മാക്‌സി സ്‌കൂട്ടര്‍ നോക്കുന്നുണ്ടോ? യമഹ എയ്‌റോക്‌സ് പരിഷ്‌കാരിയായി വിപണിയില്‍; വില അറിയാം...
മാക്‌സി സ്‌കൂട്ടര്‍ എന്ന് പറയുമ്പോള്‍ ഇന്ത്യക്കാരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകളില്‍ ഒന്നാണ് യമഹ എയ്‌റോക്‌സ. ഇപ്പോള്‍ എയ്‌റോക്‌സ് 155 വേര്‍ഷന്‍ S മാക്‌സി-സ്‌കൂട്ടറിന്റെ 2025 പതിപ്പ് പുതിയ കളര്‍ ഓപ്ഷനുകളും പുതുക്കിയ ഗ്രാഫിക്‌സുകളുമായി പുറത്തിറക്കിയിരിക്കുകയാണ് യമഹ ഇന്ത്യ. 'ദി കോള്‍ ഓഫ് ദി ബ്ലൂ' എന്ന ബ്രാന്‍ഡ് ക്യാമ്പയിനിന് കീഴില്‍ വേര്‍ഷന്‍ S നിരയിലേക്ക് റേസിംഗ് ബ്ലൂ, ഐസ് ഫ്‌ലൂ വെര്‍മില്യണ്‍ എന്നീ നിറങ്ങള്‍ ചേര്‍ത്തതിനൊപ്പം സ്‌കൂട്ടറിന് പരിഷ്‌കരിച്ച ഗ്രാഫിക്‌സും ലഭിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ മെറ്റാലിക് ബ്ലാക്ക് ഓപ്ഷന്‍ തുടര്‍ന്നും ലഭ്യമാകും.
യമഹയുടെ റേസിംഗ് ഡിഎന്‍എ പ്രദര്‍ശിപ്പിക്കുന്ന പുതുക്കിയ സൈഡ് ഫെയറിംഗ് ഗ്രാഫിക്സാണ് പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം എയ്‌റോക്സിനെ വേറിട്ടു നിര്‍ത്തുന്ന അഗ്രസീവ് എയറോഡൈനാമിക് ഡിസൈന്‍ നിലനിര്‍ത്തുന്നു. അഗ്രസീവ് സ്‌റ്റൈലിംഗ് മെച്ചപ്പെടുത്തുന്ന സിഗ്‌നേച്ചര്‍ എക്സ് സെന്റര്‍ മോട്ടിഫ് മാക്‌സി-സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഇതിനെ വേറിട്ടതാക്കുന്നു.

അര്‍ബന്‍ യൂത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന അഭിരുചികള്‍ക്കനുസൃതമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ എയ്‌റോക്‌സ് 155 വേര്‍ഷന്‍ S ഇപ്പോള്‍ OBD-2B മാനദണ്ഡങ്ങള്‍ പാലിക്കുന്നു. 8,000 ആര്‍പിഎമ്മില്‍ 15.0 PS പവറും 6,500 ആര്‍പിഎമ്മില്‍ 13.9 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 155 സിസി, ലിക്വിഡ്-കൂള്‍ഡ്, 4-സ്‌ട്രോക്ക് SOHC എഞ്ചിനാണ് എയ്‌റോക്‌സ് 155-ന്റെ ഹൃദയം.
വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ (VVA), ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (TCS), ആന്റി-ലോക് ബ്രേക്കിംഗ് സിസ്റ്റം (ABS), മോട്ടോര്‍സൈക്കിള്‍-ടൈപ്പ് ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവ സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നു. കീലെസ് ആക്സസും മെച്ചപ്പെടുത്തിയ സുരക്ഷയും വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട് കീ സാങ്കേതികവിദ്യയും യമഹ എയ്‌റോക്‌സ് വേര്‍ഷന്‍ S മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുഴുവന്‍ 2025 എയ്‌റോക്‌സ് 155 ലൈനപ്പും യമഹയുടെ ബ്ലൂ സ്‌ക്വയര്‍ ഡീലര്‍ഷിപ്പുകള്‍ വഴി മാത്രമാണ് ലഭ്യമാകുക. 2025 യമഹ എയ്‌റോക്‌സ് വേര്‍ഷന്‍ S 1,53,430 എക്‌സ്-ഷോറൂം വിലയില്‍ വാങ്ങാം. അതേസമയം നിലവിലുള്ള മെറ്റാലിക് ബ്ലാക്ക് 1,50,130 എക്‌സ്-ഷോറൂം വിലയില്‍ തുടര്‍ന്നും ലഭ്യമാകും.
2025 യമഹ എയ്‌റോക്‌സ് 155 അതിന്റെ ബോള്‍ഡ് ഡിസൈന്‍, പെര്‍ഫോമന്‍സ് അപ്ഗ്രേഡുകള്‍, മെച്ചപ്പെടുത്തിയ സുരക്ഷാ സവിശേഷതകള്‍ എന്നിവയാല്‍ മാക്‌സി സ്‌കൂട്ടര്‍പ്രേമികളില്‍ മതിപ്പുളവാക്കും. പുതിയ കളര്‍ ഓപ്ഷനുകളും OBD-2B കംപ്ലയിന്റ് എഞ്ചിനും ഇന്ത്യയിലെ പ്രീമിയം സ്‌കൂട്ടര്‍ വിഭാഗത്തില്‍ എയ്‌റോക്‌സിനെ ശക്തമായ ഒരു മത്സരാര്‍ത്ഥിയായി ഉയര്‍ത്തിക്കൊണ്ടുവരുന്നു.
സ്‌റ്റൈലിഷും ഫീച്ചര്‍ സമ്പന്നവുമായ പെര്‍ഫോമന്‍സ് സ്‌കൂട്ടര്‍ തേടുന്നവര്‍ക്ക് ഒരു മികച്ച ഓപ്ഷനാണ് എയ്‌റോക്‌സ് 155 വേര്‍ഷന്‍ S. ഈ മോഡലിന്റെ ഏറ്റവും അടുത്ത എതിരാളി അപ്രീലിയ SXR 160 ആണ്. എന്നിരുന്നാലും പവര്‍ ഔട്ട്പുട്ടിലും മൊത്തത്തിലുള്ള സാങ്കേതികവിദ്യയുടെ കാര്യത്തിലും എയ്‌റോക്‌സ് അപ്രീലിയ മോഡലിനെ കടത്തിവെട്ടുന്നു. മറ്റൊരു എതിരാളിയായി കണക്കാക്കാവുന്ന ടിവിഎസ് എന്‍ടോര്‍ഖ് 125 XT ടെക്‌നോളജിയില്‍ തല്‍പരരായ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെങ്കിലും പവര്‍ കുറവാണ്.
സമീപകാലത്തെ യമഹ ഇന്ത്യയുടെ മറ്റൊരു ലോഞ്ച് FZ-S Fi ഹൈബ്രിഡ് ആയിരുന്നു. ഈ മോട്ടോര്‍സൈക്കിള്‍ 1.44 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. മോട്ടോര്‍-ജനറേറ്റര്‍ ഹൈബ്രിഡ് സിസ്റ്റം, Y-കണക്റ്റ് ആപ്പ് ഇന്റഗ്രേഷനോടുകൂടിയ 4.2 ഇഞ്ച് TFT ഡിസ്‌പ്ലേ, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, മറ്റ് പ്രീമിയം അപ്ഡേറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വരും ദിവസങ്ങളില്‍ യമഹയുടെ കൂടുതല്‍ മോഡലുകള്‍ അപ്‌ഡേറ്റുകള്‍ക്ക് വിധേയമായി വിപണിയില്‍ എത്തും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








