ബൈക്കുകള്‍ക്ക് വില കൂട്ടി എന്‍ഫീല്‍ഡ് എതിരാളികള്‍; പേടിക്കണ്ട, ഒരു ഷര്‍ട്ട് വാങ്ങുന്ന പൈസയേ കൂടിയിട്ടുള്ളൂ...
മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ കുത്തക പൊളിക്കാന്‍ വിദേശ കമ്പനികള്‍ ഇന്ത്യന്‍ കമ്പനികളുമായി കൂട്ടുകൂടിയിരുന്നു. അത്തരത്തില്‍ ബജാജിനെയാണ് ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ് കൂട്ടുപിടിച്ചത്. കഴിഞ്ഞ വര്‍ഷം താങ്ങാവുന്ന വിലയില്‍ രണ്ട് പുത്തന്‍ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കി ട്രയംഫ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ വലിയ ഓളങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ജൂലൈ ആദ്യവാരമായിരുന്നു ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400X എന്ന് മോഡലുകള്‍ അവതരിപ്പിച്ചത്. ഏവരെയും ഞെട്ടിക്കുന്ന വിലനിര്‍ണയം നടത്തി ട്രയംഫ് ഉപഭോക്താക്കളെയും എതിരാളികളെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. എന്നാല്‍ പുറത്തിറങ്ങി ഒമ്പത് മാസത്തിന് ശേഷം സ്പീഡ് 400 റോഡ്‌സ്റ്ററിന്റെയും അതിന്റെ ഓഫ്‌റോഡ് പതിപ്പായ സ്‌ക്രാംബ്ലര്‍ 400X-ന്റെയും വില വര്‍ധിപ്പിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ബ്രാന്‍ഡ്.

1500 രൂപയാണ് രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും ഇനി അധികമായി മുടക്കേണ്ടത്. സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 X എന്നിവയുടെ പുതുക്കിയ വില യഥാക്രമം 2,34,497 രൂപയും 2,64,496 രൂപയുമാണ്. ഇവ എക്‌സ്‌ഷോറൂം വിലകളാണ്. വില വര്‍ധനവിനുള്ള കാരണം ബജാജോ ട്രയംഫോ വെളിപ്പെടുത്തിയിട്ടില്ല. പണപ്പെരുപ്പവും വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും കാരണം മിക്ക കമ്പനികളും പുതിയ സാമ്പത്തിക വര്‍ഷം പിറന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു.
ചിലപ്പോള്‍ ഇത് തന്നെയാകാം ട്രയംഫ് മോഡലുകളുടെ വില ഉയര്‍ത്താനും കാരണമായത്.
തുടക്കത്തില്‍ പറഞ്ഞപോലെ സ്പീഡ് 400 പുറത്തിറക്കിയപ്പോള്‍ അക്രമണാത്മകമായ വിലനിര്‍ണയ രീതിയാണ് ട്രയംഫ് പിന്തുടര്‍ന്നത്. കഴിഞ്ഞ വര്‍ഷം 2.33 ലക്ഷം രൂപയ്ക്ക് ട്രയംഫ് സ്പീഡ് 400 പുറത്തിറക്കിയപ്പോള്‍ ശരിക്കും ഇന്‍ഡസ്ട്രി കുലുങ്ങിയെന്ന് വേണമെങ്കില്‍ പറയാം. ഞെട്ടിക്കുന്ന വിലയിലെത്തിയ വണ്ടിയുടെ ലോഞ്ചിനൊപ്പം വേറെയും സര്‍പ്രൈസ് ട്രയംഫ് കാത്തുവെച്ചിരുന്നു.

ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് പ്രാരംഭ വിലയായ 2.23 ലക്ഷം രൂപക്ക് വണ്ടി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ബൈക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ താല്‍പര്യപ്പെട്ട് നില്‍ക്കുന്ന മോട്ടോര്‍സൈക്കിള്‍ പ്രേമികളെ കൊതിപ്പിക്കുന്ന ഓഫര്‍ ആയിരുന്നു അത്.
സ്പീഡ് 400 മോട്ടോര്‍സൈക്കിളിന്റെ വില പ്രഖ്യാപനം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷമായിരുന്നു സ്‌ക്രാംബ്ലര്‍ 400 X-ന്റെ ലോഞ്ച്. 2,62,996 രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു ട്രയംഫ് സ്‌ക്രാംബ്ലര്‍ 400 X പുറത്തിറക്കിയത്.
സ്‌ക്രാംബ്ലറിന്റെ കാര്യത്തില്‍ ഞെട്ടിക്കുന്ന വില നിര്‍ണയം നടത്തിയില്ലെങ്കിലും കെടിഎം, റോയല്‍ എന്‍ഫീല്‍ഡ് എന്നീ ബ്രാന്‍ഡുകളില്‍ നിന്നുള്ള മോഡലുകളേക്കാള്‍ വില കുറച്ചാണ് ട്രയംഫ് ഇത് വിപണനം ചെയ്യുന്നത്. ഇപ്പോള്‍ നാമമാത്രമായ വില വര്‍ധനവ് മാത്രമാണ് ലഭിച്ചതെങ്കിലും ഈ വാഹനങ്ങള്‍ ഇപ്പോഴും കോംപറ്റീറ്റീവ് വിലയില്‍ തന്നെയാണ് ലഭ്യമാകുന്നതെന്നത് പ്രത്യേകം ശ്രദ്ധിക്കുക.

മെക്കാനിക്കലായി ഈ രണ്ട് മോട്ടോര്‍സൈക്കിളുകളും സമന്‍മാരാണ്. 398 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഈ ട്രയംഫ് മോട്ടോര്‍സൈക്കിളുകള്‍ക്ക് കരുത്ത് പകരുന്നത്. 39.5 bhp പവറും 37.5 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. സ്ലിപ്പര്‍ ആന്‍ഡ് അസിസ്റ്റ് ക്ലച്ചോടുകൂടിയ 6 സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.
ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയാണ് ബൈക്കിന്റെ പ്രധാന സവിശേഷതകള്‍. സ്‌ക്രാംബ്ലര്‍ 400 X മോട്ടോര്‍സൈക്കിളിലേക്ക് വന്നാല്‍ ഇതിന് ഉയരം കൂടിയ സസ്പെന്‍ഷന്‍ യൂണിറ്റുകളും 19 ഇഞ്ച് ഫ്രണ്ട് വീലുമുണ്ട്. സീറ്റ് ഉയരം 835 മില്ലീമീറ്ററായി ഉയര്‍ന്നു. 195 മില്ലീമീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്.
നീക്കം ചെയ്യാവുന്ന റബ്ബര്‍ ഇന്‍സെര്‍ട്ടുകള്‍, സംപ് ഗാര്‍ഡുകള്‍, ഹെഡ്ലൈറ്റ് ഗ്രില്‍ എന്നിവയുടെ സാന്നിധ്യം സ്പീഡ് 400-നെ അപേക്ഷിച്ച് സ്‌ക്രാംബ്ലറിന് അഗ്രസീവ് ലുക്ക് നല്‍കുന്നു. ട്രയംഫ് സ്‌ക്രാംബ്ലര്‍ 400 X കെടിഎം 390 അഡ്വഞ്ചര്‍ എക്സിനോടാണ് ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കുന്നത്. ട്രയംഫ് സ്പീഡ് 400 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350, ഹോണ്ട CB350, ഹോണ്ട CB 350 RS എന്നിവയുടെ എതിരാളിയാണ്.


Click it and Unblock the Notifications








