ഇപ്പോൾ വാങ്ങിയില്ലെങ്കിൽ നഷ്ടം! ഈ ബൈക്കുകൾക്ക് ക്യാഷ് ഡിസ്‌കൗണ്ട് കിട്ടുന്നത് കുറവാണ്
ലോകപ്രശസ്ത മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളാണ് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ്. ഇന്ത്യയില്‍ ബജാജ് ഓട്ടോയുടെ കീഴിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഡെറാഡൂണില്‍ ഷോറൂം ആരംഭിച്ച് ബജാജ് ട്രയംഫ് ഡീലര്‍ഷിപ്പുകളുടെ എണ്ണം 100 ആക്കി ഉയര്‍ത്തിയിരുന്നു. വെറും 15 ഡീലര്‍ഷിപ്പുകള്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ബജാജ് എണ്ണം മൂന്നക്കം കടത്തിയത്. സര്‍വീസിനെ കുറിച്ചുള്ള ഉപഭോക്താക്കളുടെ ആശങ്ക പരിഹരിക്കാനാണ് വിതരണ-സര്‍വീസ് ശൃംഖല ഇത്ര വേഗത്തില്‍ കമ്പനി വിപുലീകരിക്കുന്നത്. അതിനൊപ്പം തന്നെ ട്രയംഫ് ഇപ്പോള്‍ ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400X എന്നീ ബൈക്കുകളുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഓഫര്‍ ഒരു മാസത്തേക്ക് കൂടി നീട്ടി.
മുമ്പ് ട്രയംഫ് എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ വില കൂടിയ ഹൈ-എന്‍ഡ് ബൈക്കുകളാണ് മനസ്സിലേക്ക് വരിക. എന്നാല്‍ ബജാജുമായി അവര്‍ കൈകോര്‍ത്തതോടെ കഥ മാറി. തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2023 ജൂണ്‍ 27-നാണ് ബ്രിട്ടനിലെ ലണ്ടനില്‍ വെച്ച് ട്രയംഫും ബജാജും ചേര്‍ന്ന് ഇരുചക്ര വാഹന പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന 400 സിസി മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിച്ചത്. ഒട്ടും വൈകാതെ ജൂലൈയില്‍ മോഡലുകള്‍ ഇന്ത്യയിലും എത്തി.

പ്രതീക്ഷിച്ചതുപോലെ മികച്ച പ്രതികരണമാണ് മോഡലുകള്‍ക്ക് ലഭിച്ചത്. 10 ദിവസം കൊണ്ട് ബൈക്കുകള്‍ക്ക് 10000 ബുക്കിംഗുകള്‍ ലഭിച്ചു. ട്രയംഫിന്റെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ബൈക്കുകളായിയുന്നു സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400X എന്നിവ. ജൂലൈയില്‍ ഈ ബൈക്കുകള്‍ പുറത്തിറക്കിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനായി ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400X ബൈക്കുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ബൈക്കിന്റെ എക്സ്‌ഷോറൂം വിലയില്‍ 10,000 രൂപ കിഴിവ് ലഭിക്കുമെന്നതായിരുന്നു ഓഫര്‍.
ജൂലൈ ഒന്നിന് പ്രഖ്യാപിച്ച ഈ ഓഫറിന് ജൂലൈ 31 വരെ മാത്രമേ സാധുതയുണ്ടാകുള്ളൂ എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ക്യാഷ് ഡിസ്‌കൗണ്ട് ഓഫര്‍ ഓഗസ്റ്റിലും തുടരുമെന്ന് അറിയിച്ചിരിക്കുകയാണ് ബജാജ് ഓട്ടോ. ഇത് അനുസരിച്ച് ഓഗസ്റ്റ് 31 വരെ മുകളില്‍ സൂചിപ്പിച്ച ട്രയംഫ് ബൈക്കുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഇന്ത്യയിലെ 75 നഗരങ്ങളിലായുള്ള ട്രയംഫ് ഡീലര്‍ഷിപ്പുകളില്‍ നിന്ന് നിങ്ങള്‍ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടുത്താം.

പൂനെയിലെ ബജാജിന്റെ ചക്കന്‍ പ്ലാന്റിലാണ് ട്രയംഫിന്റെ 400 സിസി ഇരട്ടകള്‍ നിര്‍മിക്കുന്നത്. ഇവിടെ നിര്‍മിക്കുന്ന ഈ ട്രയംഫ് 400 സിസി ബൈക്കുകള്‍ 50-ലധികം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആഗോളതലത്തില്‍ 50,000 മെയ്ഡ്-ഇന്‍-ഇന്ത്യ സ്പീഡ് 400, സ്‌ക്രാമ്പ്‌ളര്‍ 400X ബൈക്കുകള്‍ വിറ്റഴിച്ചതായി ട്രയംഫ് അടുത്തിടെ അറിയിച്ചിരുന്നു.
നിലവില്‍ 2.24 ലക്ഷം രൂപ മുതലാണ് ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. സ്‌ക്രാമ്പ്‌ളര്‍ 400X ന്റെ വില 2.54 ലക്ഷം രൂപയിലും ആരംഭിക്കുന്നു. വിലയിലും ഉപയോഗത്തിലും മാറ്റമുണ്ടെങ്കിലും സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400X എന്നീ മോട്ടോര്‍സൈക്കിളുകള്‍ക്ക് ഒരേ 398.15 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് തുടിപ്പേകുന്നത്.

പരമാവധി 39.5 bhp പവറും 37.5 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ഫുള്‍-എല്‍ഇഡി ലൈറ്റുകള്‍, സെമി-ഡിജിറ്റല്‍ കണ്‍സോള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയാണ് ഈ ട്രയംഫ് ബൈക്കുകളുടെ പ്രധാന ഹൈലൈറ്റുകളില്‍ ചിലത്. സ്‌ക്രാംബ്ലര്‍ 400X മോഡല്‍ റിയര്‍ വീലില്‍ സ്വിച്ചുചെയ്യാവുന്ന എബിഎസുമായി വരുന്നു. ഈ രണ്ട് ബൈക്കുകളും വീല്‍ വലുപ്പത്തിലും സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിലും വ്യത്യസ്തമാണ്.
ഏറ്റവും വില കുറഞ്ഞ ട്രയംഫ് ബൈക്കുകളാണെങ്കിലും അവ നിരത്തിലെത്തിക്കാന്‍ പണം ഇനിയും മുടക്കണം. ഇക്കഴിഞ്ഞ മാസമാണ് 400 സിസി ട്വിന്‍സിന് പുതിയ എതിരാളിയായി റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 എത്തിയത്. സെഗ്‌മെന്റില്‍ മത്സരം കടുത്തതോടെയാണ് ട്രയംഫ് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ഒരു മാസത്തേക്ക് കൂടി നീട്ടിയത്. ജൂലൈയില്‍ ഈ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കാത്തവര്‍ ഉടന്‍ തന്നെ അടുത്തുള്ള ട്രയംഫ് ഡീലര്‍ഷിപ്പിലേക്ക് വിട്ടോളൂ.


Click it and Unblock the Notifications








