/electric-vehicles/) സമർപ്പിച്ചിരിക്കുന്ന ഒരു പുതിയ വെബ്‌സൈറ്റ് സെക്ഷനൊപ്പം കമ്പനി ഒരു പുതിയ ഇൻസ്റ്റാഗ്രാം ഹാൻഡിൽ (@royalenfieldev) കൂടെ പുറത്തിറക്കി എന്നതും ശ്രദ്ധേയമാണ്. ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വരവിന് മുമ്പ് സമൂഹ മാധ്യമങ്ങളിൽ ഒരു ഓളം സൃഷ്ടിക്കാൻ ഇത് സഹായിക്കും.

റോയൽ എൻഫീൽഡിൽ നിന്നുള്ള ഇലക്ട്രിക് മോട്ടോർസൈക്കിൾ, ബ്രാൻഡിൻ്റെ പാരമ്പര്യത്തെയും പൈതൃകത്തേയും ആധുനിക സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് അർബൻ മൊബിലിറ്റി/ സിറ്റി റൈഡിംഗിനെ പുനർനിർവചിക്കാൻ സജ്ജമാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടീസറിൽ കാണുന്നത് പോലെ, ഈ പുതിയ സെഗ്മെന്റ് ഇലക്ട്രിക് ടു വീലറുകൾ അർബൻ മൊബിലിറ്റിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
യാതൊരു വിധ തടസ്സമില്ലാത്തതും കണക്റ്റ് ചെയ്‌തതും വളരെ ചടുലവുമായ റൈഡിംഗ് എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്നു. ഒരു നൂറ്റാണ്ടിലേറെയായി റൈഡർമാരെ വല്ലാതെ ആകർഷിച്ച ബ്രാൻഡിൻ്റെ സത്തും മേൻമയും നിലനിർത്തിക്കൊണ്ട് തന്നെ, ഇലക്ട്രിക് മൊബിലിറ്റിയുടെ ഭാവി സ്വീകരിക്കാനുള്ള റോയൽ എൻഫീൽഡിൻ്റെ തന്ത്രപരമായ നീക്കമാണ് ഈ അരങ്ങേറ്റം എന്നത് ശ്രദ്ധേയമാണ്.

ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ ഉടനടി പുറത്തിറക്കാനും വിപണി പിടിക്കാനുമുള്ള തിരക്കിലല്ല കമ്പനി. താൽപ്പര്യമുള്ളവർക്കിടയിൽ ആവശ്യത്തിനുള്ള ആവേശം ജനിപ്പിക്കാൻ കഴിയുന്ന തനതായ ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. 2025 -ൽ ഇവി മോഡലിന്റെ ലോഞ്ച് പ്രതീക്ഷിക്കാം. നിലവിലുള്ള ICE ശ്രേണി പോലെ തന്നെ, ഭാവിയിൽ തിരഞ്ഞെടുക്കാൻ നിരവധി റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്കുകൾ ഉണ്ടാകും എന്ന കാര്യത്തിൽ സംശയം ഒന്നും തന്നെ വേണ്ട .
മികച്ച റിസൾട്ടുകൾ ഉറപ്പാക്കാൻ, റോയൽ എൻഫീൽഡ് രണ്ട് വ്യത്യസ്ത ഇവി ആർക്കിടെക്ചറുകളിൽ പ്രവർത്തിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമുകളിലൊന്ന് പൂർണ്ണമായും ഇൻ-ഹൗസായിട്ടാണ് വികസിപ്പിക്കുന്നത്. സ്റ്റാർക്ക് ഫ്യൂച്ചർ എന്ന യൂറോപ്യൻ സ്റ്റാർട്ടപ്പുമായി സഹകരിച്ചാണ് രണ്ടാമത്തെ പ്ലാറ്റ്ഫോം കമ്പനി വികസിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

2022 -ൽ സ്റ്റാർക്ക് ഫ്യൂച്ചറിൽ റോയൽ എൻഫീൽഡ് തന്ത്രപ്രധാനമായ നിക്ഷേപം നടത്തിയിരുന്നു. 50 മില്യൺ യൂറോ (439 കോടി രൂപ) മൂല്യമുള്ള ഇടപാടിനൊപ്പം കമ്പനിയുടെ 10.35 ശതമാനം ഇക്വിറ്റി ഷെയറും റോയൽ എൻഫീൽഡ് വാങ്ങിയിരുന്നു. R & D, ടെക്‌നിക്കൽ ലൈസൻസിംഗ്, ടെക്‌നോളജി ഷെയറിംഗ്, മാനുഫാക്ചറിംഗ് എന്നിവയിലെ സഹകരണം ഈ കൂട്ടുകെട്ടിൽ/ പങ്കാളിത്തത്തിൽ ഉൾപ്പെടുന്നു.
ഈ പറഞ്ഞ രണ്ട് ഇവി ആർക്കിടെക്ചറുകളിലുടനീളം, ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങൾ നിലവിൽ കമ്പനിയുടെ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവയിലൊന്ന് ഇതിനകം തന്നെ പ്രോട്ടോടൈപ്പ് ഘട്ടത്തിനപ്പുറത്തേക്ക് എത്തിയിട്ടുണ്ട്. ചെലവുകളും സപ്ലൈ ചെയിനും നിയന്ത്രിക്കുന്നതിന്, റോയൽ എൻഫീൽഡ് കഴിയുന്നത്ര ഘടകങ്ങൾ പ്രാദേശികമായി ലഭ്യമാക്കും. 11-12 പ്രധാന ഇവി വെണ്ടർമാരുമായി കമ്പനി ഇതിനകം തന്നെ സപ്ലൈ കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്.
ഈ പങ്കാളിത്തങ്ങൾ ബാറ്ററി പായ്ക്കുകൾക്ക് അപ്പുറമാണ് എന്നത് ശ്രദ്ധിക്കണം. ഇത്തരം ഭാഗങ്ങൾ പ്രാദേശികമായി ലഭ്യമല്ലാത്തിടത്ത് മാത്രമേ ഇറക്കുമതി ഒരു ഓപ്ഷനായിരിക്കൂ. സപ്ലൈ രംഗത്ത്, റോയൽ എൻഫീൽഡ് വിവിധ ഓപ്ഷനുകളെക്കുറിച്ച് ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കമ്പനി തങ്ങളുടെ ഇവികൾക്കായി രാജ്യത്തുടനീളം പൂർണ്ണമായും പുതിയ ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനും സാധ്യതയുണ്ട്. റോയൽ എൻഫീൽഡും തങ്ങളുടെ ഇവി ബിസിനസിനെ ശക്തിപ്പെടുത്താൻ ശക്തമായ ഒരു ടീമിനേയും സജ്ജമാക്കുന്നുണ്ട്.


Click it and Unblock the Notifications








