സ്‌കൂട്ടറിന്റെ കംഫര്‍ട്ട്, ബൈക്കിന്റെ കരുത്ത്! 1.20 ലക്ഷത്തിന് 2025 അപ്രീലിയ SR 125 വിപണിയില്‍
നിലവില്‍ ആഭ്യന്തര വിപണിയിലെ വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ക്കിടയില്‍ സ്‌കൂട്ടറുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡാണ്. അതേസമയം, അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്നതിന് സൗകര്യമുളളതിനാല്‍ ദെനംദിന യാത്രയ്ക്ക് സ്‌കൂട്ടറുകള്‍ ഒരു മികച്ച ഓപ്ഷനായി മാറുകയാണ്. സ്‌കൂട്ടറുകള്‍ ഓടിക്കാന്‍ വളരെ എളുപ്പമാണ്. സ്‌കൂട്ടറുകളുടെ ഗണത്തില്‍ പെടുത്താമെങ്കിലും ബൈക്കിന്റെ പവറുള്ള സ്‌പോര്‍ട്‌സ് സ്‌കൂട്ടറുകളും ഇന്ന് ലഭ്യമാണ്. അത്തരത്തില്‍ ചില സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്ന കമ്പനിയാണ് അപ്രീലിയ. ബ്രാന്‍ഡ് ഇന്ത്യയില്‍ എത്തിക്കുന്ന ഏറ്റവും പവര്‍ഫുളായ എയര്‍ കൂള്‍ഡ് സ്‌കൂട്ടറായ അപ്രീലിയ SR 175 എന്ന മോഡലിന് പിന്നാലെ അതന്റെ കുഞ്ഞിനിയനും വിപണിയില്‍ എത്തി.
ഇത് പഴയ അപ്രീലിയ SR 125 ന്റെ നവീകരിച്ച പതിപ്പാണ്. അത് ഇപ്പോഴും വില്‍പ്പനയില്‍ തുടരുന്നു. പുതിയ അപ്രീലിയ SR 125 hp.e പുതുക്കിയ ലിവറി, പുതിയ കളര്‍ ഓപ്ഷനുകള്‍, മെച്ചപ്പെടുത്തിയ സാങ്കേതിക സവിശേഷതകള്‍ എന്നിവ പായ്ക്ക് ചെയ്താണ് വരുന്നത്. പുതിയ ഇറ്റാലിയന്‍ സ്‌കൂട്ടറിന്റെ വിശേഷങ്ങള്‍ ചുവടെ വിശദമായി വായിക്കാം.

പഴയ SR 125 ന്റെ അതേ ബോഡി സ്‌റ്റൈല്‍ പുതിയ അപ്രീലിയ SR 125 hp.e നിലനിര്‍ത്തുന്നു. എന്നിരുന്നാലും, പുതിയ കളര്‍ ഓപ്ഷനുകളും പുതുക്കിയ ലിവറിയും ഉപയോഗിച്ച് ഇതിനെ വേറിട്ടതായി മാറ്റിയിട്ടുണ്ട്. പ്രിസ്മാറ്റിക് ഡാര്‍ക്ക്, മാറ്റ് ബ്ലാക്ക് നിറത്തോടുകൂടിയ ഗ്ലോസി റെഡ്, ടെക് വൈറ്റ് എന്നിവയാണ് സ്‌കൂട്ടറില്‍ ലഭ്യമാകുന്ന കളര്‍ ഓപ്ഷനുകള്‍. അപ്രിലിയയുടെ തനതായ രൂപഭംഗിയോടെയാണ് SR 125 വരുന്നത്.
ഇതിന് വിശാലമായ സീറ്റും 14 ഇഞ്ച് അലോയ് വീലുകളും കാര്‍ബണ്‍ ഫിനിഷ് ഡീറ്റെയിലംഗുമുണ്ട്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി 5.5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും ഹെഡ്ലാമ്പിനും ഇന്‍ഡിക്കേറ്ററുകള്‍ക്കുമായി ഫുള്‍ എല്‍ഇഡി ലൈറ്റിംഗും ഇതില്‍ അധികമായി നല്‍കിയിട്ടുണ്ട്. SR 175 വേരിയന്റിലെ പ്രീലോഡ് അഡ്ജസ്റ്റബിള്‍ യൂണിറ്റിന് പകരം ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്‌പെന്‍ഷനും സ്റ്റാന്‍ഡേര്‍ഡ് റിയര്‍ ഷോക്കുമാണ് ഈ സ്‌പോര്‍ട്‌സ് സ്‌കൂട്ടറിലുള്ളത്.
ബ്രേക്കിംഗിനായി 220mm ഫ്രണ്ട് ഡിസ്‌കും ട്വിന്‍ പിസ്റ്റണ്‍ ഫ്‌ലോട്ടിംഗ് കാലിപ്പറും പിന്‍ ഡ്രം ബ്രേക്കുമാണ് ഇതിലുള്ളത്. സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി സ്‌പോര്‍ട്‌സ് സ്‌കൂട്ടറില്‍ ഹൈഡ്രോളിക് സിബിഎസ് (Combined Braking System) ഇതില്‍ നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും എബിഎസ് (Anti-lock Braking System) ഇതില്‍ ലഭ്യമല്ല. താങ്ങുന്ന വിലയില്‍ സേഫ്റ്റി കൂട്ടാനായാണ് ഈ പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുന്നത്.
ഈ മോഡലില്‍ കമ്പനിയുടെ ഉയര്‍ന്ന പ്രകടനശേഷിയുള്ള എഞ്ചിന്‍ പ്ലാറ്റ്ഫോം (hp.e) അവതരിപ്പിക്കുന്നു. അപ്രീലിയ SR 125 hp.e -ന് കരുത്തേകുന്നത് 124.45 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍, 4-സ്‌ട്രോക്ക്, SOHC, 3-വാല്‍വ് എഞ്ചിനാണ്. ഇത് 10.60 PS പവറും 10.4 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ കര്‍ശനമായ OBD-2B എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നു.
ഇലക്ട്രോണിക് ഫ്യുവല്‍ ഇഞ്ചക്ഷനും 3-വാല്‍വ് സജ്ജീകരണവും ഉപയോഗിച്ച്, എഞ്ചിന്‍ സുഗമമായ പവര്‍ ഡെലിവറി, കുറഞ്ഞ എമിഷന്‍ എന്നിവ ഉറപ്പാക്കുന്നു. പതിവായി സ്റ്റാര്‍ട്ടാക്കുകയും ഒഫാക്കുകയും വേണ്ട നഗരങ്ങളില്‍ഇത് അനുയോജ്യമാണ്.പുതിയ അപ്രീലിയ SR 125 hp.e സ്‌കൂട്ടറില്‍ തല്‍ക്ഷണ ത്രോട്ടില്‍ റെസ്‌പോണ്‍സിനായി ട്യൂണ്‍ ചെയ്തിരിക്കുന്ന ഒരു സിവിടി ട്രാന്‍സ്മിഷന്‍ ലഭിക്കുന്നു. ഇടുങ്ങിയ നഗരവീഥികള്‍ ചുറ്റാന്‍ ഇത് ഉപയോഗപ്രദമാണ്. നഗരവീഥികളിലും തുറന്ന റോഡുകളില്‍ ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കുമ്പോഴും സുഗമമായ ആക്‌സിലറേഷന്‍ പ്രതീക്ഷിക്കാം.
ഔദ്യോഗിക മൈലേജ് കണക്കുകള്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും പുതിയ അപ്രീലിയ SR 125 hp.e ലിറ്ററിന് ഏകദേശം 40 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് പ്രതീക്ഷിക്കാം.90kmph ആണ് പരമാവധി വേഗത.അപ്രീലിയ SR 125 hp.e മോഡലിന് 1.20 ലക്ഷം രൂപയാണ് വില. അപ്രീലിയ മോഡല്‍ ടിവിഎസ് എന്‍ടോര്‍ഖ് 125, ഹീറോ സൂം 125 , യമഹ റേZR 125 എന്നിവയുമായി മത്സരിക്കും.
ഈ ഗ്രൂപ്പിലെ ഏറ്റവും താങ്ങാനാവുന്ന മോഡല്‍ 86500 രൂപയ്ക്ക് വില്‍ക്കുന്ന യമഹ റേZR (ഡിസ്‌ക്) ആണ്. ടിവിഎസ് എന്‍ടോര്‍ക്ക് 125 ഡിസ്‌ക് വേരിയന്റ് 87,500 രൂപ പ്രാരംഭ വിലയിലും ഹീറോ സൂം 125 ഡിസ്‌ക് വേരിയന്റ് 92,900 രൂപയ്ക്കും വാങ്ങാം. 125cc സെഗ്മെന്റിലെ മറ്റ് മോഡലുകളെക്കാള്‍ അല്‍പ്പം ഉയര്‍ന്ന വിലയുണ്ടെങ്കിലും അപ്രീലിയ ഈ സ്‌കൂട്ടറിനെ ഒരു ലൈഫ്സ്റ്റൈല്‍ ഉല്‍പ്പന്നമായിട്ടാണ് അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications








