ലുക്കിനൊപ്പം സൗകര്യവും കൂടി! ആക്‌സസറി പാക്കേജ് ഫ്രീയായി നല്‍കി എന്‍ഫീല്‍ഡിന്റെ എതിരാളി
തങ്ങളുടെ യെസ്ഡി റോഡ്‌സ്റ്റര്‍ മോഡല്‍ വാങ്ങുന്ന ഇന്ത്യയിലെ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്കായി ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് (Jawa Yezdi Motorcycles) കിടിലന്‍ ഒരു ഓഫര്‍ അവതരിപ്പിച്ചു. റൈഡിംഗ് പൊസിഷന്‍ അപ്‌ഡേറ്റുകള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് മോഡല്‍ പുറത്തിറങ്ങിയത്. ഇപ്പോള്‍ അധിക ചെലവില്ലാതെ ഐതിഹാസികമായ യെസ്ഡി റോഡ്സ്റ്ററില്‍ ഒരു കോംപ്ലിമെന്ററി ട്രെയില്‍ പായ്ക്ക് ഉള്‍പ്പെടുത്തിയിരിക്കുകയാണ് ബ്രാന്‍ഡ്. 16,000 രൂപ വിലമതിക്കുന്ന ട്രെയില്‍ പായ്ക്ക് പരിമിതമായ കാലത്തേക്കാണ് സൗജന്യമായി ലഭ്യമാകുക. അവശ്യ സാധനങ്ങള്‍ കൊണ്ടുപോകാനുള്ള സാഡില്‍ബാഗുകള്‍, കൂടുതല്‍ സുഖപ്രദമായ യാത്രയ്ക്കുള്ള വിസര്‍ കിറ്റ്, ഹെഡ്‌ലൈറ്റ് ഗ്രില്ല്, പില്ല്യണ്‍ ബാക്ക്‌റെസ്റ്റ് എന്നിവയാണ് ട്രെയില്‍ പായ്ക്കില്‍ ഉള്‍പ്പെടുന്നത്.
ഈ ആക്‌സസറി പാക്കേജ് റോഡ്സ്റ്ററിനെ (Yezdi Roadster) വിവിധ റൈഡിംഗ് ശൈലികള്‍ക്ക് അനുയോജ്യമാക്കുന്നു. സുഖപ്രദമായ സീറ്റ് ഉയരവും തന്ത്രപരമായി സ്ഥാപിച്ചിരിക്കുന്ന ഫുട്പെഗുകളും മനോഹരമായ വഴികള്‍ അനായാസമായി പര്യവേക്ഷണം ചെയ്യാന്‍ റൈഡര്‍മാരെ അനുവദിക്കുന്നു. ദീര്‍ഘദൂര യാത്രകളില്‍ റൈഡര്‍ക്ക് കൂടുതല്‍ സുഖസൗകര്യങ്ങള്‍ ആസ്വദിക്കാമെന്ന് മാത്രമല്ല ട്രെയില്‍ പായ്ക്കില്‍ (Trail Pack) ഉള്‍ക്കൊള്ളുന്ന ക്രാഷ് ഗാര്‍ഡ് റൈഡറിനും മോട്ടോര്‍സൈക്കിളിനും സംരക്ഷണവും നല്‍കുന്നു.

ഉപയോഗത്തില്‍ ഇല്ലാത്ത സമയത്ത് നിങ്ങളുടെ യെസ്ഡി റോഡ്സ്റ്റര്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാനായി ഒരു ബൈക്ക് കവറും ട്രെയില്‍ പായ്ക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിറ്റി, ഹൈവേ, ഓഫ്-റോഡ് എന്ന് തുടങ്ങി യെസ്ഡി റോഡ്സ്റ്റര്‍ ട്രെയില്‍ പായ്ക്ക് നിങ്ങളെ ഏത് സാഹസികതയ്ക്കും സജ്ജരാക്കുന്നു. റൈഡര്‍മാര്‍ക്ക് ആസ്വാദ്യകരവും ആത്മവിശ്വാസമുള്ളതുമായ സവാരിക്ക് ആവശ്യമായതെല്ലാം നല്‍കാനാണ് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ലക്ഷ്യമിടുന്നത്.
ആക്‌സസറീസ് പായ്ക്ക് ഉള്‍ക്കൊള്ളിച്ചതല്ലാതെ ബൈക്കിന്റെ പെര്‍ഫോമന്‍സ്, ഫീച്ചറുകള്‍, ഹാര്‍ഡ്‌വെയര്‍ എന്നിവയില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. ജാവ റോഡ്‌സ്റ്ററിന്റെ 334 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് DOHC എഞ്ചിന്‍ ലോക പ്രശസ്തമാണ്. 28.6 bhp പവറും 29.4 Nm പീക്ക് നല്‍കുന്ന ഈ എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ച് സാങ്കേതികവിദ്യയുള്ള ഗിയര്‍ബോക്‌സ് തടസമില്ലാത്ത ഗിയര്‍ ഷിഫ്റ്റിംഗ് ഉറപ്പാക്കുകയും ബൈക്കിനെ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമാക്കുകയും ചെയ്യുന്നു.

18-17 ഇഞ്ച് അലോയ് വീലിലാണ് റോഡ്സ്റ്റര്‍ സഞ്ചരിക്കുന്നത്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഇരട്ട ഷോക്കുമാണ് യെസ്ഡി റോഡ്സ്റ്റര്‍ ബൈക്കില്‍ സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. കൂടാതെ ഡ്യുവല്‍ ചാനല്‍ എബിഎസിനൊപ്പം രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു. 12.5 ലിറ്ററിന്റെ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയുള്ള മോഡേണ്‍ ക്ലാസിക് ഓഫറിന് 194 കിലോഗ്രാം ആണ് കെര്‍ബ് ഭാരം.
ഫോര്‍വേഡ് സെറ്റ് ഫൂട്ട് പെഗുകള്‍, ഉയരം കൂടിയ ഹാന്‍ഡില്‍ബാര്‍, പുനര്‍രൂപകല്‍പ്പന ചെയ്ത റിയര്‍ വ്യൂ മിററുകള്‍ എന്നിവയുള്‍പ്പെടെയുള്ള എര്‍ഗണോമിക് മാറ്റങ്ങള്‍ക്കൊപ്പം യെസ്ഡി റോഡ്സ്റ്ററിന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ശ്രദ്ധേയമായ ഒരു അപ്ഡേറ്റ് ലഭിച്ചിരുന്നു. പുതിയ അലോയ് വീലുകളും ചേര്‍ത്തായിരുന്നു യെസ്ഡി റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ പുതുക്കിയത്.

ട്രെയില്‍ പാക്കിനൊപ്പം ഫുള്ളി ലോഡഡ് യെസ്ഡി റോഡ്സ്റ്റര്‍ സ്വന്തമാക്കാന്‍ 2.09 ലക്ഷം രൂപയിലാണ് മുടക്കേണ്ടത്. എക്സ്-ഷോറൂം വിലയാണിത്. കരുത്തുറ്റ ഫീച്ചറുകളും സ്‌റ്റൈലിഷ് ഡിസൈനും സംയോജിപ്പിച്ച് റൈഡിംഗ് ആവേശം പുനര്‍നിര്‍വചിക്കുന്നതിനാണ് ഈ ഓഫര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ എല്ലാ സീസണുകളും റൈഡിംഗ് സീസണായതിനാല്‍ യെസ്ഡി റോഡ്സ്റ്റര്‍ സ്വന്തമാക്കാന്‍ ഇനിയും ഒട്ടും വൈകിക്കേണ്ടതില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








