70,000 രൂപ മുടക്ക്, ഫുള്‍ചാര്‍ജില്‍ 120 കി.മീ വരെ ഓടാം! ഡെലിവറിക്ക് പറ്റിയ ഇ-സ്‌കൂട്ടര്‍ എത്തിയിട്ടുണ്ടേ...
കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്ത് ഇ-കൊമേഴ്സ രംഗം തഴച്ച് വളര്‍ന്നിരിക്കുകയാണ്. അതുപോലെ തന്നെ നാട്ടിന്‍പുറങ്ങളിലെ ഭക്ഷണശാലകള്‍ വരെ ഭക്ഷണം ഹോം ഡെലിവറി ചെയ്ത് കൊടുക്കുന്നു. ഇതുപോലെ ലാസ്റ്റ് മൈല്‍ ഡെലിവറി സേവനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ ഒത്തിരി ഇലക്ട്രിക് ടൂവീലറുകള്‍ സമീപകാലത്തായി വിപണിയില്‍ എത്തുന്നുണ്ട്.
ഒരു കാലത്ത് ഇന്ത്യയില്‍ തരംഗമായിരുന്ന ഇ-ലൂണ ഇലക്ട്രിക് അവതാരത്തില്‍ പുനര്‍ജനിച്ചത് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ്. വ്യക്തിഗത ആവശ്യങ്ങള്‍ക്കൊപ്പം വാണിജ്യ ആവശ്യങ്ങള്‍ക്കും ഇ-ലൂണ ഉപയോഗിക്കാം. ഇപ്പോള്‍ കൈനറ്റിക് ഗ്രീനിന്റെ ഇ-ലൂണയോട് മത്സരിക്കാന്‍ വേഗ് ഓട്ടോമൊബൈൽസ് പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കി. DR!EV എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ആണ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ ഏറ്റവും പുതുതായി പുറത്തിറക്കിയത്.

ഇത് ഒരു മള്‍ട്ടി പര്‍പ്പസ് സ്‌കൂട്ടറാണ്. ഈ സ്‌കൂട്ടര്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെങ്കിലും വേഗ് ഓട്ടോ ഇത് പൂര്‍ണമായും ബിസിനസ്-ടു-ബിസിനസ് ഉപയോഗം കണക്കിലെടുത്താണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതായത്, വാണിജ്യാവശ്യത്തിന് മാത്രമുള്ള വാഹനമായാണ് ഡ്രൈവ് തയ്യാറാക്കിയിരിക്കുന്നത്. ചരക്കുകള്‍ കയറ്റി കൊണ്ടുപോകാനും ഉല്‍പ്പന്നള്‍ ഡെലിവറി ചെയ്യാനും ഈ വാഹനം അനുയോജ്യമായിരിക്കും. ഈ വരുന്ന മാര്‍ച്ച് മാസം മുതല്‍ വേഗ് ഡ്രൈവ് വില്‍പ്പനയ്ക്ക് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
കമ്പനിയുടെ ഔദ്യോഗിക സ്റ്റോറുകളില്‍ നിന്നും ഓണ്‍ലൈനില്‍ നിന്നും കോര്‍പറേറ്റ് ചാനലുകള്‍ വഴിയും ഇവി വാങ്ങാന്‍ സാധിക്കും. 70000 രൂപ മുതല്‍ 80000 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. പോര്‍ട്ട്‌ഫോളിയോയിലേക്കുള്ള ഈ കൂട്ടിച്ചേര്‍ക്കല്‍ കമ്പനിയുടെ കാല്‍പ്പാടുകള്‍ വിപുലീകരിക്കുന്നതിനും വാണിജ്യ ഇലക്ട്രിക് വാഹന വിപണിയുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂഡല്‍ഹിയില്‍ ഈ മാസം ആദ്യ വാരം നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2024-ല്‍ അരങ്ങേറിയ ശേഷമാണ് ഇപ്പോള്‍ വില പ്രഖ്യാപനം നടത്തിയത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ബി2ബി സെഗ്മെന്റില്‍ നിന്ന് 15 മുതല്‍ 20 ശതമാനം വരെ വരുമാനം നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതേസമയം ഉല്‍പ്പാദന ശേഷി വിപുലീകരിക്കുന്നതിലും വിപണിയില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പരമ്പരാഗത ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ പോലെയാണ് വേഗ് ഈ വാഹനവും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് ഡെലിവറി കൂടുതല്‍ കാര്യക്ഷമമാക്കുന്ന ചില പ്രത്യേക ഫീച്ചറുകളും ഉള്‍ക്കൊള്ളുന്നു. ഉദാഹരണത്തിന സാധനങ്ങള്‍ സംഭരിക്കുന്നതിന് ഇതിന് ഒരു പ്രത്യേക റാക്ക് നല്‍കിയിട്ടുണ്ട്. മാത്രമല്ല മുന്‍വശത്ത് അധിക സ്ഥലവും ലഭിക്കുന്നു. ഇവിയില്‍ ഇക്കോ, പവര്‍, സ്പോര്‍ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
മണിക്കൂറില്‍ 25 കിലോമീറ്റര്‍ മാത്രമാണ് ഉയര്‍ന്ന വേഗത. ഇത് ഒരു ലോ സ്പീഡ് ഇവി ആയതിനാല്‍ ഉപയോഗിക്കുന്നതിന് ഡ്രൈവിംഗ് ലൈസന്‍സോ ആര്‍സി ബുക്കോ ആവശ്യമില്ല. അസാധാരണമായ പെര്‍ഫോമന്‍സ് കൊണ്ട് വേഗ് ഡ്രൈവ് സെഗ്മെന്റില്‍ വേറിട്ട് നില്‍ക്കുന്നുവെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഇന്ത്യയിലെ എല്ലാത്തരം റോഡുകളും കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സമയബന്ധിതമായി ഡെലിവറികള്‍ സുഗമമാക്കാനും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും സാധിക്കും.
ഫുള്‍ ചാര്‍ജ് ചെയ്താല്‍ ഇ-സ്‌കൂട്ടര്‍ 120 കിലോമീറ്റര്‍ മുതല്‍ 140 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഇത് ഉയര്‍ന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്നതിനാല്‍ കൂടുതല്‍ ലാഭം നേടാനും കഴിയും. ഇവിയില്‍ ഘടിപ്പിച്ചിരിക്കുന്ന 1.9 kW ഇലക്ട്രിക് മോട്ടോര്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കും. ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് 0-80 ശതമാനം ചാര്‍ജ് ചെയ്യാന്‍ 3.5 മണിക്കൂര്‍ മുതല്‍ 4 മണിക്കൂര്‍ വരെ മാത്രമേ എടുക്കൂ.
ചാര്‍ജിംഗിന് സമയം നഷ്ടപ്പെടുത്തുന്നത് കുറയ്ക്കുകയും തുടര്‍ച്ചയായ പ്രവര്‍ത്തനം ഉറപ്പാക്കാനും ഈ ഇവി വഴി സാധിക്കും. നൂതന എഞ്ചിനീയറിംഗും പ്രീമിയം മെറ്റീരിയലുകളും കൊണ്ടാണ് ഈ ഉല്‍പ്പന്നം നിര്‍മിച്ചിരിക്കുന്നത്. എല്ലാ സാഹചര്യങ്ങളിലും ഇവി ഈട്, സുരക്ഷ, യാത്രാസുഖം എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല ഈ സ്‌കൂട്ടറിന്റെ ബാറ്ററി, മോട്ടോര്‍, കണ്‍ട്രോളര്‍ എന്നവിക്ക് വിപുലമായ വാറണ്ടി പായ്ക്കുകളും വേഗ് ഓഫര്‍ ചെയ്യുന്നു. വരുംദിവസങ്ങളില്‍ പുത്തന്‍ മോഡലുകള്‍ അവതരിപ്പിച്ച് സെഗ്‌മെന്റ് കൈയ്യടക്കാനാണ് വേഗ് ഓട്ടോയുടെ ശ്രമം.


Click it and Unblock the Notifications








