പഴയ ആളേ അല്ല, ഹിമാലയനെ പൂട്ടാന്‍ പുതിയ 390 അഡ്വഞ്ചര്‍ റേഞ്ച് പുറത്തിറക്കി KTM
യൂത്തിന്റെ ഹരമായ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് കെടിഎം. ഓസ്ട്രിയന്‍ വാഹന നിര്‍മാതാക്കള്‍ കടക്കെണിയിലാണെങ്കിലും അത് തങ്ങളുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് പങ്കാളികളായ ബജാജ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ബൈക്ക് വീക്ക് 2024-ല്‍ പ്രദര്‍ശിപ്പിച്ച ശേഷം കെടിഎം പുതിയ അഡ്വഞ്ചര്‍ 390 റേഞ്ച് ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 2025 കെടിഎം 390 അഡ്വഞ്ചര്‍ X, അഡ്വഞ്ചര്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് എത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 3.68 ലക്ഷവും അഡ്വഞ്ചര്‍ X-ന് 2.9 ലക്ഷം രൂപയുമാണ് വില (എക്‌സ്-ഷോറൂം). കെടിഎം 390 അഡ്വഞ്ചറിന്റെ നിലവിലുള്ള മോഡലിന്റെ ടോപ്പ്-സ്‌പെക്ക് SW വേരിയന്റിനേക്കാള്‍ ഏകദേശം 4,000 രൂപ കൂടുതലാണ്.
മിലാനില്‍ നടന്ന EICMA 2024 ട്രേഡ് ഷോയില്‍ ആദ്യം അവതരിപ്പിക്കപ്പെട്ട മോഡലിനായുള്ള ബുക്കിംഗ് കെടിഎം ഇന്ത്യ 2024 ഡിസംബറില്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് 2025 ഫെബ്രുവരിയോടെ ഡെലിവറികള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ ഹാര്‍ഡ്‌കോര്‍ അഡ്വഞ്ചര്‍ ടൂററായി മാറിയ പുതിയ 390 ADV മിക്കവാറും എല്ലാ മേഖലകളിലും അതിന്റെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമാണ്.

പുതിയ സ്റ്റീല്‍-ട്രെല്ലിസ് ഫ്രെയിമും പുതിയ റിയര്‍ സബ്‌ഫ്രെയിമും ബൈക്കിന് ലഭിക്കുന്നു. മുന്‍വശത്ത് 43 mm WP അപെക്‌സ് യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ ഓഫ്‌സെറ്റ്-മൗണ്ടഡ് മോണോഷോക്കും സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നു. രണ്ടും പൂര്‍gമായും ക്രമീകരിക്കാവുന്നതാണ്. അപ്പോളോ ട്രാംപ്ലര്‍ ഡ്യുവല്‍-പര്‍പ്പസ് ടയറുകളില്‍ പൊതിഞ്ഞ 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയര്‍ വയര്‍-സ്‌പോക്ക്ഡ് വീലുകളിലാണ് ബൈക്ക് ഓടുന്നത്. ടൂറിംഗിനായി ഉദ്ദേശിച്ചുള്ള 17 ഇഞ്ച് അലോയ് വീലുകളാണ് 390 അഡ്വഞ്ചര്‍ X-ന് ലഭിക്കുന്നത്.
പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ 390 ADV മെലിഞ്ഞെങ്കിലും ബോഡി വര്‍ക്ക് മികച്ചതാണ്. കൂടാതെ ഉയരമുള്ള റൈഡര്‍മാര്‍ക്ക് ബൈക്ക് കൂടുതല്‍ അനുയോജ്യമാണ്. മൊത്തത്തിലുള്ള ഡിസൈന്‍ ഡാക്കറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായി തോന്നുന്നു. ബൈക്കിന്റെ മുന്നില്‍ ഡേടൈം-റണ്ണിംഗ് ലാമ്പുകളാല്‍ ചുറ്റപ്പെട്ട വെര്‍ട്ടിക്കലി സ്റ്റാക്ക്ഡ് ഡ്യുവല്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍, ബീക്ക്-സ്‌റ്റൈല്‍ മഡ്ഗാര്‍ഡ് എന്നിവ് ലഭിക്കുന്നു.

വശങ്ങളിലേക്ക് നോക്കുമ്പോള്‍ മോട്ടോര്‍സൈക്കിളിന് ഷാര്‍പ്പ് ഫ്രണ്ട് കൗള്‍, മെലിഞ്ഞ സീറ്റ്, സീറ്റിന് താഴെ സൈഡ് പാനലുകള്‍ എന്നിവ കാണാം. ബൈക്കിന്റെ പിന്‍ഭാഗത്ത് അതിന്റെ മുന്‍ഗാമിയെപ്പോലെ കുറഞ്ഞ ബോഡി പാനലുകളും ഒരു ചെറിയ ടെയില്‍ലാമ്പും ലഭിക്കും. ബ്ലൂടൂത്ത്, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ 390 അഡ്വഞ്ചറില്‍ സജ്ജീകരിച്ചിട്ടുണ്ട്. അലോയ് വീലുകള്‍ നല്‍കിയിട്ടുണ്ട് എന്നത് മാറ്റിനിര്‍ത്തിയാല്‍ കാഴ്ചയില്‍ 390 അഡ്വഞ്ചര്‍ X, 390 അഡ്വഞ്ചറിന് സമാനമാണ്.
ഓഫ്-റോഡ് എബിഎസ്, റൈഡ്-ബൈ-വയര്‍ എന്നിവ 390 അഡ്വഞ്ചര്‍ X-ല്‍ വാഗ്ദാനം ചെയ്യുന്ന ഇലക്ട്രോണിക്സ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. അതേസമയം 390 അഡ്വഞ്ചറില്‍, അഡ്വഞ്ചര്‍ എക്സിലെ സവിശേഷതകള്‍ക്ക് പുറമേ ക്രൂയിസ് കണ്‍ട്രോള്‍, കോര്‍ണറിംഗ് എബിഎസ്, മൂന്ന് റൈഡ് മോഡുകള്‍, കോര്‍ണറിംഗ് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ലഭിക്കുന്നു.

മൂന്നാം തലമുറ 390 ഡ്യൂക്കില്‍ വരുന്ന അതേ 399 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ മോട്ടോറാണ് പുതിയ കെടിഎം 390 അഡ്വഞ്ചറിന് കരുത്ത് പകരുന്നത് . 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ ഈ എഞ്ചിന്‍ 45.3 bhp പവറും 39 Nm പീക്ക് ടോര്‍ക്കും നല്‍കും. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ച്, ക്വിക്ക്ഷിഫ്റ്റര്‍ എന്നിവയും ബൈക്കിലുണ്ട്.
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450, ട്രയംഫ് സ്‌ക്രാംബ്ലര്‍ 400 X , ബിഎംഡബ്ല്യു G 310 GS തുടങ്ങിയ മോഡലുകളോടായിരിക്കും പുതുതലമുറ കെടിഎം 390 അഡ്വഞ്ചര്‍ മത്സരിക്കുക.2012 മുതല്‍ 450-ലധികം ഡീലര്‍ഷിപ്പുകളും ഏകദേശം അര ദശലക്ഷത്തോളം ഉപഭോക്താക്കളുമായി മുന്നേറുന്ന കെടിഎമ്മിന്റെ ഇന്ത്യന്‍ വിപണിയിലെ സ്ഥാനം ഈ ലോഞ്ച് ശക്തിപ്പെടുത്തുന്നു.
2024 ഡിസംബറില്‍ IBW ഇവന്റില്‍ വെച്ച് പ്രദര്‍ശിപ്പിച്ച കെടിഎം 390 എന്‍ഡ്യൂറോ R വരും മാസങ്ങളില്‍ അവതരിപ്പിക്കാനുള്ള പദ്ധതിയും കമ്പനി വെളിപ്പെടുത്തി. 2025 കെടിഎം അഡ്വഞ്ചര്‍ ശ്രേണി ഇപ്പോള്‍ ഇന്ത്യയിലെ കെടിഎം ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ബൈക്ക് കണ്ടറിഞ്ഞ ശേഷം വാങ്ങാം.


Click it and Unblock the Notifications








