25 തികഞ്ഞ 'ധൂം' ബൈക്കിന്റെ സ്‌പെഷ്യല്‍ എഡിഷനുമായി സുസുക്കി! വാങ്ങാന്‍ എസ്‌യുവിയുടെ വിലയാകും
ചില സിനിമകളിലൂടെ പ്രശസ്തമായ ഒത്തിരി വാഹനങ്ങള്‍ ഉണ്ട്. സിനിമ വാഹനങ്ങളുമായ ബന്ധപ്പെട്ട കഥ പറയണമെന്നില്ല അതിലെ ഒരു വാഹനം ശ്രദ്ധിക്കപ്പെടാന്‍. അടുത്തിടെ മലയാളത്തില്‍ പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റായ കണ്ണൂര്‍ സ്‌ക്വാഡ് എന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തിലെ ഒരു കഥാപാത്രമായാണ് അതിലെ പൊലീസ് വാഹനമായി ഉപയോഗിച്ച ടാറ്റ സുമോ കണക്കാക്കപ്പെടുന്നത്.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒറ്റ സിനിമയിലൂടെ ഇന്ത്യയില്‍ മൊത്തം തരംഗമായി മാറിയ ഒരു സൂപ്പര്‍ ബൈക്കുണ്ട്. ചിലര്‍ക്കെങ്കിലും ഞാന്‍ പറഞ്ഞ് വരുന്നത് ഏത് മോഡലിനെ കുറിച്ചാണെന്ന് പിടികിട്ടിക്കാണും. അതെ സുസുക്കി ഹയാബൂസ. ഹയാബുസക്ക് ഇന്ത്യയില്‍ ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല. 2004-ല്‍ ബോക്‌സ്ഓഫീസ് ഇളക്കി മറിച്ച ബോളിവുഡ് ചിത്രമായിരുന്നു 'ധൂം'. ഈ സിനിമയില്‍ നായകനായ അഭിഷേക് ബച്ചനേക്കാള്‍ കൈയ്യടി നേടിയത് വില്ലന്‍ വേഷം ചെയ്ത ജോണ്‍ എബ്രഹാമാണ്.

ചിത്രത്തില്‍ കവര്‍ച്ചക്കാരന്റെ വേഷം ചെയ്ത ജോണ്‍ എബ്രഹാം ഉപയോഗിക്കുന്ന ബൈക്കായിരുന്നു ഹയാബൂസ. ഈ ചിത്രം പോലെ തന്നെ ജോണ്‍ ചീറിപ്പാഞ്ഞ ഹയാബൂസ ബൈക്കും ഇന്ത്യക്കാരുടെ മനസ്സിലേക്ക് പാഞ്ഞുകയറി. ഹയാബൂസ സ്വന്തമാക്കാന്‍ കുറച്ചധികം പണം മുടക്കേണ്ടതായുണ്ടെങ്കിലും യൂത്തന്‍മാരുടെ ഡ്രീം ബൈക്കുകളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. പുതുതലമുറയുടെ പോലും ഒരു ഐക്കണാണ് ഈ മോട്ടോര്‍സൈക്കിള്‍.
സുസുക്കിയുടെ ഹെതിഹാസിക മോഡല്‍ വിപണിയിലെത്തിയിട്ട് 25 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കമ്പനി 25-ാം ആനിവേഴ്‌സറി എഡിഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ആഗോള അരങ്ങേറ്റം കഴിഞ്ഞ് ഒമ്പത് മാസത്തിന് ശേഷം ഈ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. ഈ പ്രത്യേക പതിപ്പിന് 17.70 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

1998 ല്‍ ജര്‍മ്മനിയിലെ ഇന്റര്‍മോട്ട് ഷോയില്‍ വെച്ചാണ് ഈ ബൈക്ക് ആദ്യമായി അവതരിപ്പിച്ചത്. ഈ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിലൂടെ ഹയാബൂസയുടെ പാരമ്പര്യത്തിന് ആദരമര്‍പ്പിക്കുകയാണ് ജാപ്പനീസ് നിര്‍മാതാക്കള്‍. സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ 80,000 രൂപ അധികം മുടക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് ഈ സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ സ്വന്തമാക്കാം. 16.90 ലക്ഷം രൂപയാണ് ഹയാബൂസ സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ എക്‌സ്‌ഷോറൂം വില.
ആനിവേഴ്‌സറി എഡിഷനില്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിനെ അപേക്ഷിച്ച് ചില്ലറ കോസ്‌മെറ്റിക് അപ്ഗ്രേഡുകളും സുസുക്കി നല്‍കിയിട്ടുണ്ട്. ഓറഞ്ച്, ബ്ലാക്ക് ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമിലാണ് സ്പെഷ്യല്‍ എഡിഷന്‍ മോട്ടോര്‍സൈക്കിള്‍ വരുന്നത്. സുസുക്കി ഹയാബൂസയുടെ 25-ാം ആനിവേഴ്‌സറി സെലിബ്രേഷന്‍ പതിപ്പില്‍ ആനോഡൈസ്ഡ് ഗോള്‍ഡന്‍ ഡ്രൈവ് ചെയിനും ഫ്രണ്ട് ഇന്നര്‍ ഡിസ്‌ക് റോട്ടറുകളും അവതരിപ്പിക്കുന്നു. 25-ാം വാര്‍ഷിക ലോഗോ മഫ്‌ലറില്‍ കൊത്തിവെച്ചിട്ടുണ്ട്.

ഫ്യുവല്‍ ടാങ്കില്‍ പുതിയ 3D സുസുക്കി എംബ്ലവും കാണാം. ഈ സെലിബ്രേറ്ററി പതിപ്പില്‍ സിംഗിള്‍-സീറ്റ് ടെയില്‍ കൗള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. അതേസമയം, സ്പെഷ്യല്‍ എഡിഷന്‍ മോഡലിന് മെക്കാനിക്കല്‍ അപ്ഡേറ്റുകളൊന്നും ലഭിക്കുന്നില്ല. 9,700 rpmല്‍ 190 bhp പവറും 7,000 rpm-ല്‍ 142 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്ത അതേ 1,340 സിസി ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് ഡിഒഎച്ച്സി എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം.
എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. സുസുക്കി ഇന്റലിജന്റ് റൈഡ് സിസ്റ്റം (S.I.R.S.) സജ്ജീകരിച്ചിട്ടാണ് ഹയാബൂസ വരുന്നത്. ഇതില്‍ ഒരു ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റവും ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററും ഉള്‍പ്പെടുന്നു. 2016ല്‍ സുസുക്കി ഇന്ത്യയില്‍ ഹയബൂസയുടെ പ്രാദേശിക അസംബ്ലി ആരംഭിച്ചിരുന്നു. വമ്പന്‍ ഡിമാന്‍ഡ് കണക്കിലെടുത്ത് രണ്ടാം തലമുറ മോഡല്‍ ഇപ്പോഴും ഉല്‍പ്പാദനത്തില്‍ തുടരുന്ന അവസാന വിപണികളിലൊന്നാണ് ഇന്ത്യ.
ഇന്ത്യയില്‍ സുസുക്കിയുടെ മുന്‍നിര ഓഫറായ ഹയബൂസക്ക് നിലവില്‍ നേരിട്ടുള്ള എതിരാളികളില്ല. എങ്കിലും ഈ വില നിലവാരത്തില്‍ കവസാക്കി നിഞ്ച ZX-10R എതിരാളിയായി കണക്കാക്കപ്പെടുന്നു. ഒരു എസ്‌യുവിയുടെ വില വരുന്ന ഈ ഒരു ബൈക്ക് സ്വന്തമാക്കാന്‍ താല്‍പര്യപ്പെടുന്ന നിങ്ങളുടെ സുഹൃത്തുമായി ഈ വിവരം പങ്കുവെക്കുമെല്ലോ.


Click it and Unblock the Notifications








