ദിവസവും 1348 പേര്‍ ഈ ടിവിഎസ് ടൂവീലര്‍ വാങ്ങുന്നു! 65 കി.മീ മൈലേജും കുറഞ്ഞ വിലയും തന്നെ കാരണം
ഇന്ത്യയില്‍ പെട്രോളില്‍ ഓടുന്ന മോപ്പഡ് നിര്‍മിക്കുന്ന ഏക കമ്പനിയാണ് ടിവിഎസ്. ഗ്രാമപ്രദേശങ്ങളിലാണ് പ്രത്യേകിച്ചും മോപ്പഡുകള്‍ക്ക് വ്യാപകമായ പ്രചാരമുള്ളത്. വര്‍ഷങ്ങളായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മോപ്പഡ് ആണ് ടിവിഎസ് XL100. ഈ ഒരു ഉല്‍പ്പന്നം സ്ഥിരമായി ടിവിഎസിന് മികച്ച വില്‍പ്പന നേടിക്കൊടുക്കുന്നു. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അതായത് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ മൊത്തം 4.98 ദശലക്ഷം ഇരുചക്രവാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 20 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ ടിവിഎസ് XL മോപ്പഡ് ശ്രദ്ധേയമായ വളര്‍ച്ചയാണ് നേടിയത്.
വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ടിവിഎസ് XL 100 മോപ്പഡ് നടത്തുന്നത്. കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ മാത്രം ടിവിഎസ് XL 100 മോപ്പഡിന്റെ 1,22,715 യൂണിറ്റുകള്‍ വിറ്റഴിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16.58 ശതമാനമാണ് വളര്‍ച്ച. ഓരോ ദിവസവും ശരാശരി 1,348 യൂണിറ്റ് ടിവിഎസ് XL 100 മോപ്പഡുകള്‍ വിറ്റുപോകുന്നതായാണ് SIAM പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഏകദേശം 15 വര്‍ഷം മുമ്പ് 2010 സാമ്പത്തിക വര്‍ഷത്തില്‍ ടിവിഎസിന്റെ മൊത്തം വില്‍പ്പനയുടെ 41 ശതമാനം വിഹിതം സംഭാവന ചെയ്തിരുന്നത് മോപ്പഡുകള്‍ ആയിരുന്നു. 890,518 യൂണിറ്റുകളുമായി 2017 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി. 2019 ആയപ്പോള്‍ വില്‍പ്പന 8,80,234 യൂണിറ്റായി കുറഞ്ഞു. കാലക്രമേണ ഉപഭോക്തൃ മുന്‍ഗണനകള്‍ സ്‌കൂട്ടറുകളിലേക്കും ബൈക്കുകളിലേക്കും മാറിയതോടെ മോപ്പഡ് വില്‍പ്പനയില്‍ ഇടിവുണ്ടായി.
2020-ല്‍ ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കൂടി നിലവില്‍ വന്നതോടെ ഉപഭോക്താക്കള്‍ മോപ്പഡുകള്‍ എടുക്കാന്‍ മടിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 481,803 യൂണിറ്റ് മോപ്പഡുകള്‍ മാത്രമാണ് ടിവിഎസിന് വില്‍ക്കാന്‍ സാധിച്ചത്. എന്നാല്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന ഒമ്പത് ശതമാനം കൂടിയിട്ടുണ്ട്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 122,715 യൂണിറ്റുകളുടെ ശ്രദ്ധേയമായ വില്‍പ്പനയാണ് ടിവിഎസ് XL 100 നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 16 ശതമാനമാണ് വില്‍പ്പന വര്‍ധനവ്. ഈ സാമ്പത്തിക വര്‍ഷത്തിലുടനീളം ഇതിലും മികച്ച വില്‍പ്പന നേടാനാകുമെന്നാണ് പ്രതീക്ഷ.
മോപ്പഡ് ഇത്രയും ഉയര്‍ന്ന വില്‍പ്പന അളവില്‍ വിറ്റുപോകാനുള്ള ഒരു പ്രധാന കാരണം അതിന്റെ താങ്ങാനാവുന്ന വിലയാണ്. ചെറുകിട വ്യാപാരികളും ബിസിനസുകാരും ഇത് ഉപയോഗപ്പെടുത്തുന്നു. ഗ്രാമപ്രദേശങ്ങളിലാണ് ഇതിന് ഡിമാന്‍ഡ് കൂടുതല്‍. മികച്ച മൈലേജും ടിവിഎസ് മോഡല്‍ ഗ്രാമീണര്‍ക്കിടയില്‍ ജനപ്രിയമാകാനുള്ള മറ്റൊരു കാരണമാണ്. അതായത് കുറഞ്ഞ ഇന്ധനത്തില്‍ കൂടുതല്‍ ദൂരം താണ്ടാന്‍ സാധിക്കുന്നതിനാല്‍ ഗ്രാമീണരുടെ ആദ്യ ചോയ്‌സുകളില്‍ ഒന്നായി ഇത് മാറി.

ഭാരം വഹിക്കാന്‍ വേണ്ടി കൂടിയാണ് ടിവിഎസ് XL 100 മോപ്പഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പാല്‍ ഉല്‍പ്പന്നങ്ങള്‍, പച്ചക്കറി, മീന്‍ തുടങ്ങിയവയുടെ കച്ചവടത്തിന് ഏറെ അനുയോജ്യമാണ് ഇത്. അതിന്റെ ബില്‍ഡ് ക്വാളിറ്റിയും മികച്ചതായതിനാല്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സാധനങ്ങള്‍ കൊണ്ടുപോകേണ്ട ചെറുകിട വ്യാപാരികള്‍ തങ്ങളുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് പുറമെ കച്ചവടത്തിനും മോപ്പഡ് ഉപയോഗപ്പെടുത്തുന്നു.
ടിവിഎസ് XL 100 വേരിയന്റുകളില്‍ വരുന്നു. ബേസ് 'ഹെവി-ഡ്യൂട്ടി' XL100-ന് 44,999 രൂപ മുതല്‍ ടോപ്പ്-എന്‍ഡ് കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ട് വേരിയന്റിന് 60,905 രൂപ വരെയാണ് വില പോകുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. 6,000 ആര്‍പിഎമ്മില്‍ 4.3 bhp പവറും 3,500 ആര്‍പിഎമ്മില്‍ 6.5 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ബിഎസ് VI-കംപ്ലയിന്റ് ഫോര്‍-സ്‌ട്രോക്ക്, സിംഗിള്‍-സിലിണ്ടര്‍ 99.7cc പെട്രോള്‍ എഞ്ചിനാണ് XL100-ന് കരുത്തേകുന്നത്. ഇതിന് 89 കിലോഗ്രാം ഭാരമുണ്ട്.
ടിവിഎസ് XL മോപ്പഡിന്റെ ഇലക്ട്രിക് പതിപ്പ് വരാന്‍ പോകുന്നതായി ഊഹാപോഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. എന്നാല്‍ ടിവിഎസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും നടത്തിയിട്ടില്ല. ടിവിഎസിന്റെ ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിലവില്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. തങ്ങളുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോ ടിവിഎസ് വിപുലീകരിക്കുമ്പോള്‍ XL മോപ്പെഡിന്റെ ഇലക്ട്രിക് പതിപ്പ് വന്നേക്കാം.


Click it and Unblock the Notifications








