ദുല്‍ഖറിന്റെ വണ്ടിക്കമ്പനി പുത്തന്‍ ലോഞ്ചിനൊരുങ്ങുന്നു; എന്തായിരിക്കുമെന്ന് വല്ല ഐഡിയയും ഉണ്ടോ?
ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡാണ് അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്. മലയാളികളുടെ സ്വന്തം 'കുഞ്ഞിക്ക' ദുല്‍ഖര്‍ സല്‍മാന് നിക്ഷേപമുള്ള ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനി ഇന്ത്യയില്‍ വന്‍ ഓളങ്ങള്‍ തീര്‍ത്തതിന് പിന്നാലെ ഇപ്പോള്‍ യൂറോപ്യന്‍ വിപണി വെട്ടിപ്പിടിക്കാനുള്ള ഒരുക്കത്തിലാണ്. യൂറോപ്പിലെ അഞ്ച് പ്രമുഖ രാജ്യങ്ങളില്‍ സാന്നിധ്യമറിയിക്കാനാണ് അവരുടെ ശ്രമം.
അതിന്റെ ഭാഗമായി അടുത്തിടെ അള്‍ട്രാവയലറ്റ് തുര്‍ക്കി വിപണിയില്‍ പ്രവേശിച്ചിരുന്നു. അള്‍ട്രാവയലറ്റ് F77 പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ മോട്ടോബൈക്ക് ഇസ്താംബുള്‍ 2024-ല്‍ കെ-റൈഡ്‌സ് പവലിയനില്‍ കമ്പനി പ്രദര്‍ശിപ്പിച്ചു. അള്‍ട്രാവയലറ്റിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡലാണ് F77, ബെംഗളൂരുവിനടുത്തുള്ള പ്ലാന്റില്‍ നിര്‍മിക്കുന്ന വാഹനം യൂറോപ്യന്‍ വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയായിരിക്കും ചെയ്യുക. യൂറോപ്യന്‍ പ്ലാനുകള്‍ക്കിടെ അള്‍ട്രാവയലറ്റ് തങ്ങളുടെ പോര്‍ട്‌ഫോളിയോ വിപുലീകരിക്കാന്‍ പോകുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇവി ബ്രാന്‍ഡ് വിവിധ ഓട്ടോമോട്ടീവ് മാധ്യമങ്ങള്‍ക്ക് അയച്ച ഇവന്റ് ക്ഷണമാണ് പുതിയ ഊഹാപോഹങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ഏപ്രില്‍ 24-ന് നടക്കാന്‍ പോകുന്ന ഇവന്റിനെ കുറിച്ച് കൂടുതലായി ഒന്നും അള്‍ട്രാവയലറ്റ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അവര്‍ പുതിയ ഉല്‍പ്പന്നം പുറത്തിറക്കാന്‍ പോകുകയാണെന്നാണ് അനുമാനിക്കുന്നത്. കാരണം ഇന്‍വിറ്റേഷനില്‍ എഴുതിയിരിക്കുന്ന 'ഫൈ്‌ലറ്റ് മോഡ്' എന്ന വാചകമാണ് ഇതിന് കാരണം.
അടുത്ത മാസം നടക്കാന്‍ പോകുന്ന ഇവന്റില്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അവരുടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ F77-ന്റെ പുതിയ വേരിയന്റോ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലോ അവതരിപ്പിക്കാനാണ് ഒരു സാധ്യത. അതുമല്ലെങ്കില്‍ തങ്ങളുടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളില്‍ പുതിയ ഒടിഎ അപ്ഡേറ്റുകള്‍ അവതരിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. എന്നാല്‍ ഇത്തരം ഊഹാപോഹങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും തടയിടാന്‍ ബ്രാന്‍ഡില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവരേണ്ടതായുണ്ട്.

ഏതായാലും ഏപ്രില്‍ 24-ന് മുമ്പായി കാര്യങ്ങള്‍ വിശദീകരിക്കുന്ന പുതിയ ടീസറുകള്‍ അള്‍ട്രാവയലറ്റ് തന്നെ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം. ഇതിനെല്ലാം പുറമെ മറ്റൊരു സാധ്യത കൂടിയുണ്ട്. ഏവിയേഷന്‍, റേസിംഗ് എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് അള്‍ട്രാവയലറ്റ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് F99 റേസിംഗ് പ്ലാറ്റ്‌ഫോം വെളിപ്പെടുത്തിയിരുന്നു. EICMA 2023 അല്ലെങ്കില്‍ ഇറ്റാലിയന്‍ മോട്ടോര്‍ഷോയില്‍ വെച്ച് 2023 നവംബറിലായിരുന്നു പുത്തന്‍ പ്ലാറ്റ്‌ഫോം കമ്പനി വെളിപ്പെടുത്തിയത്.
മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ദുല്‍ഖറും ഇവന്റില്‍ പങ്കെടുത്തിരുന്നു. 'ഫ്‌ലൈറ്റ് മോഡ്' എന്നത് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട പദമായതിനാല്‍ ഏപ്രിലില്‍ നടക്കാന്‍ പോകുന്ന ഇവന്റില്‍ F99 പ്ലാറ്റ്‌ഫോം കണ്‍സെപ്റ്റ് അല്ലെങ്കില്‍ പ്രൊഡക്ഷന്‍ അവതാരത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള സാധ്യതയും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. സൂപ്പര്‍സോണിക് ഫൈറ്റര്‍ ജെറ്റില്‍ നിന്ന് കടംകൊണ്ട ആക്ടീവ് എയറോഡൈനാമിക് രൂപമാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

ആക്ടീവ് എയര്‍റോഡൈനാമിക്സിനായി അള്‍ട്രാവയലറ്റ് F99 പ്ലാറ്റ്ഫോമില്‍ ധാരാളം കാര്‍ബണ്‍ ഫൈബര്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റിന് പരമാവധി 265 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. F99 പ്ലാറ്റ്‌ഫോമിലെ ഒരുപാട് ഭാഗങ്ങള്‍ കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്വിംഗാര്‍ം അലൂമിനിയം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
17 ഇഞ്ച് അലോയ് വീലുകളും ഇതിന് നല്‍കിയിരിക്കുന്നു. മുന്‍വശത്ത് 180/55 അളക്കുമ്പോള്‍ പിന്നില്‍ 120/70 ആണ് ടയര്‍ വലിപ്പം. വീല്‍ബേസ് 1,400 മില്ലീമീറ്ററും ഉയരം 1,050 മില്ലീമീറ്ററുമാണ്. പുതിയ ലിക്വിഡ് കൂള്‍ഡ് ഇലക്ട്രിക് മോട്ടോര്‍ പരമാവധി 120 bhp പവര്‍ വരെ പുറത്തെടുക്കും. വെറും 178 കിലോഗ്രാം ഭാരമുള്ള ഈ മോട്ടോര്‍സൈക്കിള്‍ വെറും 3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് സൂപ്പര്‍ ബൈക്ക് വിപണിയില്‍ എത്തിയപ്പോള്‍ വില കണ്ട് നെറ്റി ചുളിച്ചവരില്‍ പലരും ഇവ ഇന്ത്യന്‍ നിരത്തുകള്‍ക്കല്ല യൂറോപ്പിന് പറ്റിയതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഷാഡോ, ലേസര്‍, എയര്‍സ്ട്രൈക്ക് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായായിരിക്കും ഈ അത്യാധുനിക ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അള്‍ട്രാവയലറ്റ് യൂറോപ്യന്‍ വിപണികളില്‍ എത്തിക്കുക.
10.3 kWh ബാറ്ററി പായ്ക്കാണ് അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് ബൈക്കിന് കരുത്തേകുന്നത്. പരമാവധി 40 bhp പവറും 100 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ഇലക്ട്രിക് ബൈക്കിന് സാധിക്കും. യൂറോപ്പില്‍ അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് ബൈക്കിന് 9,000 യൂറോ മുതല്‍ 11,000 യൂറോ വരെ എക്‌സ്‌ഷോറൂം വില ലഭിക്കാനാണ് സാധ്യത.

എന്നിരുന്നാലും വിവിധ രാജ്യങ്ങളിലെ നികുതികളും സബ്‌സിഡികളും പരിഗണിക്കുമ്പോള്‍ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം. ഏതായാലും വിമര്‍ശകള്‍ പറയും പോലെ യൂറോപ്പിന് പറ്റിയ അള്‍ട്രാവയലറ്റ് ബൈക്കുകള്‍ ആ വന്‍കരക്കാര്‍ ഏറ്റെടുക്കുമോ എന്ന് കാത്തിരുന്ന് കാണാം. മാത്രമല്ല ഏപ്രിലില്‍ ഇന്ത്യക്കാര്‍ക്കായി ബ്രാന്‍ഡ് എന്താണ് ഒരുക്കി വെച്ചിരിക്കുന്നതെന്നും വൈകാതെ അറിയാം.


Click it and Unblock the Notifications








