ആക്ടിവക്ക് ഒരാഴ്ച കൂടി വിലസാം! ടിവിഎസ് ഷോറൂമുകള്‍ നിറയ്ക്കാന്‍ ജുപ്പിറ്റര്‍ അടിമുടി മാറിയെത്തുന്നു
2013 സെപ്റ്റംബറിലാണ് ടിവിഎസ് ആദ്യമായി ജൂപ്പിറ്റര്‍ 110 സ്‌കൂട്ടര്‍ പുറത്തിറക്കിയത്. ശേഷം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടിവിഎസ് സ്‌കൂട്ടറായി ഇത് മാറി. ഇന്ത്യയില്‍ സ്‌കൂട്ടറുകള്‍ക്കിടയിലെ കിരീടം വെക്കാത്ത രാജാവായ ഹോണ്ട ആക്ടിവയുടെ ഒന്നാം നമ്പര്‍ എതിരാളിയാണ് ജുപ്പിറ്റര്‍. പതിറ്റാണ്ടുകളായി വിപണിയിലുള്ള ആക്ടിവ ഇന്നും ബെസ്റ്റ് സെല്ലറായി തുടരുന്നത് അതിനെ ഹോണ്ട കാലികമായി അപ്‌ഡേറ്റ് ചെയ്യുന്നതിനാലാണ്. ഈ സാഹചര്യത്തില്‍, ഈ ജുപ്പിറ്റര്‍ അപ്ഡേറ്റ് ചെയ്യാന്‍ ടിവിഎസ് ഒരുങ്ങുകയാണ്. കൂടുതല്‍ ഫ്യൂചറിസ്റ്റിക്കായ ഒരു ഉല്‍പ്പന്നമായി ജുപ്പിറ്റര്‍ 110 സ്‌കൂട്ടറിനെ മാറ്റുമെന്നാണ് സൂചന.
ടിവിഎസിന്റെ പുതിയ സ്‌കൂട്ടറിന്റെ ലോഞ്ച് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ഡിസൈനിലും ഫീച്ചര്‍ വശവും സമൂലമായ മാറ്റങ്ങളാണ് 2024 ടിവിഎസ് ജുപ്പിറ്റര്‍ 110-ല്‍ പ്രതീക്ഷിക്കുന്നത്. യൂത്തിനെ ആകര്‍ഷിക്കുന്ന അപ്ഡേറ്റുകളോടെ വരുന്ന ജുപ്പിറ്റര്‍ 110 സ്‌കൂട്ടര്‍ ഓഗസ്റ്റ് 22ന് ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പുത്തന്‍ ഉല്‍പ്പന്നത്തിന്റെ വെര്‍ച്വല്‍ ലോഞ്ചിനുള്ള ക്ഷണം ഇതിനോടകം മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ടിവിഎസ് തങ്ങളുടെ സ്‌പോര്‍ട്ടി സ്‌കൂട്ടറായ എന്‍ടോര്‍ഖിന് പുതിയ നിറങ്ങള്‍ സമ്മാനിച്ചത്. ജനപ്രിയ സ്‌കൂട്ടറായ ജുപ്പിറ്ററിന്റെ അപ്‌ഡേറ്റഡ് പതിപ്പ് ഈ വര്‍ഷം തന്നെ പുറത്തിറങ്ങുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. നേരത്തെ പുറത്തുവിട്ട ടീസറുകളില്‍ നിന്നാണ് ടിവിഎസിന്റെ പുത്തന്‍ ഉല്‍പ്പന്നം ജുപ്പിറ്റര്‍ 110 ആയിരിക്കുമെന്ന് അനുമാനിക്കുന്നത്. ഓഗസ്റ്റ് 22-ന് ഉച്ചയോടെ പുത്തന്‍ സ്‌കൂട്ടറിന്റെ വില അറിയാന്‍ കഴിയും.
പലതരത്തിലുള്ള അപ്‌ഡേറ്റുകള്‍ ഈ സ്‌കൂട്ടറില്‍ ടിവിഎസ് വരുത്തുന്നുണ്ട്. അപ്‌ഡേറ്റഡ് ജുപ്പിറ്ററിന്റെ ടെസ്റ്റ് മ്യൂളുകള്‍ നിരത്തുകളില്‍ കണ്ടിട്ടില്ലെങ്കില്‍ പോലും സ്‌കൂട്ടറില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഡിസൈന്‍ അപ്ഡേറ്റുകള്‍ സ്‌കൂട്ടറിന് തികച്ചും പുതിയ രൂപം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സ്‌കൂട്ടറിന്റെ മുന്‍വശത്ത് ഹെറിസോണ്ടല്‍ എല്‍ഇഡി ഡിആര്‍എല്‍ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്. എല്‍ഇഡി ഹെഡ്‌ലൈറ്റ് താഴേക്ക് വരുന്നതോടെ സ്‌കൂട്ടറിന്റെ മുഖം തന്നെ മാറും.

സ്‌കൂട്ടറിന്റെ മുന്‍വശത്ത് കാര്യമായ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ഇതോടൊപ്പം വശങ്ങളിലും പിന്‍വശത്തും ഒരുപാട് മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. സ്‌കൂട്ടറിന് പുതിയ പാനലുകളും പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ സെക്ഷനും ലഭിച്ചേക്കും. നിലവിലെ യൂണിറ്റില്‍ നിന്ന് വ്യത്യസ്തമായ ടെയില്‍ ലൈറ്റ് അസംബ്ലിയായിരിക്കും ലഭിച്ചേക്കുക. ടോപ് സ്‌പെക് വേരിയന്റില്‍ ഓള്‍ എല്‍ഇഡി ലൈറ്റിംഗ് സെറ്റപ്പ് പ്രതീക്ഷിക്കുന്നു. ഫ്‌ലാറ്റ് ഫേ്‌ലാര്‍ബോര്‍ഡും വലിയ അണ്ടര്‍ സീറ്റ് സ്‌റ്റോറേജും നിലനിര്‍ത്തി പ്രായോഗികതയുടെ കാര്യം ഉറപ്പുവരുത്തും.
പുതിയ ജുപ്പിറ്ററില്‍ ടിവിഎസ് പുത്തന്‍ കളര്‍ ഓപ്ഷനുകളും ചേര്‍ത്തേക്കും. ടിവിഎസ് ഇതിനകം തന്നെ അതിന്റെ ജൂപ്പിറ്റര്‍ സ്‌കൂട്ടറില്‍ SmartXonnect വാഗ്‌ദാനം ചെയ്യുന്നു. വരാനിരിക്കുന്ന അപ്ഡേറ്റ് മോഡലിന്റെ ടോപ്‌സ്‌പെക് വേരിയന്റിലും ഇതേ കണക്റ്റിവിറ്റി ഫീച്ചര്‍ അവതരിപ്പിക്കും. ഇതിനായി ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഘടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, ബൂട്ട് ലിഡ് എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റ് ഫീച്ചറുകള്‍.
അപ്‌ഡേറ്റഡ് ജുപ്പിറ്ററിന്റെ പവര്‍ട്രെയിനില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല. നിലവിലെ മോഡലിന് കരുത്തേകുന്ന അതേ 109.7 സി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാകും അപ്‌ഡേറ്റഡ് മോഡലിന് തുടിപ്പേടുക. 7.77 bhp പവറും 8.8 Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ ഒരു സിവിടി ഗിയര്‍ ബോക്‌സുമായി ഇണചേര്‍ക്കും.
ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും ഹൈഡ്രോളിക് ഡാംപറോട് കൂടിയ കോയില്‍ സ്പ്രിംഗുകളുമായിരിക്കും സസ്‌പെന്‍ഷന്‍ സെറ്റപ്പില്‍ ഉണ്ടായിരിക്കുക. ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളും റിയര്‍ ഡ്രം ബ്രേക്കുകളും സ്റ്റാന്‍ഡേര്‍ഡായിക്കൊണ്ടായിരിക്കും 2024 ജുപ്പിറ്റര്‍ 110 വരിക. സിംഗിള്‍ ചാനല്‍ എബിഎസ് ആയിരിക്കാം പ്രധാന കൂട്ടിച്ചേര്‍ക്കൽ. നിലവില്‍ 76,867 രൂപ മുതലാണ് ഈ സ്‌കൂട്ടറിന്റെ വില ആരംഭിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന് 91895 രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്.
അപ്‌ഡേറ്റുകളുമായി എത്തുന്ന ജുപ്പിറ്ററിന് ചെറിയ തോതില്‍ വില വര്‍ധിക്കാനാണ് സാധ്യത. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളില്‍ ഒന്നായി തുടരുകയാണ് ടിവിഎസ് ജുപ്പിറ്റര്‍. ഇന്ത്യക്കാര്‍ക്കിടയില്‍ മികച്ച പേരുള്ള ഈ സ്‌കൂട്ടര്‍ നവീകരിച്ച് പുറത്തിറങ്ങുന്നതോടെ അതിന്റെ വില്‍പ്പന ഇനിയും വര്‍ധിക്കാനാണ് സാധ്യത. പെട്രോള്‍ സ്‌കൂട്ടറുകള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിന്ന് കടുത്ത വെല്ലുവിളി കൂടി നേരിടുന്ന സാഹചര്യത്തില്‍ ഈ അപ്‌ഡേറ്റ് അനിവാര്യമാണ്.


Click it and Unblock the Notifications








