4 ലക്ഷം ടു-വീലറുകൾ തിരിച്ചുവിളിച്ച് സുസുക്കി! എഞ്ചിന്‍ പണി വരെ വന്നേക്കാം, നിസാരമായി കാണല്ലേ..
ഒരു വാഹനം നിര്‍മിക്കാന്‍ വേണ്ടി ഘടകങ്ങളും ഭാഗങ്ങളും വിവിധ വിതരണക്കാരില്‍ നിന്നാണ് ബ്രാന്‍ഡുകള്‍ വാങ്ങുന്നത്. ചിലപ്പോള്‍ ഈ ഭാഗങ്ങള്‍ തകരാറിലായി പിന്നീട് ശ്രദ്ധയില്‍ പെട്ടേക്കാം. ഇത്തരം സാഹചര്യത്തില്‍ നിശ്ചിത കാലയളവില്‍ വിറ്റ വാഹനങ്ങള്‍ തിരിച്ചുവിളിക്കുകയാണ് പോംവഴി. ഇപ്പോള്‍ ഇന്ത്യയില്‍ വിറ്റ ചില ഇരുചക്ര വാഹന മോഡലുകള്‍ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്. നിര്‍മ്മാണത്തിനിടെയുണ്ടായ തകരാര്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 4 ലക്ഷം യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് സുസുക്കി തിരിച്ചുവിളിക്കുന്നത്. ഏതൊക്കെ മോഡലുകളാണ് സുസുക്കി തിരിച്ചുവിളിച്ചതെന്നും എന്താണ് പ്രശ്‌നമെന്നും നമുക്ക് ചുവടെ വിശദമായി വായിക്കാം.
സുസുക്കിയുടെ 125 സിസി സെഗ്മെന്റില്‍ വില്‍പ്പനയ്ക്ക് ലഭ്യമായ സ്‌കൂട്ടറുകളെയാണ് പ്രധാനമായും ഈ തിരിച്ചുവിളി ബാധകമായത്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ആക്സസ് 125, ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125, അവെനിസ് 125 എന്നീ മോഡലുകളാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. കൂടാതെ, ഈ വാഹന മോഡലുകളുടെ നിര്‍മ്മാണ തീയതി സംബന്ധിച്ച വിശദാംശങ്ങളും സുസുക്കി പ്രസിദ്ധീകരിച്ചു.

2022 ഏപ്രില്‍ 30-നും 2022 ഡിസംബര്‍ മൂന്നിനും ഇടയില്‍ നിര്‍മ്മിച്ച 125 സിസി സ്‌കൂട്ടര്‍ മോഡലുകളെ മാത്രമേ തകരാര്‍ ബാധിക്കുകയുള്ളൂ. ആക്സസിന്റെ മൊത്തം 2,63,788 യൂണിറ്റുകളും ബര്‍ഗ്മാന്‍ 125-ന്റെ 72,025 യൂണിറ്റുകളും അവെനിസിന്റെ 52,578 യൂണിറ്റുകളുമാണ് ഈ പ്രശ്നത്തെ തുടര്‍ന്ന് തിരിച്ചുവിളിക്കുന്നത്. ഇഗ്‌നിഷന്‍ കോയിലില്‍ സ്ഥാപിച്ചിരിക്കുന്ന ഹൈ ടെന്‍ഷന്‍ കോര്‍ഡാണ് പ്രശ്നത്തിന് കാരണമെന്ന് കമ്പനി വെളിപ്പെടുത്തി.
ഈ തകരാര്‍ കാരണം എഞ്ചിന്‍ സ്തംഭിച്ചേക്കാമെന്നും സ്റ്റാര്‍ട്ടിംഗ് പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും പറയപ്പെടുന്നു. വാഹനത്തിന് കൂടുതല്‍ തകരാറുകള്‍ വരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് വാഹനങ്ങള്‍ സുസുക്കി തിരിച്ചുവിളിച്ചിരിക്കുന്നത്. നിശ്ചിത കാലയളവിനുള്ളില്‍ നിര്‍മിച്ച വാഹനങ്ങള്‍ വാങ്ങിയ ഉടമകളെ കമ്പനി അധികൃതര്‍ ഫോണില്‍ വിളിച്ച് ഈ വിവരം വിളിച്ചറിയിക്കുന്നുണ്ട്. നിങ്ങളുടെ വാഹനത്തിന് പ്രശ്‌നം ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ അടുത്തുള്ള സര്‍വീസ് സെന്ററുമായി ബന്ധപ്പെടാമെന്നും സുസുക്കി അറിയിച്ചു.

തകരാറുള്ള ഭാഗം കമ്പനി സൗജന്യമായി മാറ്റിനല്‍കും. ഇതോടൊപ്പം ആഗോള തലത്തില്‍ സുസുക്കി 2023 മെയ് അഞ്ച് മുതല്‍ 2024 ഏപ്രില്‍ 23 വരെ വിറ്റ V-സ്‌ട്രോം 800DE തിരിച്ചുവിളിച്ചിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ 10.30 ലക്ഷം രൂപ വിലയില്‍ അഡ്വഞ്ചര്‍ ബൈക്ക് കമ്പനി ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു. രാജ്യത്ത് സുസുക്കി V-സ്‌ട്രോം 800DE അഡ്വഞ്ചറിന്റെ 67 യൂണിറ്റുകള്‍ തകരാറിലായതായാണ് റിപ്പോര്‍ട്ട്.
ഈ ബൈക്കുകളിലെ പ്രത്യേക ബാച്ച് റിയര്‍ ടയറുകള്‍ക്കാണ് പ്രശ്‌നം. നിര്‍മ്മാണ പ്രക്രിയയിലെ പ്രശ്‌നങ്ങള്‍ കാരണം, ടയര്‍ ട്രെഡില്‍ വിള്ളലുകളും രൂപമാറ്റങ്ങളും കണ്ടു. മൊത്തം വെഹിക്കിള്‍ ഡൈനാമിക്‌സിനെ ഇത് ബാധിക്കുന്നതിനാല്‍ റിയര്‍ ടയറുകള്‍ മാറ്റി നല്‍കാനാണ് തിരിച്ചുവിളി. സുസുക്കിയുടെ ഈ റീ-കോളിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് നിങ്ങള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

നിങ്ങളുടെ വാഹനത്തെ പ്രശ്‌നം ബാധിച്ചിട്ടുണ്ടെങ്കില്‍ എന്തൊക്കെ നടപടി സ്വീകരിക്കണമെന്ന് അറിയാന്‍ കഴിയും. വാഹനത്തിനെ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന തകരാറാണ് എന്നതിനാല്‍ ഇത് ഒരിക്കലും നിസാരമായി കാണരുത് എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ഈ ഉത്സവകാലത്ത് വില്‍പ്പന ഇരട്ടിയാക്കാനായി സുസുക്കി അടുത്തിടെ ആക്സസ് 125, ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125, അവെനിസ് 125 എന്നിവയ്ക്കായി പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചു.
ആക്‌സസിന് മെറ്റാലിക് സോനോമ റെഡ്, പേള്‍ മിറാഷ് വൈറ്റ് കളര്‍ ഓപ്ഷനുകളും ബര്‍ക്മാന്‍ സ്ട്രീറ്റ് സ്‌കൂട്ടറിനായി പുതിയ മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പര്‍ 2 കളര്‍ ഓപ്ഷനുമാണ് ലഭിച്ചത്. പേള്‍ മിറ റെഡ്, ചാമ്പ്യന്‍ യെല്ലോ നമ്പര്‍2, ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക്, പേള്‍ ഗ്ലേസിയര്‍ വൈറ്റ് എന്നിവയാണ് അവെനിസിന് ലഭിച്ച നിറങ്ങള്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








