നാടൻ വിറയലും ഫോറിൻ വികാരവും തമ്മിലൊരു താരതമ്യം ആയാലോ! ഹാർലി ഡേവിഡ്സൺ X440T -യും ബുളളറ്റും മാറ്റുരയ്ക്കാം
ഇന്ത്യൻ വിപണിയിൽ അടുത്തിടെ അവതരിപ്പിച്ച പുത്തൻ ഹാർലി-ഡേവിഡ്‌സൺ X440T, മെച്ചപ്പെട്ട ഫീച്ചറുകളും ആകർഷകമായ ഡിസൈൻ കൊണ്ട് യുവാക്കളുടെ ഇടയിൽ ശ്രദ്ധേയമാവുകയാണ്. റോയൽ എൻഫീൽഡ് ക്ലാസിക് 350-ക്ക് നേരിട്ടുള്ള എതിരാളിയായി റെട്രോ മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഇടംപിടിച്ചിട്ടുള്ള ഈ മോഡൽ, അതിന്റെ വരവോടെ വിപണിയിൽ പുതിയൊരു മത്സരത്തിന് വഴിതുറന്നിരിക്കുകയാണ്. ഈ രണ്ട് റെട്രോ ബൈക്കുകളേയും ഒന്ന് വിശദമായി തന്നെ താരതമ്യം ചെയ്ത് നോക്കിയാലോ. റോയൽ എൻഫീൽഡ് നാടൻ വികാരമെങ്കിൽ ഹാർലി ഡേവിഡ്സണെ സംബന്ധിച്ചിടത്തോളം പുളളിക്കാരൻ അങ്ങ് വിദേശത്ത് നിന്നാണല്ലോ. ഹാർലിക്കും യുവാക്കളുടെ ഇടയിൽ അത്യാവശം ഫാൻ ബേസുണ്ട്.
ഹാർലി-ഡേവിഡ്‌സൺ X440T ഒരു 440 സിസി എയർ/ഓയിൽ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനോടുകൂടിയാണ് എത്തുന്നത്. ഇത് 6,000 ആർപിഎമ്മിൽ 27 bhp കരുത്തും 4,000 ആർപിഎമ്മിൽ 38 nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം, റോയൽ എൻഫീൽഡ് ക്ലാസിക് 350-യുടെ 349 സിസി എയർ/ഓയിൽ കൂൾഡ് എഞ്ചിൻ 6,100 ആർപിഎമ്മിൽ 20.2 bhp കരുത്തും 4,000 ആർപിഎമ്മിൽ 27 nm പീക്ക് ടോർക്കും നൽകുന്നു.

6-സ്പീഡ് ഗിയർബോക്സ് ആണ് ഹാർലി-ഡേവിഡ്‌സൺ X440T-യിൽ ജോടിയാക്കിയിരിക്കുന്നത് , റോയൽ എൻഫീൽഡ് ക്ലാസിക് 350-യിലെ 5-സ്പീഡ് ഗിയർബോക്സിനെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് വാഗ്ദാനം ചെയ്യുന്നത്. ക്ലാസിക് 350 ഒരു സാധാരണ ക്രൂയിസർ മോട്ടോർസൈക്കിളാണെങ്കിലും, X440T വിവിധ ആവശ്യങ്ങൾക്ക് അനുയോജ്യമാണ്. ഇത് സ്പോർട്ടിയായും ഹൈവേ യാത്രകൾക്ക് ക്രൂസറായും ഉപയോഗിക്കാം.
വലിപ്പത്തിന്റെ കാര്യത്തിൽ ഹാർലി-ഡേവിഡ്‌സൺ X440T, റോയൽ എൻഫീൽഡ് ക്ലാസിക് 350-യേക്കാൾ അല്പം വലുതാണ് എന്ന് തന്നെ പറയേണ്ടി വരും. X440T-ക്ക് 2156 mm നീളവും 818 mm വീതിയുമുണ്ട്. ക്ലാസിക് 350-ക്ക് 2145 mm നീളവും 785 mm വീതിയുമാണുള്ളത്. ഭാരത്തിന്റെ കാര്യത്തിൽ ക്ലാസിക് 350 (195 കിലോഗ്രാം) X440T (192 കിലോഗ്രാം) യേക്കാൾ അല്പം ഭാരമേറിയതാണ്.

ഗ്രൗണ്ട് ക്ലിയറൻസ് (170 mm), ഡ്രൈവർ സീറ്റിന്റെ ഉയരം (805 mm) എന്നിവ രണ്ട് ബൈക്കുകളിലും ഒരുപോലെയാണ്. ഇന്ധന ശേഷിയിൽ X440T-ക്ക് 13.5 ലിറ്ററും ക്ലാസിക് 350-ക്ക് 13 ലിറ്ററുമാണ്. സുരക്ഷയും മറ്റ് മെക്കാനിക്കൽ സവിശേഷതകളും പരിഗണിക്കുമ്പോൾ, രണ്ട് ബൈക്കുകളിലും ഡ്യുവൽ-ചാനൽ എബിഎസ്, ഡിസ്ക് ബ്രേക്കുകൾ, അലോയ് വീലുകൾ എന്നിവ ലഭ്യമാണ്.
X440T-യിൽ 43 എംഎം കയാബ (KYB) യുഎസ്ഡി ഫോർക്കുകളാണ് മുൻ സസ്‌പെൻഷനായുള്ളത്. പിന്നിൽ 7-സ്റ്റെപ്പിൽ ക്രമീകരിക്കാവുന്ന ഇരട്ട ഷോക്ക് അബ്സോർബറുകളുമുണ്ട്. ക്ലാസിക് 350-യിൽ 41 എംഎം ടെലിസ്കോപിക് ഫോർക്കുകളും 6-സ്റ്റെപ്പിൽ ക്രമീകരിക്കാവുന്ന ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് സസ്‌പെൻഷനായി നൽകിയിരിക്കുന്നത്. മികച്ച റെട്രോ രൂപം ഇഷ്ടപ്പെടുന്നവർക്കായി സ്പോക്ക് വീലുകളോടും ട്യൂബ് ടയറുകളോടും കൂടി ക്ലാസിക് 350 ലഭ്യമാണ്.
ടെക്നോളജിപരമായ സവിശേഷതകളിൽ, ഹാർലി-ഡേവിഡ്‌സൺ X440T റൈഡ് മോഡുകൾ (റോഡ്, റെയിൻ), ട്രാക്ഷൻ കൺട്രോൾ, പാനിക് ബ്രേക്കിംഗ് അലേർട്ട്, 3.5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ തുടങ്ങിയ പ്രീമിയം ഫീച്ചറുകളോടെയാണ് എത്തുന്നത്. ഈ ഡിസ്പ്ലേ ബ്ലൂടൂത്ത് വഴി മൊബൈൽ ഫോൺ കോളുകൾക്കും സന്ദേശങ്ങൾക്കും അലേർട്ടുകൾ നൽകുകയും പാട്ടുകൾ നിയന്ത്രിക്കാനും നാവിഗേഷൻ സൗകര്യങ്ങൾ ലഭ്യമാക്കാനും സഹായിക്കുന്നു.
റോയൽ എൻഫീൽഡ് ക്ലാസിക് 350-ൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രേക്ക് ലിവറുകൾ എന്നിവയുൾപ്പെടെയുള്ള അത്യാവശ്യ സവിശേഷതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിന് സെമി-ഡിജിറ്റൽ ക്ലസ്റ്റർ, കണക്റ്റിവിറ്റി, നാവിഗേഷൻ, ഗിയർ ഇൻഡിക്കേറ്റർ എന്നിവയുമുണ്ട്.


Click it and Unblock the Notifications








