സാധാരണക്കാരില്‍ സാധാരണക്കാരുടെ ടൂവീലറും ഇലക്ട്രിക്കാകുന്നു! രണ്ട് പേരുകള്‍ കണ്ടുവെച്ച് ടിവിഎസ്
ഒരേയൊരു മോഡലുമായി ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിപണിയില്‍ ഓലക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് ഇടംപിടിക്കുന്ന കമ്പനിയാണ് ടിവിഎസ്. ഐക്യൂബ് എന്ന ടിവിഎസ് മോഡല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഏഥര്‍ എനര്‍ജിയുടെ കച്ചവടം വരെ മറികടക്കുന്നു. ഇതിനിടെ ടിവിഎസ് ഇപ്പോര്‍ തങ്ങളുടെ ഇലക്ട്രിക് ടൂവീലര്‍ പോര്‍ട്‌ഫോളിയോ വിപുലീകരിക്കാന്‍ പോകുകയാണ്.
അതിന്റെ സൂചനകള്‍ നല്‍കി കമ്പനി ഇപ്പോള്‍ രണ്ട് പേരുകള്‍ ട്രേഡ്മാര്‍ക്ക് ചെയ്തിരിക്കുകയാണ്. രാജ്യത്തിന്റെ എല്ലാ കോണുകളിലും പ്രശസ്തമായ ഒരു ടൂവീലറാണ് ടിവിഎസ് XL100. സാധാരണക്കാരില്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്ന മോപ്പഡ്. താങ്ങാവുന്ന വിലയും ഉയര്‍ന്ന മൈലേജും പ്രായോഗികതയും കാരണം ഇന്ത്യക്കാര്‍ ഏറ്റെടുത്ത ഒരു മോഡല്‍ ആണിത്. നിലവില്‍ രാജ്യത്ത് വില്‍പ്പനക്ക് ലഭ്യമാകുന്ന ഏക പെട്രോള്‍ മോപ്പഡും കൂടിയാണ് ടിവിഎസ് XL100.

44,999 രൂപ മുതല്‍ 59,695 രൂപ വരെയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. എന്നാല്‍ ഉടന്‍ തന്നെ ഇത് വൈദ്യുത അവതാരത്തില്‍ എത്താന്‍ പോകുകയാണ്. അതിന്റെ ഭാഗമായി ടിവിഎസ് E-XL, XL ഇവി എന്നിങ്ങനെ രണ്ട് പേരുകള്‍ക്കായി ട്രേഡ്മാര്‍ക്ക് അപേക്ഷകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്, പുതിയ ട്രേഡ്മാര്‍ക്ക് ഫയലിംഗുകളിലെ പേരുകള്‍ തീര്‍ച്ചയായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന XL മോഡലുകളില്‍ കമ്പനി പ്രവര്‍ത്തിക്കുന്നതായുള്ള സൂചനകളാണ് നമ്മള്‍ക്ക് നല്‍കുന്നത്.
ഏറെ വര്‍ഷങ്ങയി ടിവിഎസ് വിപണിയില്‍ എത്തിക്കുന്ന XL100 മികച്ച വില്‍പ്പനയും നേടുന്നു. ഇന്നും 10,000-ത്തിലധികം യൂണിറ്റ് വില്‍പ്പന നേടാനും ഈ മോപ്പഡിന് സാധിക്കുന്നുവെന്നത് ഇതിന്റെ ജനപ്രിയതയുടെ തെളിവാണ്. ഈ വര്‍ഷം ജനുവരിയില്‍ ടിവിഎസ് ഈ പേറ്റന്റുകള്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അവ കണക്കിലെടുക്കുമ്പോള്‍ E-XL / XL EV പ്രോജക്റ്റ് ഇപ്പോഴും ആരംഭദശയിലാണെന്ന് അനുമാനിക്കാം.

ഇലക്ട്രിക് മോപ്പഡ് മോഡലിനെ കുറിച്ച് കമ്പനി ഇതുവരെ യാതൊരു സൂചനയും നല്‍കിയിട്ടുമില്ല. നിലവില്‍ കൈനറ്റിക് ഇ-ലൂണ മാത്രമാണ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന ഏക ഇലക്ട്രിക് മോപ്പഡ് മോഡല്‍. 64,990 മുതല്‍ 74,990 രൂപ വരെയാണ് ഇ-ലൂണയുടെ എക്സ്‌ഷോറൂം വില. കഴിഞ്ഞ വര്‍ഷം ജൂലൈയിലും ടിവിഎസ് XL ഇലക്ട്രിക് മോപ്പെഡിന്റെ ചില പേറ്റന്റ് ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
പെട്രോള്‍ മോഡലില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇല്ലാതെയാകും വൈദ്യുത പതിപ്പ് വരികയെന്നായിരുന്നു ആ ചിത്രങ്ങള്‍ നല്‍കിയ സൂചന. ട്യൂബുലാര്‍ ഷാസിയിലാവും വൈദ്യുത പതിപ്പിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കുക. പേറ്റന്റ് ഡ്രോയിംഗ് ടിവിഎസ് XL ഇലക്ട്രിക്കിന്റെ ബോഡി പാനലുകള്‍ കാണിക്കാത്തതിനാല്‍ മറ്റ് വിശദാംശങ്ങളും വിരളമാണ്. ദൃഢമായ ഫ്രെയിം, റൗണ്ട് ഹെഡ്ലൈറ്റ്, സ്പ്ലിറ്റ് സീറ്റ്, ട്യൂബുലാര്‍ ഗ്രാബ്-റെയില്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന ലളിതമായ രൂപകല്‍പ്പനയിലായിരിക്കും ഇവി വരികയെന്നാണ് സൂചന.

കേന്ദ്രീകൃതമായി ഘടിപ്പിച്ച ബാറ്ററി പായ്ക്കായിരിക്കും ഇലട്രിക് മോപ്പഡിനുണ്ടാവുക. ഭാരവിതരണം കൈവരിക്കുന്നതിനും വാഹനത്തിന്റെ സ്ഥിരത വര്‍ധിപ്പിക്കുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നത്. സുഗമമായ പവര്‍ ഡെലിവറിക്കായി ഇലക്ട്രിക് മോപ്പഡ് ഒരു ബെല്‍റ്റ് ഡ്രൈവ് ആയിരിക്കും ഇലക്ട്രിക് മോപ്പഡില്‍ ഉപയോഗിച്ചേക്കുക. മറ്റ് മെക്കാനിക്കലുകള്‍ നോക്കുമ്പോള്‍ മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളുടെയും പിന്നില്‍ ഡ്യുവല്‍ റിയര്‍ സ്പ്രിംഗുകളും സസ്‌പെന്‍ഷന്‍ ചുമതലകള്‍ വഹിക്കും.
സുഖകരമായ റൈഡിംഗ് അനുഭവം ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും. സ്പോക്ക് വീലുകളില്‍ ഫ്രണ്ട്, റിയര്‍ ഡ്രം ബ്രേക്കുകളാവും ഇലക്ട്രിക് മോപ്പഡിനുണ്ടാവുക. മറ്റ് മെക്കാനിക്കലുകളും മാറ്റമില്ലാതെ തുടരും. പെട്രോള്‍ മോഡലില്‍ ഇതിന് 86 കിലോഗ്രാം ഭാരവും 130 കിലോഗ്രാം പേലോഡ് ശേഷിയുമാണ് വാഹനത്തിനുള്ളത്. XL ഇലക്ട്രിക് മോപ്പഡിനും ഇതേ ശേഷിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വരാന്‍ പോകുന്ന മോഡലിന്റെ ഔദ്യോഗിക പവര്‍ കണക്കുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ടിവിഎസ് XL ഇലക്ട്രിക് മോപ്പഡിന് അതിന്റെ പെട്രോള്‍ പതിപ്പ് അതിന്റെ ഐസിഇ പതിപ്പിന് സമാനമായ പെര്‍ഫോമന്‍സ് കണക്കുകള്‍ പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ. 99.7 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് ടിവിഎസ് XL100 പെട്രോളിന്റെ ഹൃദയം.
4.3 bhp പവറും 6.5 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. വരാനിരിക്കുന്ന ഇലക്ട്രിക് മോപ്പഡ് ഒറ്റ ചാര്‍ജില്‍ 60 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാസ്റ്റ്-മൈല്‍ ഡെലിവറി ബിസിനസുകള്‍ക്ക് അനുയോജ്യമായ വാഹനമായാകും XL ഇലക്ട്രിക് മോഡല്‍ എത്തുക. ഏതായാലും തങ്ങളുടെ വരാന്‍ പോകുന്ന മോഡലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ടിവിഎസ് തന്നെ വൈകാതെ പുറത്തുവിടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








