2 ദിവസം കൂടുമ്പോൾ ചാർജ് ചെയ്താൽ മതി! ചാർജിംഗ് ടെൻഷൻ ഒഴിവാക്കാൻ 100 കി.മീ റേഞ്ചുള്ള 5 മികച്ച സ്കൂട്ടറുകൾ
ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് (Electric Scooters) ആവശ്യക്കാര്‍ ഏറിക്കൊണ്ടിരിക്കുകയാണ്. പുതുവര്‍ഷത്തില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്ന് ആഗ്രഹിക്കുന്ന ഒത്തിരി ആളുകളുമുണ്ടാകും. ദൈനംദിന യാത്രകള്‍ക്ക് അനുയോജ്യമായ ഇലക്ട്രിക് വാഹനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉപഭോക്താക്കള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത് അവയുടെ റേഞ്ച് തന്നെയാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ കുറഞ്ഞത് 100 കിലോമീറ്റര്‍ എങ്കിലും സഞ്ചരിക്കാന്‍ കഴിയുന്ന, ബജറ്റ് വിലയില്‍ ഒതുങ്ങുന്ന 5 മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തില്‍.
ഏഥര്‍ റിസ്ത S
ഏഥര്‍ എനര്‍ജി കുടുംബങ്ങള്‍ക്കായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത മോഡലാണ് റിസ്ത S. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ ജനപ്രിയമായി മാറിയ ഈ സ്‌കൂട്ടറില്‍ 2.7 kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 123 കിലോമീറ്റര്‍ ഐഡിസി (IDC) റേഞ്ച് ഇവി വാഗ്ദാനം ചെയ്യുന്നു. ഏകദേശം 1.04 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്-ഷോറൂം വില വരുന്നത്.

ടിവിഎസ് ഐക്യൂബ് S
ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ജനപ്രിയ ഇലക്ട്രിക് മോഡലാണ് ഐക്യൂബ്. ഒന്നിലേറെ വേരിയന്റുകളില്‍ ഈ ബെസ്റ്റ് സെല്ലര്‍ മോഡല്‍ വാങ്ങാനാകു. അതില്‍ ഐക്യൂബ് S-ന് 145 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ചുണ്ട്. ടിവിഎസ് ഇതില്‍ 3.44 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. പ്രീമിയം ഫീച്ചറുകളും മികച്ച പെര്‍ഫോമന്‍സും ഉറപ്പാക്കുന്ന ഈ മോഡലിന് 1.17 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില വരുന്നത്.
ഹീറോ വിഡ VX2 ഗോ
ഹീറോ മോട്ടോകോര്‍പ്പിന്റെ സബ് ബ്രാന്‍ഡ് ആയ വിഡ അടുത്തിടെ പുറത്തിറക്കിയ താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലാണ് വിഡ VX2. ഇതിന്റെ ഗോ വേരിയന്റില്‍ 3.4 kWh ശേഷിയുള്ള വലിയ ബാറ്ററി പായ്ക്കാണ് ഘടിപ്പിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 142 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 84,800 രൂപയാണ് ഈ സ്‌കൂട്ടറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ സ്‌കീമിലും ഈ സ്‌കൂട്ടര്‍ വാങ്ങാം.

ഓല S1 X
ഓല ഇലക്ട്രിക്കിന്റെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകളില്‍ ഒന്നാണ് ഓല S1 X. ഈ ഇലക്ട്രിക് സ്‌കൂട്ടറില്‍ ഘടിപ്പിച്ചിരിക്കുന്ന 2 kWh ബാറ്ററി പായ്ക്ക് പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഏകദേശം 108 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. നിലവില്‍ 84,999 രൂപ മുതലാണ് ഓല S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
ഹോണ്ട ആക്ടിവ e:
ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം ഹോണ്ട പുറത്തിറക്കിയ ഇലക്ട്രിക് സ്‌കൂട്ടറാണ് ആക്ടിവ ഇലക്ട്രിക്. നീക്കംചെയ്യാവുന്ന ബാറ്ററികളുമായാണ് ഇത് വരുന്നത്. 1.5 kWh ശേഷിയുള്ള രണ്ട് ബാറ്ററി പായ്ക്കുകള്‍ 102 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് കമ്പനി പറയുന്നു. നിലവില്‍ 1.18 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില. രാജ്യത്തെ ഏതാനും പ്രമുഖ നഗരങ്ങളില്‍ മാത്രമാണ് ഈ ഇവി നിലവില്‍ ലഭ്യമാകുന്നത്. ഓഗസ്റ്റ് മുതല്‍ ഇതിന്റെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
| സ്കൂട്ടർ മോഡൽ | റേഞ്ച് (IDC) | ബാറ്ററി ശേഷി | വില (എക്സ്-ഷോറൂം) |
|---|---|---|---|
| ഏഥർ റിസ്ത S | 123 കി.മീ | 2.7 kWh | ₹ 1.04 ലക്ഷം |
| ഹീറോ വിഡ VX2 ഗോ | 142 കി.മീ | 3.4 kWh | ₹ 84,800 |
| ഓല S1 X (2kWh) | 108 കി.മീ | 2.0 kWh | ₹ 84,999 |
| ടിവിഎസ് ഐക്യൂബ് S | 145 കി.മീ | 3.44 kWh | ₹ 1.17 ലക്ഷം |
| ഹോണ്ട ആക്ടിവ e: | 102 കി.മീ | 3.0 kWh (Dual) | ₹ 1.18 ലക്ഷം |
ആര്‍ക്ക് ഏത് അനുയോജ്യം?
വാഹനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ സ്വന്തം ആവശ്യങ്ങള്‍ കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. ഫാമിലി സ്‌കൂട്ടര്‍ നോക്കുന്നവര്‍ക്ക് വിശാലമായ സീറ്റും സ്റ്റോറേജ് സൗകര്യവുമുള്ള ഏഥര്‍ റിസ്തയും ടിവിഎസ് ഐക്യൂബും അനുയോജ്യമാണ്. എന്നാല്‍ കുറഞ്ഞ ബജറ്റില്‍ കൂടുതല്‍ റേഞ്ച് ആഗ്രഹിക്കുന്നവര്‍ക്ക് ഹീറോ വിഡ VX2 ഗോ മികച്ച ഓപ്ഷനാണ്. ചാര്‍ജിംഗ് സൗകര്യം കുറഞ്ഞ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സ്വാപ്പബിള്‍ ബാറ്ററിയുള്ള ആക്ടിവ ഇ അവിടെ ലഭ്യമാണെങ്കില്‍ അത് വാങ്ങാം.
ഇവിടെ നല്‍കിയിരിക്കുന്ന റേഞ്ച് ഇന്ത്യന്‍ ഡ്രൈവ് സൈക്കിള്‍ (ഐഡിസി) അനുസരിച്ചുള്ളതാണ്. റോഡിലെ തിരക്ക്, യാത്രക്കാരുടെ എണ്ണം, ഡ്രൈവിംഗ് ശൈലി എന്നിവയനുസരിച്ച് ട്രൂ റേഞ്ചില്‍ മാറ്റങ്ങള്‍ വരാം. ഇന്ധന വില കുറയാതിരിക്കുന്നതിനാല്‍ പല ടൂവീലര്‍ ഉടമകളും ഇവികളിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്നുണ്ട്. സര്‍ക്കാര്‍ ഇവികള്‍ക്ക് നല്‍കുന്ന സബ്‌സിഡി ഇനി അധികകാലം ഉണ്ടാകില്ല. അതിനാല്‍ ഉടന്‍ ഇവി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നിങ്ങളുടെ യാത്രാ ആവശ്യങ്ങള്‍ക്കും ബജറ്റിനും അനുയോജ്യമായ സ്‌കൂട്ടര്‍ മേല്‍പ്പറഞ്ഞ ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കാം.


Click it and Unblock the Notifications








