ആക്ടിവയുടെ എതിരാളിക്ക് മാറ്റങ്ങളുമായി സുസുക്കി! ഉത്സവ സീസണ്‍ കളറാകും
ഇന്ത്യയില്‍ ഉത്സവ സീസണ്‍ ഇങ്ങെത്താന്‍ പോകുകയാണ്. വാഹന നിര്‍മാതാക്കള്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന പ്രതീക്ഷിക്കുന്ന കാലമാണ് അത്. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ നീണ്ടുനില്‍ക്കുന്ന ഉത്സവകാലം മനസ്സില്‍ കണ്ട് വണ്ടിക്കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്ന നിര ഒരുക്കി നിര്‍ത്തുന്ന പതിവുണ്ട്. പുത്തന്‍ വാഹനങ്ങള്‍ പുറത്തിറക്കുന്നതിനൊപ്പം നിലവിലുള്ള മോഡല്‍ നിര പരിഷ്‌കരിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ പ്രമുഖ ടൂവീലര്‍ നിര്‍മാതാക്കളാണ് സുസുക്കി. ഇരുചക്രവാഹന പ്രേമികളെ ആകര്‍ഷിക്കുന്നതിനായി കമ്പനി ഇപ്പോള്‍ തങ്ങളുടെ രണ്ട് സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചു. സുസുക്കി ആക്‌സസ് 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് എന്നിവയ്ക്കാണ് പുതിയ നിറങ്ങള്‍ ലഭിച്ചത്.
വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായാണ് പുത്തന്‍ അപ്‌ഡേറ്റ്. ആക്‌സസ് 125, ബര്‍ഗ്മാന്‍ സ്ട്രീറ്റ് എന്നിവ സുസുക്കിക്ക് ഓരോ മാസവും മികച്ച വില്‍പ്പന സമ്മാനിക്കുന്ന രണ്ട് മോഡലുകള്‍ മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 10 സ്‌കൂട്ടറുകളുടെ പട്ടികയിലെ അംഗങ്ങള്‍ കൂടിയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പുതിയ വാഹനം വീട്ടിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന ഉത്സവകാലത്ത് അവരെ ആകര്‍ഷിക്കാനായാണ് ഈ രണ്ട് മോഡലുകള്‍ക്കും പുത്തന്‍ നിറങ്ങള്‍ സമ്മാനിച്ചത്.

പുതിയ നിറങ്ങളിലുള്ള സ്‌കൂട്ടറുകള്‍ ഇന്ത്യയിലുടനീളമുള്ള സുസുക്കി ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാകും. സുസുക്കിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായ ആക്‌സസ് 125 ഇപ്പോള്‍ പുതിയ മെറ്റാലിക് സോനോമ റെഡ്/പേള്‍ മിറേജ് വൈറ്റ് ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീമില്‍ വാങ്ങാം 90,500 രൂപയാണ് സുസുക്കി ആക്‌സസ് 125 മോഡലിന്റെ എക്‌സ്‌ഷോറൂം വില.
മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പര്‍ 2 ആണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ കളര്‍പാലറ്റില്‍ ചേര്‍ത്തിരിക്കുന്ന പുതിയ നിറം. 98,299 രൂപയാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ എക്സ്‌ഷോറൂം വില. ഇരു സ്‌കൂട്ടറുകളുടെയും പഴയ കളര്‍ ഓപ്ഷനുകളുടെ കൂടെ ഇനി മുതല്‍ ഈ നിറങ്ങളും ലഭ്യമാകും. വ്യത്യസ്ത ബോഡി സ്‌റ്റൈലിലാണ് വരുന്നതെങ്കിലും ബര്‍ഗ്മാന്‍ സ്ട്രീറ്റും ആക്സസ് 125 ഉം ഒരേ പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കൂടാതെ, 124 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്‌കൂട്ടറുകള്‍ക്ക് തുടിപ്പേകുന്നത്. 6,500 ആര്‍പിഎമ്മില്‍ 8.58 bhp പവറും 5,500 ആര്‍പിഎമ്മില്‍ 10 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിന്‍ ഒരു സിവിടി ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. സുഗമമായ പവര്‍ ഡെലിവറിക്കും ഉയര്‍ന്ന ഇന്ധനക്ഷമതയ്ക്കും വേണ്ടിയുള്ള സുസുക്കി ഇക്കോ പെര്‍ഫോമന്‍സ് സാങ്കേതികവിദ്യ ഈ സ്‌കൂട്ടറിലുണ്ട്.
പ്രീമിയം ഫീച്ചറുകള്‍ പായ്ക്ക് ചെയ്തിരിക്കുന്ന സ്‌കൂട്ടറുകളാണ് രണ്ടും. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ കണ്‍സോള്‍ ഈ സ്‌കൂട്ടറുകളില്‍ സജ്ജീകരിച്ചിരിക്കുന്നു. സുസുക്കി റൈഡ് കണക്ട് ഫീച്ചര്‍ ഒരു പ്രത്യേക ഫീച്ചറായി നല്‍കിയിരിക്കുന്നു. ഈ ഫീച്ചര്‍ വഴി നിങ്ങള്‍ക്ക് ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, മൊബൈല്‍ ഫോണ്‍ കോളുകള്‍, എസ്എംഎസ്, വാട്ട്സ്ആപ്പ് അലര്‍ട്ടുകള്‍ എന്നിവ ലഭിക്കും.
ഈ സ്‌കൂട്ടറുകളില്‍ എല്‍ഇഡി ഹെഡ്‌ലാമ്പ് ടെയില്‍ ലാമ്പ് യൂണിറ്റുകള്‍, എക്‌സ്‌റ്റേണല്‍ ഫ്യുവല്‍ ലിഡ്, വലിയ സ്‌റ്റോറേജ് സ്‌പെയ്‌സ്, ആന്റി തെഫ്റ്റ് ലോക്കിംഗ്, യുഎസ്ബി സെല്‍ ഫോണ്‍ ചാര്‍ജിംഗ് പോര്‍ട്ട് എന്നീ സൗകര്യങ്ങളും ആക്‌സസില്‍ സജ്ജീകരിച്ചിരിക്കുന്നു. ഫേ്‌ലാര്‍ബോര്‍ഡ് വലുതായിരിക്കുമ്പോള്‍ കൂടുതല്‍ സുഖപ്രദമായ ഒരു വലിയ സ്‌റ്റെപ്പ് അപ്പ് ശൈലിയിലുള്ള സീറ്റുകളാണ് ബര്‍ഗ്മാന് ലഭിക്കുന്നത്.
ആക്‌സസിന് മുന്നില്‍ 12 ഇഞ്ചും പിന്നില്‍ 10 ഇഞ്ചിന്റെയും വീലുകളാണ് ലഭിക്കുന്നത്. അതേസമയം ബര്‍ഗ്മാന്റെ രണ്ടറ്റത്തും 12 ഇഞ്ച് വീലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ കണ്‍സോള്‍, കോമ്പി ബ്രേക്കുകള്‍, ഫ്രണ്ട് ഗ്ലൗ ബോക്‌സ്, എന്നിവയും ബര്‍ഗ്മാന്‍ സ്ട്രീറ്റിന് ലഭിക്കുന്നു. 21.5 ലിറ്ററാണ് ഈ മോഡലിന്റെ സ്‌റ്റോറേജ് സ്‌പെയ്‌സ്.
ഇന്ത്യയില്‍ 125 സിസി സ്‌കൂട്ടര്‍ വിഭാഗത്തിലെ മുന്‍നിരക്കാരനാണ് സുസുക്കി ആക്‌സസ്. പുതിയ അപ്‌ഡേറ്റ് ഈ മോഡലിനെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രസക്തമാക്കും. മാക്‌സി സ്‌കൂട്ടര്‍ സ്‌റ്റൈലില്‍ വരുന്ന ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഓള്‍ ബ്ലാക്ക് പെയിന്റ് സ്‌കീമില്‍ കൂടുതല്‍ സ്‌പോര്‍ട്ടിയായി കാണപ്പെടുന്നു. ഇത് ഉത്സവകാലത്ത് കൂടുതല്‍ ആളുകളെ കൂടുതല്‍ ഷോറൂമിലേക്ക് ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








