യെസ്ഡി വേണോ മീറ്റിയോർ വേണോ! 350 സെഗ്മെൻ്റിലെ രാജാക്കൻമാരുടെ താരതമ്യം
യുവാക്കളുടെ പ്രിയപ്പെട്ട സെഗ്മെൻ്റാണ് 350 സിസി. അതിൽ തന്നെ രാജാവായി വാഴുന്ന റോയൽ എൻഫീൽഡിൻ്റെ നിരവധി മോഡലുകളുണ്ടെങ്കിൽ വിൽപ്പനയിലും ഡിമാൻ്റിലും മുന്നിൽ നിൽക്കുന്നത് മീറ്റിയോർ 350 ആണ്. തണ്ടർബേർഡിന് പകരക്കാരനായി വിപണിയിൽ റോയൽ എൻഫീൽഡ് അവതരിപ്പിച്ച മോഡലായിരുന്നു ഇത്. ഇപ്പോഴിതാ സെഗ്മെൻ്റിലേക്ക് പുതിയ എതിരാളി കൂടി എത്തിയിരിക്കുകയാണ്. ഏവരും കാത്തിരുന്ന 2025 യെസ്ഡി റോഡ്‌സ്റ്റര്‍ പുതിയ നിറങ്ങളും ചില അപ്‌ഗ്രേഡുകളുമായിട്ടാണ് വന്നിരിക്കുന്നത്. ഇവ രണ്ടും തമ്മിലൊരു ചെറിയ താരതമ്യം നടത്തി നോക്കിയാലോ. ആരാണ് കേമൻ എന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ഷാര്‍ക്ക്‌സ്‌കിന്‍ ബ്ലൂ, സ്‌മോക്ക് ഗ്രേ, ബ്ലഡ്‌റഷ് മെറൂണ്‍, സാവേജ് ഗ്രീന്‍, ഷാഡോ ബ്ലാക്ക് തുടങ്ങിയ അഞ്ച് ആകര്‍ഷകമായ നിറങ്ങളില്‍ യെസ്ഡി ലഭ്യമാണ്. പ്രധാനമായും സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ഇത് ഓഫര്‍ ചെയ്യുന്നത്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് ഷാര്‍ക്ക്‌സ്‌കിന്‍ നിറത്തില്‍ തെരഞ്ഞെടുക്കുമ്പോള്‍ 2,09,,969 രൂപയാണ് വില. സ്‌മോക്ക് ഗ്രേക്ക് 2,12,969 രൂപയും ബ്ലഡ്‌റഷ് മെറൂണിന് 2,16,969 രൂപയുമാണ് വില.

സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കേണ്ട നിറം സാവേജ് ഗ്രീന്‍ ആണ്. 2,21,969 രൂപയാണ് ഇതിന്റെ വില. ഷാഡോ ബ്ലാക്ക് നിറത്തില്‍ വരുന്ന പ്രീമിയം വേരിയന്റിന് 2,25,969 രൂപയാണ് എക്‌സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ ക്ലാസിക് റോഡ്സ്റ്റര്‍ ഡിസൈന്‍ നിലനിര്‍ത്തിക്കൊണ്ട് റൗണ്ട് എല്‍ഇഡി ഹെഡ്ലൈറ്റ്, ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, വളഞ്ഞ ഫെന്‍ഡറുകള്‍, സ്ലിം ടെയില്‍ ലൈറ്റുകള്‍ എന്നിവ ബൈക്കിന്റെ ഭംഗി കൂട്ടുന്നുണ്ട്.
നിലവിൽ റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 ഫയര്‍ബോള്‍,സ്റ്റെല്ലാർ,അറോറ,സൂപ്പനോവ എന്നിങ്ങനെയുളള വേരിയൻ്റുകൾക്ക് ശ്രേണിയ്ക്ക് 2.49 ലക്ഷം മുതല്‍ 2.93 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. യെല്ലോ, റെഡ് കളർ ഓപ്ഷനുകളിലാണ് തെരഞ്ഞെടുക്കാനാവുന്നത്. ഇത് കൂടാതെ, മെറ്റാലിക് ബ്ലൂ, മെറ്റാലിക് റെഡ്, മാറ്റ് ബ്ലാക്ക്, ബ്രൗൺ, ഡ്യുവൽ-ടോൺ ബ്ലൂ കളർ ഓപ്ഷനുകളിൽ ലഭ്യമായ സ്റ്റെല്ലാർ, സൂപ്പർനോവ എന്നീ രണ്ട് വകഭേദങ്ങളിലും മീറ്റിയോർ 350 മോട്ടോസൈക്കിൾ ലഭ്യമാണ്.

2025 യെസ്ഡി റോഡ്സ്റ്റര്‍ ആറ് ഫാക്ടറി കസ്റ്റം കിറ്റുകളോടുകൂടിയും ലഭ്യമാണ്. സംയോജിത ടെയില്‍-ലൈറ്റ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍, ഹൈഡ്രോഫോംഡ് ഹാന്‍ഡില്‍ബാര്‍, നീക്കം ചെയ്യാവുന്ന പില്യണ്‍ സീറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കരുത്തുറ്റ സ്റ്റീല്‍ ഫ്രെയിമിലാണ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ ഒരുക്കുന്നു.
ട്യൂബ്ലെസ് ടയറുകളുള്ള അലോയ് വീലുകളിലാണ് ബൈക്ക് ഓടുക. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ മികച്ച ബ്രേക്കിംഗ് പ്രകടനം ഉറപ്പാക്കുന്നു. 29.6 bhp പവറും 29.9 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 334 സിസി സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് ആല്‍ഫ 2 എഞ്ചിനാണ് 2025 യെസ്ഡി റോഡ്സ്റ്ററിന് കരുത്ത് പകരുന്നത്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു.

മീറ്റിയോറിൻ്റെ എഞ്ചിൻ സവിശേഷതകളിലേക്ക് നോക്കിയാൽ 5 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ 349 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ്, ലോംഗ്-സ്ട്രോക്ക് എഞ്ചിനാണ് മീറ്റിയോർ 350 പതിപ്പിന് തുടിപ്പേകുന്നത്. ഈ യൂണിറ്റ് പരമാവധി 20.2 bhp കരുത്തിൽ 27 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
അതോടൊപ്പം തന്നെ വശങ്ങളിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളിലും ഇരട്ട ഷോക്ക് അബ്‌സോർബറുകളിലും സസ്പെൻഡ് ചെയ്‌തിരിക്കുന്ന ഡ്യുവൽ ക്രാഡിൽ ഫ്രെയിലാണ് ബൈക്ക് നിർമിച്ചിരിക്കുന്നത്. ബ്രേക്കിംഗ് സജ്ജീകരണത്തിൽ യഥാക്രമം 300 mm, 270 mm ഡിസ്കുകൾ മുന്നിലും പിന്നിലും ഇടംപിടിച്ചിരിക്കുന്നു. കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഡ്യുവൽ-ചാനൽ എബിഎസ് സഹായവും റോയൽ എൻഫീൽഡ് ലഭ്യമാക്കിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








