പിരിഞ്ഞു പോയ കൊമ്പൻമാർ തമ്മിൽ ഏറ്റുമുട്ടുന്നു; കൈനറ്റിക്ക് DX VS ഹോണ്ട ആക്ടിവ ഇ ഒരു താരതമ്യം
ഇതിഹാസ മോഡലായിരുന്ന കൈനറ്റിക്ക് വീണ്ടും തിരിച്ചുവന്നിരിക്കുകയാണ്. 1984-ൽ സ്ഥാപിതമായ കൈനറ്റിക് എഞ്ചിനീയറിംഗും ഹോണ്ട മോട്ടോർ കമ്പനിയും തമ്മിലുള്ള സംയുക്ത മോഡലായിരുന്ന കൈനറ്റിക്ക് ഹോണ്ട. പുതുതായി അവതരിപ്പിച്ച കൈനറ്റിക് ഹോണ്ട DX മോഡൽ ഹോണ്ടയുടെ NH100 അടിസ്ഥാനമാക്കിയുള്ളതാണ്. DX, DX പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി വരുന്ന ഇവിക്ക് യഥാക്രമം 1.11 ലക്ഷം, 1.17 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഇവി സ്കൂട്ടർ സെഗ്മെൻ്റിൽ ഇപ്പോൾ മത്സരം കടുത്ത് വരികയാണ്. ഹോണ്ട തങ്ങളുടെ ആക്ടിവ ഇ അവതരിപ്പിച്ച് വിപണി പിടിക്കുകയാണ്. പണ്ട് ഒന്നിച്ച് നിന്ന ബ്രാൻഡുകൾ അവതരിപ്പിച്ച സ്കൂട്ടറുകൾ തമ്മിലൊരു താരതമ്യം ആയാലോ.
കൈനറ്റിക് ബ്രാൻഡിംഗോടുകൂടിയ സ്റ്റബ്ബി വൈസർ പണ്ടത്തെ കൈനറ്റിക് ഹോണ്ട DX സ്‌കൂട്ടറിനെ ഓർമപ്പെടുത്തുന്ന കാര്യമാണ്. വൈറ്റ്, ബ്ലൂ, റെഡ്, ബ്ലാക്ക്, സിൽവർ എന്നിങ്ങനെ സ്റ്റൈലനായ 5 കളർ ഓപ്ഷനിൽ ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാനാവും. 4.8kW ഹബ്-മൗണ്ടഡ് BLDC ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 2.6kWh LFP ബാറ്ററി പായ്ക്കാണ് ഇവിയിൽ ഉപയോഗിച്ചിരിക്കുന്നത്.

സിംഗിൾ ചാർജിൽ കൈനറ്റിക് DX ഇലക്ട്രിക് സ്‌കൂട്ടർ 116 കിലോമീറ്റർ IDC റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നാണ് കമ്പനിയുടെ അവകാശവാദം. പക്ഷേ ARAI കണക്കുകൾ ബ്രാൻഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇവിയുടെ പരമാവധി വേഗത 90 കിലോമീറ്ററായും നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ റേഞ്ച്, പവർ, ടർബോ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും സ്കൂട്ടറിൽ ഒരുക്കിയിട്ടുണ്ട്. പാർക്കിംഗ് അസിസ്റ്റിനായി ഒരു റിവേഴ്‌സ് മോഡും ലഭ്യമാണ്.
ആക്ടിവ ഇ മോഡലിലേക്ക് നോക്കിയാൽ 1.17 ലക്ഷം രൂപ മുതലാണ് ഹോണ്ട ആക്‌ടിവ ഇവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. സ്റ്റാൻഡേർഡ്, റോഡ്സിങ്ക് എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമായ ഇലക്ട്രിക് സ്കൂട്ടറിന്റെ രണ്ടാമത്തെ മോഡലിന് വില 1.52 ലക്ഷം രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. വില അൽപം കൂടുതലായി തോന്നാമെങ്കിലും നല്ല വൃത്തിയുള്ള ഡിസൈനും ഹോണ്ടയുടെ വിശ്വാസവും കൂടിയാവുമ്പോൾ ഇതൊരു അമിത വിലയായി പലർക്കും തോന്നിയേക്കില്ല.

2024 നവംബറിൽ പ്രദർശിപ്പിച്ച ആക്‌ടിവ ഇവിക്കായുള്ള ബുക്കിംഗ് ജനുവരി ആദ്യം തന്നെ കമ്പനി ആരംഭിച്ചിരുന്നു. 6kW പവറിൽ 22 Nm torque ഉത്പാദിപ്പിക്കാനാവുന്ന രണ്ട് 1.5kWh സ്വാപ്പബിൾ ബാറ്ററി പായ്ക്കുമായാണ് ആക്‌ടിവയുടെ ഇലക്ട്രിക് പതിപ്പ് വിപണിയിൽ എത്തുന്നത്. സ്വിംഗാർമിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുമായിട്ടാണ് ബാറ്ററി പായ്ക്ക് ജോടിയാക്കിയിരിക്കുന്നത്. സിംഗിൾ ചാർജിൽ ആക്ടിവയ്ക്ക് 102 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും.
കൈനറ്റിക് DX ഇവി ആളൊരു മിടുക്കനാണ് കേട്ടോ. ക്രൂയിസ് കൺട്രോൾ, 8.8 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ബിൽറ്റ്-ഇൻ സ്പീക്കർ, കീലെസ് സിസ്റ്റം, ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളെല്ലാം ഇവിയിൽ കുത്തിനിറച്ചാണ് വിപണത്തിന് എത്തിച്ചിരിക്കുന്നത്. കൂടുതൽ സൗകര്യത്തിനായി സ്കൂട്ടറിന്റെ ബോഡിയിൽ ചാർജർ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു സവിശേഷമായ ഈസി ചാർജ് സിസ്റ്റവും ഇതിലുണ്ടെന്നത് ആരേയും ആശ്ചര്യപ്പെടുത്തുന്ന സംഗതിയാണ്.

എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎൽ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, എസ്എംഎസ് അലേർട്ടുകൾ എന്നിവയുള്ള ടിഎഫ്ടി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഹോണ്ട റോഡ്‌സിങ്ക് ഡ്യുവോ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി ഫീച്ചറുകൾ, സ്മാർട്ട് ഫൈൻഡ്, സ്മാർട്ട് സേഫ്, സ്മാർട്ട് അൺലോക്ക്, സ്മാർട്ട് സ്റ്റാർട്ട് എന്നിവ ഉൾപ്പെടുന്ന ഹോണ്ടയുടെ H-സ്മാർട്ട് സവിശേഷതകൾ പോലുള്ള മോഡേൺ സാങ്കേതികവിദ്യകളും ആക്ടിവ ഇവിയിൽ കമ്പനി നൽകിയിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








