ഫാമിലി സ്‌കൂട്ടര്‍ മുതല്‍ അഡ്വഞ്ചര്‍ ടൂറര്‍ വരെ... ഏപ്രില്‍ ടൂവീലറുകളുടെ 'മാര്‍ച്ച്'
നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഏപ്രിലില്‍ ടൂവീലറുകളുടെ ഒരു 'മാര്‍ച്ചിനാണ്' ഇന്ത്യന്‍ വിപണി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പുതിയ സാമ്പത്തിക വര്‍ഷം വാഹന നിര്‍മാതാക്കള്‍ പല ലക്ഷ്യങ്ങളാണ് മനസ്സില്‍ സൂക്ഷിക്കുന്നത്. അവ നടപ്പിലാക്കാനായി പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചുകളും ആവശ്യമാണ്.
പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ തന്നെ ആവേശകരമായ ചില ലോഞ്ചുകള്‍ക്കാണ് വിപണി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഐസി എഞ്ചിന്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും അവയിലുണ്ട്. വിവിധ സെഗ്‌മെന്റുകളിലായി ഇന്ത്യക്കാര്‍ ഏറെ നാളായി കാത്തിരിക്കുന്ന മോഡലുകളാണ് മറനീക്കി വെളിയില്‍ വരാന്‍ പോകുന്നത്. 2024 ഏപ്രിലില്‍ വരാന്‍ പോകുന്ന ചില വാഹനങ്ങളെ കുറിച്ചാണ് ചുവടെ വിശദീകരിക്കാന്‍ പോകുന്നത്.

ഏഥര്‍ റിസ്റ്റ: രാജ്യത്തെ ടൂവീലര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മോഡലാണ് ഏഥര്‍ റിസ്റ്റ. സ്‌പോര്‍ട്ടിയര്‍ ഡിസൈനിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കൊണ്ട് പേരെടുത്ത ഏഥര്‍ എനര്‍ജിയില്‍ നിന്ന് വരുന്ന ആദ്യത്തെ ഫാമിലി സ്‌കൂട്ടര്‍ എന്നതാണ് ഇതിന്റെ പ്രത്യേകത. 2024 ഏപ്രില്‍ ആറിന് നടക്കാന്‍ പോകുന്ന ഏഥര്‍ കമ്മ്യൂണിറ്റി ഡേയില്‍ പുത്തന്‍ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി അവതരിപ്പിക്കും.
സെഗ്‌മെന്റിലെ ഏറ്റവും നീളം കൂടിയ സീറ്റവും വലിയ സംഭരണ ശേഷിയും മറ്റ് നിരവധി പ്രായോഗിക ഫീച്ചറുകളുമായി വരുന്ന സ്‌കൂട്ടറിനായി ഇന്ത്യന്‍ കുടുംബങ്ങള്‍ കാത്തിരിക്കുകയാണ്. ഏഥര്‍ കമ്മ്യൂണിറ്റി ഡേയില്‍ റിസ്റ്റ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്‌പെസിഫിക്കേഷനുകള്‍, വില, ഡെലിവറി എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ കമ്പനി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. 999 രൂപ നല്‍കിയാല്‍ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ പ്രീ-ബുക്കിംഗ് ചെയ്യാവുന്നതാണ്.

അള്‍ട്രാവയലറ്റ് F99: മലയാളം സിനിമ നടന്‍ ദുല്‍ഖര്‍ സല്‍മാന് നിക്ഷേപമുള്ള കമ്പനിയാണ് അള്‍ട്രാവയലറ്റ്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കള്‍ നിലവില്‍ F77 എന്ന മോഡല്‍ മാത്രമാണ് വില്‍പ്പനക്കെത്തിക്കുന്നത്. എന്നാല്‍ 2024 ഏപ്രില്‍ 24-ന് കമ്പനി നടത്താന്‍ പോകുന്ന ഇവന്റില്‍ പുതിയ ഉല്‍പ്പന്നം വെളിപ്പെടുത്തുമെന്നാണ് വിവരം. F77 പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പുതിയ വേരിയന്റോ സ്പെഷ്യല്‍ എഡിഷന്‍ മോഡലോ അവതരിപ്പിക്കാനാണ് ഒരു സാധ്യത.
മുമ്പ് കമ്പനി പരിമിതമായ അളവില്‍ F77 സ്‌പേസ് എഡിഷന്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ഇറ്റാലിയന്‍ മോട്ടോര്‍ഷോയില്‍ വെച്ച് അള്‍ട്രാവയലറ്റ് പുത്തന്‍ പ്ലാറ്റ്ഫോം വെളിപ്പെടുത്തിയിരുന്നു. പുതിയ ഇവന്റിന്റെ ക്ഷണത്തില്‍ 'ഫ്ലൈറ്റ് മോഡ്' എന്നത് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട പദമുള്ളതിനാല്‍ ഇവന്റില്‍ പുതിയ F99 പ്ലാറ്റ്ഫോം കണ്‍സെപ്റ്റ് അല്ലെങ്കില്‍ പ്രൊഡക്ഷന്‍ അവതാരത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. അള്‍ട്രാവയലറ്റിന്റെ പുത്തന്‍ ഉല്‍പ്പന്നത്തിന്റെ ലോഞ്ചിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഉടന്‍ കമ്പനി വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

ആമ്പിയര്‍ NXG ഇലക്ട്രിക് സ്‌കൂട്ടര്‍: ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിയുടെ ആമ്പിയര്‍ അതിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഏപ്രിലില്‍ വിപണിയിലെത്തിക്കാന്‍ പോകുകയാണ്. 2023 ഓട്ടോ എക്സ്പോയില്‍ NXG കണ്‍സെപ്റ്റ് പതിപ്പ് ആമ്പിയര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നിരവധി സാങ്കേതിക മെച്ചപ്പെടുത്തലുകളുമായിട്ടാണ് ഇവിയുടെ പ്രൊഡക്ഷന്‍ പതിപ്പ് എത്തുക. പുറത്തിറങ്ങും മുമ്പേ കാശ്മീര്‍ മുതല്‍ കന്യാകുമാരി റൈഡ് പൂര്‍ത്തിയാക്കി ഇവി റെക്കോഡിട്ടിരുന്നു. എന്നാല്‍ ഇവി എന്ന് പുറത്തിറങ്ങുമെന്ന കാര്യം കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
ബിഎംഡബ്ല്യു R 1300 GS: അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കായ ബിഎംഡബ്ല്യു R 1300 GS കഴിഞ്ഞ വര്‍ഷം തന്നെ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ആഗോള വിപണിയില്‍ R 1250 GS-ന് പകരക്കാരനായാണ് പുതിയ ബിഎംഡബ്ല്യു R 1300 GS എത്തിയത്. ഓഫ്-റോഡിംഗ് ശേഷി കൂട്ടുന്ന നവീനമായ സാങ്കേതികവിദ്യകളും പരിഷ്‌കാരങ്ങളും ഈ മോഡലില്‍ വരുത്തിയിട്ടുണ്ട്. വലിയ 1,300 സിസി ബോക്സര്‍ എഞ്ചിനാണ് പ്രധാന അപ്‌ഡേറ്റുകളില്‍ ഒന്ന്.

ഡൈ-കാസ്റ്റ് അലുമിനിയം സബ്ഫ്രെയിമോടുകൂടിയ പുതിയ ഫ്രെയിമിലാണ് ഈ മോഡല്‍ വരുന്നത്. ബൈക്കിന്റെ മൊത്തം ഭാരം ഇപ്പോള്‍ 12 കിലോഗ്രം കുറഞ്ഞിട്ടുണ്ട്. പുതിയ മെട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റാണ് മറ്റൊരു പ്രധാന ഹൈലൈറ്റ്. ട്രയംഫ് ടൈഗര്‍ 1200, ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ V4 എന്നിവയുടെ എതിരാളിയായി എത്തുന്ന ഈ മോഡലിന് ഏകദേശം 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വില പ്രതീക്ഷിക്കുന്നു. ഏപ്രിലില്‍ ഒരു ടൂവീലര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മുകളില്‍ പറഞ്ഞ വാഹനങ്ങള്‍ താല്‍പര്യമുണ്ടെങ്കില്‍ പരിഗണിക്കാം.


Click it and Unblock the Notifications








