വണ്ടിക്കമ്പനികളെല്ലാം കൂട്ടത്തോടെ കേരളത്തിലേക്ക്! ദുല്‍ഖറിന്റെ ഇ-ബെക്ക് ബ്രാന്‍ഡ് കൊച്ചിയില്‍ ഷോറൂം തുറന്നു
മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പേരുകേട്ട വാഹന പ്രേമിയാണ്. സവിശേഷമായ നിരവധി വാഹനങ്ങള്‍ സ്വന്തമായുള്ള ഡിക്യു ഒരു ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പിന്റെ സഹ ഉടമ കൂടിയാണ്. പ്രീമിയം ഇലക്ട്രിക് ടൂവീലറുകള്‍ നിര്‍മിക്കുന്ന അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവിലാണ് ദുല്‍ഖര്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. അള്‍ട്രാവയലറ്റിന്റെ പവര്‍ഫുള്‍ ഇലക്ട്രിക് ബൈക്കുകള്‍ കേരളത്തിലുള്ള ചിലര്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും കമ്പനിക്ക് സംസ്ഥാനത്ത് ഷോറൂമുകള്‍ ഉണ്ടായിരുന്നില്ല. അള്‍ട്രാവയലറ്റ് ഇവികള്‍ സ്വന്തമായുള്ളവര്‍ക്കും ഒരെണ്ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും സന്തോഷവാര്‍ത്തയുണ്ട്. ഇപ്പോള്‍ അള്‍ട്രാവയലറ്റ് തങ്ങളുടെ ഏറ്റവും പുതിയ യുവി സ്പേസ് സ്‌റ്റേഷന്‍ കൊച്ചിയില്‍ ആരംഭിച്ചിരിക്കുകയാണ്.
ലോക ഇവി ദിനത്തോടും ഓണാഘോഷത്തോടും അനുബന്ധിച്ചാണ്് അള്‍ട്രാവയലറ്റ് അതിന്റെ ഏറ്റവും പുതിയ യുവി സ്പേസ് സ്റ്റേഷന്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചിയില്‍ തുറന്നത്. ആഗോളതലത്തില്‍ 50 എക്സ്പീരിയന്‍സ് സെന്ററുകള്‍ സ്ഥാപിക്കാനുള്ള അള്‍ട്രാവയലറ്റിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഈ പുതിയ കേന്ദ്രം. അഹമ്മദാബാദില്‍ അടുത്തിടെ സമാനമായ സൗകര്യം വിജയകരമായി ആരംഭിച്ചിരുന്നു.

നഗരത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഷോറൂമായ കൊച്ചി യുവി സ്പേസ് സ്റ്റേഷനില്‍ വിപുലമായ ഡിജിറ്റല്‍ ഡയഗ്നോസ്റ്റിക് ടൂളുകള്‍ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ അള്‍ട്രാവയലറ്റിന്റെ ബെംഗളൂരുവിലെ ആസ്ഥാനത്ത് നിന്ന് നേരിട്ട് ഓണ്‍-കോള്‍ സാങ്കേതിക സഹായം വാഗ്ദാനം ചെയ്യുന്നു. 3,500 ചതുരശ്ര അടിയിലായാണ് ഈ യുവി സ്പേസ് സ്‌റ്റേഷന്‍ വ്യാപിച്ചുകിടക്കുന്നത്. വില്‍പ്പന, സര്‍വീസ്, സ്‌പെയറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു 3S കേന്ദ്രമായി ഇത്പ്രവര്‍ത്തിക്കുന്നു.
ഉത്സവകാലത്തെ ഡിമാന്‍ഡ് മുതലെടുക്കാനായി അള്‍ട്രാവയലറ്റ് 2024 ദീപാവലിയോടെ രാജ്യത്തെ 10 നഗരങ്ങളില്‍ സാന്നിധ്യമറിയിക്കാന്‍ ലക്ഷ്യമിടുന്നു. പ്രധാനമന്ത്രിയുടെ 'ഡിസൈന്‍ ഇന്‍ ഇന്ത്യ, ഡിസൈന്‍ ഫോര്‍ ദി വേള്‍ഡ്' ദര്‍ശനം ഉള്‍ക്കൊള്ളുന്നു F77 മാക് 2 കൊച്ചി കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൊച്ചി നഗരത്തില്‍ ഇവികള്‍ക്ക് താല്‍പര്യക്കാര്‍ ഉണ്ടെന്നും F77 മാക് 2 ഉപയോഗിച്ച് നഗരത്തിന്റെ ഇലക്ട്രിക് മൊബിലിറ്റി എക്‌സ്പീരിയന്റ് ഉയര്‍ത്താനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അള്‍ട്രാവയലറ്റിന്റെ സിഇഒയും സഹ സ്ഥാപകനുമായ നാരായണ്‍ സുബ്രഹ്‌മണ്യം പറഞ്ഞു.

കൊച്ചി-ബെംഗളൂരു ഹൈടെക് വ്യാവസായിക ഇടനാഴിയുടെ ഭാഗമായ ഇത് മേഖലയിലെ സാമ്പത്തിക വളര്‍ച്ചക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. 10.3 kWh SRB7 ലിഥിയം-അയണ്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന F77 മാക് 2 ഉയര്‍ന്ന റേഞ്ചും പെര്‍ഫോമന്‍സും വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല ഈ ഇലക്ട്രിക് ബൈക്കിന് മറ്റാരും നല്‍കാത്ത രീതിയില്‍ 800,000 കിലോമീറ്റര്‍ ബാറ്ററി വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
കേരളത്തില്‍ ഇവികള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ സംരംഭങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഈ പ്രോത്സാഹനങ്ങള്‍ക്കൊപ്പം പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന അവബോധവും കൂടുതല്‍ ആളുകളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നു. ഈ പ്രവണത സുസ്ഥിര ഗതാഗത പരിഹാരങ്ങളിലേക്കുള്ള വിശാലമായ നീക്കത്തെ സൂചിപ്പിക്കുന്നു. കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളാണ് ഇവി പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന മറ്റൊരു പ്രധാന ഘടകം. സംസ്ഥാനം ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ശൃംഖല വിപുലീകരിക്കുന്നത് ഇവി ഉടമകള്‍ക്ക് അവരുടെ വാഹനങ്ങള്‍ സൗകര്യപ്രദമായി ചാര്‍ജ് ചെയ്യുന്നത് എളുപ്പമാക്കുന്നു.

ഈ മേഖലയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വളര്‍ച്ചയ്ക്ക് ഈ വികസനം അനിവാര്യമാണ്. ആക്സസ് ചെയ്യാവുന്ന ചാര്‍ജിംഗ് ഓപ്ഷനുകള്‍ നല്‍കുന്നതിലൂടെ ബാറ്ററി ചാര്‍ജ് തീര്‍ന്നുപോകുമെന്ന ആശങ്കയില്ലാതെ ഇവി ഉടമകള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുമെന്ന് സംസ്ഥാനം ഉറപ്പാക്കുന്നു. വൈദ്യുത വാഹനങ്ങളുടെ വളര്‍ച്ച നിലനിര്‍ത്തുന്നതിന് ഈ അടിസ്ഥാന സൗകര്യ വികസനം അത്യന്താപേക്ഷിതമാണെന്ന് പറയേണ്ടതില്ലെല്ലോ. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, പരിസ്ഥിതി അവബോധം, ശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ സംയോജനം വൈദ്യുത വാഹനങ്ങള്‍ സ്വീകരിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം കേരളം സൃഷ്ടിക്കുന്നു.
അതുകൊണ്ട് തന്നെ അള്‍ട്രാവയലറ്റിനെ പോലെ കൂടുതല്‍ കമ്പനികള്‍ സമീപവര്‍ഷങ്ങളില്‍ തന്നെ കേരളത്തില്‍ സാന്നിധ്യമറിയിക്കും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ടാറ്റ മോട്ടോര്‍സ് കൊച്ചിയില്‍ ഇവികള്‍ക്ക് മാത്രമായി രണ്ട് ഷോറൂമുകള്‍ തുറന്നിരുന്നു. ഗുരുഗ്രാമിന് ശേഷം ടാറ്റ ഇവി ഓണ്‍ലി ഷോറൂമുകള്‍ തുടങ്ങാനായി തെരഞ്ഞെടുത്ത നഗരം കൊച്ചിയാണെന്നതില്‍ നിന്ന് സംസ്ഥാനം എത്ര കണ്ട് ഇവി സൗഹൃദമാണെന്ന് സൂചിപ്പിക്കുന്നു.


Click it and Unblock the Notifications








