ഇന്ത്യയിലെ ഏറ്റവും പവര്‍ഫുള്‍ 160CC ബൈക്കിന്റെ സേഫ്റ്റി ഇരട്ടിയായി; 2025 അപ്പാച്ചെ RTR 160 വില ഇങ്ങനെ
ഇന്ത്യയിലെ മുന്‍നിര ടൂവീലര്‍ ബ്രാന്‍ഡ് ആയ ടിവിഎസ് മോട്ടോറിന്റെ ജനപ്രിയ മോട്ടോര്‍സൈക്കിള്‍ റേഞ്ചാണ് അപ്പാച്ചെ. അപ്പാച്ചെ സീരീസില്‍ വരുന്ന ബൈക്കുകള്‍ കമ്പനി ഇടക്കിടെ അപ്‌ഡേറ്റ് ചെയ്യാറുണ്ട്. ഇന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി 2025 അപ്പാച്ചെ RTR 160 ഇന്ത്യയില്‍ അവതരിപ്പിച്ചു. 1,34,320 രൂപ എക്‌സ്‌ഷോറൂം വിലയില്‍ പുറത്തിറക്കിയ പുതിയതിന് പഴയ മോഡലിന്റെ ടോപ്പ്-എന്‍ഡ് റേസിംഗ് എഡിഷനേക്കാള്‍ ഏകദേശം 4,000 രൂപ കൂടുതല്‍ മുടക്കണം.160 സിസി പെര്‍ഫോമന്‍സ് ബൈക്കുകള്‍ക്കിടയില്‍ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ ലക്ഷ്യമിടുന്ന പുത്തന്‍ ബൈക്കിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.
പ്രധാന മാറ്റങ്ങള്‍: ടെക്‌നോളജി, സുരക്ഷ, പെര്‍ഫോമന്‍സ് എന്നിവയില്‍ കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ ടിവിഎസ് അപ്പാച്ചെ RTR 160 വിപണിയിലെത്തുന്നത്. 2025 മോഡലിന്റെ പ്രധാന പ്രത്യേകത ഡ്യുവല്‍-ചാനല്‍ എബിഎസ് (ABS) ആണ്. ടിവിഎസ് അപ്പാച്ചെ RTR 160-ല്‍ ആദ്യമായാണ് ഈ ഫീച്ചര്‍ വരുന്നത്.

ഇത് ബ്രേക്കിംഗ് കൂടുതല്‍ മെച്ചപ്പെടുത്തുകയും അടിയന്തര സാഹചര്യങ്ങളിലും, നനഞ്ഞ റോഡുകളിലും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ, 2025 അപ്പാച്ചെ RTR 160 ബൈക്ക് ഒബിഡി2ബി (OBD2B) മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിനുമായിട്ടാണ് വരുന്നത്. ഇത് ഏറ്റവും പുതിയ എമിഷന്‍, ഡയഗ്‌നോസ്റ്റിക്‌സ് നിലവാരം ഉറപ്പാക്കുന്നു.
പുതിയ രൂപവും ഭാവവും: ഡിസൈനിലേക്ക് വന്നാല്‍ 2025 ടിവിഎസ് അപ്പാച്ചെ RTR 160 മോട്ടോര്‍സൈക്കിളിന്എ പുതിയ ഗ്രാഫിക്‌സും സ്‌പോര്‍ട്ടി കളര്‍ പാലറ്റും ലഭിച്ചിട്ടുണ്ട്. മാറ്റ് ബ്ലാക്ക്, പേള്‍ വൈറ്റ് നിറങ്ങളില്‍ ചുവന്ന അലോയ് വീലുകളും ബൈക്കില്‍ നല്‍കിയിരിക്കുന്നു. പുത്തന്‍ അലോയി വീലുകള്‍ 2025 അപ്പാച്ചെ RTR 160 മോട്ടോര്‍സൈക്കിളിന് കൂടുതല്‍ ആകര്‍ഷകമായ രൂപം നല്‍കുന്നു.
എഞ്ചിനും പെര്‍ഫോമന്‍സും: ടിവിഎസ് അപ്പാച്ചെ RTR 160 അതിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നു. 8,750 ആര്‍പിഎമ്മില്‍ 15.81 bhp പവറും 7,000 ആര്‍പിഎമ്മില്‍ 13.85 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എഞ്ചിനാണ് ഇതിലുള്ളത്. കൂടാതെ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ സെഗ്മെന്റില്‍ ഏറ്റവും മികച്ച പവര്‍-ടു-വെയ്റ്റ് അനുപാതം ഈ ബൈക്കിനുണ്ട്. ടിവിഎസ് അപ്പാച്ചെയുടെ റേസിംഗ് പാരമ്പര്യം ഇതിലൂടെ വ്യക്തമാക്കുന്നു.
റൈഡിംഗ് മോഡുകളും കണക്റ്റിവിറ്റിയും: 2025 അപ്പാച്ചെ RTR 160-യില്‍ സ്‌പോര്‍ട്, അര്‍ബന്‍, റെയിന്‍ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ ഉണ്ട്. ത്രോട്ടില്‍ റെസ്‌പോണ്‍സും എബിഎസ് ഇടപെടലും സാഹചര്യങ്ങള്‍ക്കനുരിച്ച് മാറ്റാന്‍ ഇത് റൈഡറെ സഹായിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ടിവിഎസ് SmartXonnect സാങ്കേതികവിദ്യ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വഴി നാവിഗേഷന്‍, കോള്‍ അലേര്‍ട്ടുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിക്കാനാകും.
കൂടാതെ, വോയിസ് അസിസ്റ്റ് സംവിധാനം ബൈക്കിന്റെ പ്രധാന ഫംഗ്ഷനുകള്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നു. മറ്റ് സൈക്കിള്‍ പാര്‍ട്ടുകളെ കുറിച്ച് പറയുമ്പോള്‍ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും ഗ്യാസ്-ചാര്‍ജ്ഡ് റിയര്‍ ഷോക്കുകളും ഉപയോഗിച്ച് സസ്‌പെന്‍ഡ് ചെയ്ത ഡബിള്‍ ക്രാഡില്‍ ഫ്രെയിമാണ് ഈ ബൈക്കിനുള്ളത്. 12 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷിയുള്ള അപ്പാച്ചെ RTR 160 വളരെ ഭാരം കുറഞ്ഞ ബൈക്കാണ്. 137 കിലോഗ്രാമാണ് ഇതിന്റെ കെര്‍ബ് ഭാരം.
പുതിയ അപ്പാച്ചെ RTR 160 സെഗ്മെന്റില്‍ പുതിയ ബെഞ്ച്മാര്‍ക്ക് സ്ഥാപിക്കുമെന്നും, റൈഡിംഗ് കൂടുതല്‍ മികച്ചതാക്കുമെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി പ്രീമിയം ബിസിനസ് മേധാവി വിമല്‍ സംബ്ലി അഭിപ്രായപ്പെട്ടു. 'റൈഡ് മോഡുകള്‍, വോയിസ് അസിസ്റ്റോടുകൂടിയ SmartXonnect, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ ഫീച്ചറുകള്‍ അപ്പാച്ചെ RTR 160-ല്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2025 ടിവിഎസ് അപ്പാച്ചെ RTR 160 ഇപ്പോള്‍ ഇന്ത്യയിലെ ടിവിഎസ് ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. ആഗോളതലത്തില്‍ ടിവിഎസ് ഇതിനോടകം 6 ദശലക്ഷത്തിലധികം അപ്പാച്ചെ മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ചതായാണ് കണക്കുകള്‍. ഏറ്റവും പുതിയ RTR 160 ദൈനംദിന പെര്‍ഫോമന്‍സ് ബൈക്കിംഗില്‍ ഷാര്‍പ്പര്‍ ഡിസൈനും ട്രാക്ക്-കേന്ദ്രീകൃത സവിശേഷതകളും കൊണ്ടുവരുന്നു. പുതിയ അപ്‌ഡേറ്റുകള്‍ ബൈക്കിന്റെ വില്‍പ്പന ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications