പുത്തൻ പ്രതീക്ഷകളുമായി വീണ്ടും RX തരംഗം വരുമോ, യമഹ പറഞ്ഞത് എന്താണെന്ന് അറിയാമോ
ഒരു കാലത്ത് കോളേജുകളിലും റോഡ് ട്രിപ്പുകളിലും രാജാവായി നിന്നിരുന്ന വാഹനങ്ങളാണ് യമഹയുടെ RX100,RD350 എന്നീ മോഡലുകൾ. കുറച്ച് നാളുകളായി മോഡലുകൾ തിരികെ വരുന്നു എന്ന വാർത്തകളും പോസ്റ്റുകളും ഉയരുന്നുണ്ട്. ഇത് പല ആർഎക്സ് പ്രേമികളുടേയും കണ്ണിൽ ഒരു തിളക്കം തന്നെ ഉണ്ടാക്കുന്നതാണ്. യമഹ എങ്ങനെയാണ് ഇത്തരം വാർത്തകളോട് പ്രതികരിച്ചതെന്നും, തിരിച്ചു വരവിന് പിന്നിലുളള സത്യാവസ്ഥ എന്താണ് എന്നുമാണ് ഈ ലേഖനത്തിൽ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
RX100 ബ്രാൻഡ് ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചുവരില്ലെന്ന് യമഹ ഔദ്യോഗികമായി സ്ഥിരീകരിച്ചുവെങ്കിലും'ആർഎക്‌സ്' എന്ന പേരിലാണ് യമഹ ഇപ്പോഴും പ്രവർത്തിക്കുന്നത്. യമഹ മോട്ടോർ ഇന്ത്യയുടെ ചെയർമാൻ ഇഷിൻ ചിഹാനയുടെ അഭിപ്രായത്തിൽ, RX100 ബ്രാൻഡിനെ തിരികെ കൊണ്ടുവരേണ്ട എന്ന തീരുമാനം അതിൻ്റെ വികാരപരമായ മൂല്യം നിലനിർത്താനുള്ള ആഗ്രഹം കൊണ്ടാണ്.

കമ്പനി നിലവിൽ RX100-ൻ്റെ പാരമ്പര്യത്തെ മാനിക്കുന്ന ഒരു ആധുനിക മോട്ടോർസൈക്കിൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഒരു ഇതിഹാസമായിരുന്ന RX100, 1990 കളിൽ അതിൻ്റെ ചടുലമായ പ്രകടനവും ഭാരം കുറഞ്ഞ രൂപകൽപ്പനയും കൊണ്ട് ഇന്ത്യൻ റൈഡർമാരുടെ ഹൃദയം കവർന്നതാണ്.
സജീവമായ 100 സിസി ടു-സ്ട്രോക്ക് എഞ്ചിൻ ഉപയോഗിച്ച് ഇത് "പോക്കറ്റ് റോക്കറ്റ്" എന്ന പദത്തിൻ്റെ പര്യായമായി മാറുകയും ചെയ്തു. RX100 ൻ്റെ ഏതൊരു പിൻഗാമിയും അതിൻ്റെ പ്രകടന നിലവാരവുമായി പൊരുത്തപ്പെടുന്നതിന് കുറഞ്ഞത് 200cc എഞ്ചിൻ വലുപ്പം ഉൾപ്പെടെ ചില മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് കമ്പനിയുടെ ഭാഗത്ത് നിന്നുളള പ്രതികരണം.

അതേസമയം, യമഹ RD350-ൻ്റെ തിരികെ വരവ് സംബന്ധിച്ച കിംവദന്തികളും കുറച്ചുകാലമായി ഇൻ്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. അടുത്തിടെ, യമഹ ജപ്പാൻ RZ350, RZ250 എന്നീ പേരുകൾ ട്രേഡ്മാർക്ക് ചെയ്തു, ഒരു ആധുനിക 350 സിസി മോട്ടോർസൈക്കിൾ അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടകുയും ചെയ്തു. ഐതിഹാസിക പ്രകടനത്തിനും കാലാതീതമായ രൂപകൽപ്പനയ്ക്കും പേരുകേട്ട RD350 യുടെ തിരികെ വരവിനായി കമ്പനി പദ്ധതിയിടുന്നതായി ലോകമെമ്പാടുമുള്ള മോട്ടോർസൈക്കിൾ പ്രേമികൾ പ്രതീക്ഷിക്കുന്നുണ്ട്.
യമഹ തങ്ങളുടെ N-മാക്സ് 155 ഭാരത് മൊബിലിറ്റി എക്സ്പോയിൽ അനാച്ഛാദനം ചെയ്തതിരുന്നു. ഈ മാക്‌സി-സ്‌കൂട്ടർ, അതിൻ്റെ സഹോദരനായ എയ്‌റോക്‌സ് 155 -ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സ്‌പോർട്ടിയർ ഡിസൈനും നൂതന സവിശേഷതകളും കൊണ്ട് സ്വയം വേറിട്ട് നിൽക്കുന്നു. N-മാക്സ് 155 -ന് വലിയ ഫ്രണ്ട് ഫെയറിംഗും ഡ്യുവൽ ഹെഡ്‌ലാമ്പുകളും ലഭിക്കുന്നു, ഇത് ഒരു ഇന്റഗ്രേറ്റഡ് വിൻഡ്‌സ്‌ക്രീനുമായി കണക്ട് ചെയ്യുന്നു, ഇത് മാക്സി സ്കൂട്ടറിൻ്റെ സ്‌പോർട്ടി & അഗ്രസ്സീവ് ലുക്ക് വർധിപ്പിക്കുക മാത്രമല്ല, മെച്ചപ്പെട്ട എയറോഡൈനാമിക്‌സ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
സ്റ്റെപ്പ്ഡ് സീറ്റാണ് ഇതിൽ ശ്രദ്ധേയമായ ഡിസൈൻ ഘടകം, ഇത് റൈഡറിനും പിലിയനും കൂടുതൽ റിലാക്സ് റൈഡിംഗ് പോസ്ചർ ഉറപ്പാക്കുന്നു, സ്റ്റൈലിൽ വിട്ടുവീഴ്ച ചെയ്യാതെ കംഫർട്ടിന് ഇത് ഊന്നൽ നൽകുന്നു. ലോംഗ് ഡിസ്റ്റൻസ് ഹൈവേ റണ്ണിന് ഈ ഘടകങ്ങൾ വളരെ മികവുറ്റതാവും എന്ന് പറയാം. സാങ്കേതികവിദ്യയെ സമന്വയിപ്പിക്കുന്നതിൽ ഒരു വമ്പൻ കുതിച്ചുചാട്ടം ഇതിൽ നമുക്ക് കാണാം, യമഹയുടെ 'മൈ റൈഡ്' ആപ്പുമായി കണക്ട് ചെയ്യുന്ന ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ N-മാക്സ് 155 അവതരിപ്പിക്കുന്നു. ഈ സംയോജനം ബ്ലൂടൂത്ത് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു.
സ്‌കൂട്ടറിൻ്റെ ഡിസ്‌പ്ലേയിൽ നിന്ന് ഉപഭോക്താക്കളുടെ സ്മാർട്ട്‌ഫോണിൻ്റെ ബാറ്ററി നില നേരിട്ട് നിരീക്ഷിക്കുന്നതിനൊപ്പം റൈഡർമാർക്ക് ഇമെയിൽ, കോൾ, ടെക്‌സ്‌റ്റ് അലേർട്ടുകൾ ആക്സസ് ചെയ്യാൻ പ്രാപ്‌തമാക്കുന്നു. കണക്റ്റഡ് & ഇൻഫോർമ്ഡ് റൈഡിംഗ് എക്സ്പീരിയൻസ് നൽകാനുള്ള യമഹയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ കണക്റ്റിവിറ്റി ഫീച്ചർ എന്ന് പറയാം.
N-മാക്സ് 155 -ൻ്റെ ഹൃദയം എന്നത് 155 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ്, ഇത് എയറോക്സ് 155-മായി പങ്കിടുന്നു. ഈ പവർട്രെയിൻ 15 bhp മാക്സ് പവറും 14 Nm torque ഉം നൽകുന്നു, കൂടാതെ ഇന്ധനക്ഷമത വർധിപ്പിക്കുന്നതിന് ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്ഷനും സജ്ജീകരിച്ചിരിക്കുന്നു.
V -ബെൽറ്റ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ചേർന്ന്, N -മാക്സ് 155, അർബൻ യാത്രയുടെയും ഉല്ലാസ യാത്രകളുടെയും ആവശ്യങ്ങൾ ഒരുപോലെ നിറവേറ്റുന്ന, സുഗമവും റെസ്പോൺസീവ് റൈഡ് വാഗ്ദാനം ചെയ്യുന്നു. ഇത് ഉപഭോക്താക്കളെ ഈ സെഗ്മെന്റിലേക്ക് ആകൃഷ്ടരാവാനുള്ള സാധ്യതകൾ മെച്ചപ്പെടുത്തുന്നു. ഇന്ത്യൻ വിപണിയിൽ ഇത് യമഹയുടെ പൊസിഷനും മെച്ചപ്പെടുത്താം.
യമഹ N-മാക്സ് 155 -ൻ്റെ കഴിവുകളും സവിശേഷതകളും പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയിൽ ഈ മാക്സി സ്കൂട്ടറിൻ്റെ ഔദ്യോഗിക ലോഞ്ച് തീയതിയെക്കുറിച്ച് കമ്പനി ഇതുവരെ ഒന്നു വ്യക്തമാക്കിയിട്ടില്ല. മത്സരാധിഷ്ഠിതമായ ഇന്ത്യൻ സ്‌കൂട്ടർ വിപണിയിൽ N-മാക്സ് 155 എങ്ങനെയായിരിക്കുമെന്ന് കാണാൻ ആകാംക്ഷ ഉയരുകയാണ്.


Click it and Unblock the Notifications








