നിലത്ത് കാല്‍ എത്തില്ലെന്ന് പേടിച്ച് അഡ്വഞ്ചര്‍ ബൈക്ക് വാങ്ങാതിരിക്കുകയാണോ? സീറ്റ് ഹൈറ്റ് കുറഞ്ഞ മോഡലുകള്‍ ഇതാ
വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയുള്ള ഒരു രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഈ സാധ്യതകള്‍ തിരിച്ചറിഞ്ഞ് വിവിധ ഭൂപ്രദേശങ്ങളെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിവുള്ള അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ ധാരാളം ഇപ്പോള്‍ പുറത്തിറങ്ങുന്നുണ്ട്. ഹിമാലയനും എക്‌സ്പള്‍സും പോലുള്ള ബൈക്കുകള്‍ കാരണം ഇന്ത്യന്‍ യൂത്തിനിടയില്‍ അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് പ്രചാരമേറിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഭൂപ്രകൃതികളില്‍ സഞ്ചരിക്കാന്‍ അനുയോജ്യമായ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ബില്‍ഡ് ക്വാളിറ്റിയുമെല്ലാം കൈമുതലാക്കിയുള്ള ഒത്തിരി മോഡലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഈ ബൈക്കുകളുടെ ഉയരം പല റൈഡര്‍മാരെയും ഭയപ്പെടുത്തുന്നു. പ്രത്യേകിച്ചും അല്‍പ്പം ഉയരം കുറഞ്ഞ റൈഡര്‍മാരെ.
ഈ ആശങ്ക പരിഹരിക്കുന്നതിനായി എളുപ്പത്തില്‍ ഓടിക്കാനും കൈകാര്യം ചെയ്യാനും കഴിയുന്ന സീറ്റ് ഹൈറ്റ് കുറഞ്ഞ 7 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളുടെ പട്ടിക ഞങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ഈ ബൈക്കുകളുടെ വില 4 ലക്ഷത്തില്‍ താഴെ മാത്രമാണെന്നത് ശ്രദ്ധിക്കുക. എല്ലാ വലുപ്പത്തിലുമുള്ള റൈഡര്‍മാര്‍ക്ക് അഡ്വഞ്ചര്‍ ബൈക്കിംഗിന്റെ ആവേശം ആസ്വദിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്ന ആ ബൈക്ക് മോഡലുകള്‍ ഏതൊക്കെയാണെന്ന് ചുവടെ വിശദമായി വായിക്കാം.

7. സുസുക്കി V സ്‌ട്രോം SX: ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ സുസുക്കി പുറത്തിറക്കുന്ന അഡ്വഞ്ചര്‍ ബൈക്കാണ് V-സ്‌ട്രോം SX. ഈ മോട്ടോര്‍സൈക്കിളിന്റെ സീറ്റ് ഉയരം 835mm ആണ്. 25mm കുറവ് നല്‍കുന്ന ഒരു ഓപ്ഷണല്‍ ലോ സീറ്റ് സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് വഴി സുസുക്കി V-സ്‌ട്രോം SX മോഡലിന്റെ സീറ്റ് ഉയരം 810mm ആയി കുറയ്ക്കാന്‍ സാധിക്കും. സുസുക്കി V-സ്‌ട്രോം SX-ന്റെ വില 2.16 ലക്ഷം രൂപയാണ്.
6. ഹീറോ എക്‌സ്പള്‍സ് 210: ഇന്ത്യയില്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കി അവ ജനകീയമാക്കിയ മോഡലാണ് ഹീറോ എക്‌സ്പള്‍സ്. 830mm സീറ്റ് ഉയരമാണ് പുതിയ ഹീറോ എക്‌സ്പള്‍സ് 210 ബൈക്കിനുള്ളത്. രണ്ട് വേരിയന്റുകളില്‍ ഹീറോ 210 ലഭ്യമാണെങ്കിലും സീറ്റ് ഹൈറ്റില്‍ മാറ്റമില്ല. എന്നാല്‍ ഓഫ്-റോഡ്-റെഡി 'പ്രോ' വേരിയന്റിന്റെ കാര്യത്തില്‍ മാറ്റം കാണുമെന്ന് പ്രതീക്ഷിക്കുന്നു.

ലോഞ്ച് ചെയ്യുമ്പോള്‍, എക്‌സ്പള്‍സ് 200 4V പ്രോയി കണ്ടതിന് സമാനമായി ഈ വേരിയന്റിന്റെ സീറ്റ് ഉയരം 891mm അല്ലെങ്കില്‍ അതില്‍ കൂടുതലോ ആകാന്‍ സാധ്യതയുണ്ട്. പുതിയ എക്‌സ്പള്‍സ് 210-ല്‍ പുതിയ എഞ്ചിന്‍, ഷാസി, പുതുക്കിയ ഫീച്ചര്‍ ലിസ്റ്റ് എന്നിവയുള്‍പ്പെടെ നിരവധി പരിഷ്‌കാരങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. ഈ ബൈക്കിന്റെ ബേസ് വേരിയന്റിന് 1.76 ലക്ഷം രൂപയാണ് വില. എക്‌സ്പള്‍സ് 200 4V യെ അപേക്ഷിച്ച് ഇതിന് 24,000 രൂപ അധികം മുടക്കണം.
5. കെടിഎം 390 അഡ്വഞ്ചര്‍: ടീം ഓറഞ്ചിന്റെ ഈ മോഡലിന്റെ സീറ്റ് ഉയരം 830 mm ആണ്. മികച്ച സീറ്റ് ഉയരത്തിന് പുറമെ ഈ മോഡലിന് മികച്ച ഗ്രൗണ്ട് ക്ലിയറസ് ഉണ്ട്. 237mm ആണ് കെടിഎം 390 അഡ്വഞ്ചറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്.

കെടിഎം 390 അഡ്വഞ്ചറിന്റെ വില 3.68 ലക്ഷം രൂപയാണ്. വലുതും കൂടുതല്‍ കഴിവുള്ളതുമായ ഓഫ്-റോഡര്‍ ആണെങ്കിലും കെടിഎം 390 അഡ്വഞ്ചറിന്റെ സീറ്റ് ഉയരം 830 mm ആയതിനാല്‍ പട്ടികയില്‍ സ്ഥാനം പിടിച്ചു. 390 അഡ്വഞ്ചറിന്റെ മുന്‍ മോഡലിന് 855 mm ആയിരുന്നു സീറ്റ് ഉയരം.
4. ഹീറോ എക്‌സ്പള്‍സ് 200 4V: പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു ഹീറോ മോഡലാണ് എക്‌സ്പള്‍സ് 200 4V. ഈ മോഡലിന്റെ സീറ്റ് ഉയരം 825 mm ആണ്. പുതിയ എക്‌സ്പള്‍സ് 210-നൊപ്പം ഹീറോ എക്‌സ്പള്‍സ് 200 4V ഹീറോ വില്‍ക്കാന്‍ പോകുകയാണ്. ഓഫ്‌റോഡ് ശേഷിയുള്ള ഒരു കമ്മ്യൂട്ടര്‍ ബൈക്ക് പോലെ തോന്നുമെങ്കിലും ഇതിന്റെ പഴയ മോഡലിന് സീറ്റ് ഉയരം അല്‍പ്പം കുറവാണ്.
ഓഫ് റോഡ് സാഹസികതകള്‍ക്ക് പറ്റിയ ഒരു ബൈക്കായി എക്‌സ്പള്‍സ് 200 4V നിലകൊള്ളുന്നു. പ്രോ വേരിയന്റിന്റെ സീറ്റ് ഉയരം 891 mm ആയി കൂടും. ഹീറോ എക്‌സ്പള്‍സ് 200 4V യുടെ വില 1.52 ലക്ഷം രൂപയില്‍ നിന്നാണ് ആരംഭിക്കുന്നത്. 'പ്രോ' വേരിയന്റിന് 1.68 ലക്ഷം രൂപ യാണ് വില. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.
3. കെടിഎം 390 അഡ്വഞ്ചര്‍ X: കെടിഎം 390 അഡ്വഞ്ചറിന്റെ റോഡ് ഫോക്കസ്ഡ് സഹോദരനാണ് കെടിഎം 390 X. ഇതിന്റെ സീറ്റ് ഉയരം 825 mm ആണ്. 19/17-ഇഞ്ച് (F/R) വീല്‍ സെറ്റപ്പ് വരുന്നതിനാല്‍ ഇതിന് കെടിഎം 390 അഡ്വഞ്ചറിനേക്കാള്‍ 5 mm സീറ്റ് ഹൈറ്റ് കുറവാണ്. എന്നാല്‍ ഇത് സീറ്റില്‍ വലിയ രീതിയില്‍ അനുഭവപ്പെടില്ല.
പക്ഷേ ചെറിയ 19 ഇഞ്ച് ഫ്രണ്ട് വീലിന്റെ കാര്യത്തില്‍ ഇത് പ്രകടമാകും. കെടിഎം 390 X മോട്ടോര്‍സൈക്കിളിന്റെ വില 2.91 ലക്ഷം രൂപയാണ്. സ്റ്റാന്‍ഡേര്‍ഡ് 390 അഡ്വഞ്ചറിനേക്കാള്‍ കെടിഎം 390 X മോട്ടോര്‍സൈക്കിന് 77,000 രൂപ കറവാണ്. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.
2. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450: ഇന്ത്യക്കാര്‍ക്കിടയില്‍ ഓഫ്‌റോഡിംഗ് ട്രെന്‍ഡിംഗ് ആക്കിയ മോട്ടോര്‍സൈക്കിളാണ് ഹിമാലയന്‍. ഈ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ സീറ്റ് ഉയരം 825 mm ആണ്. സമാനമായ സീറ്റ് ഹൈറ്റുള്ള ബൈക്കുകള്‍ നമ്മള്‍ മുകളില്‍ പരമാര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതിലെ സീറ്റ് ഉയരം ക്രമീകരിക്കാമെന്നതാണ് മാറ്റം. ബൈക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് സീറ്റ് ഉയരം 825 mm ആണ്.നിങ്ങള്‍ അത്യവശ്യം ഉയരമുള്ള വ്യക്തിയാണെങ്കില്‍ സീറ്റ് ഹൈറ്റ് 845 mm ആയി ഉയര്‍ത്താം.

ഓപ്ഷണല്‍ ലോ സീറ്റ് ആക്സസറി ഉയരം കുറഞ്ഞ റൈഡര്‍മാര്‍ക്ക് സീറ്റ് ഹൈറ്റ് 805 mm ആക്കി കൊണ്ടുവരാം. അങ്ങനെ വരുമ്പോള്‍ ഈ പട്ടികയില്‍ ഏറ്റവും കുറഞ്ഞ സീറ്റ് ഹൈറ്റുള്ള മോഡല്‍ ആയി ഹിമാലയന്‍ മാറും. ലോ സീറ്റ് ഒരു ആക്സസറിയായി മാത്രമേ ലഭ്യമാകൂ എന്ന കാര്യം ശ്രദ്ധിക്കണം. ഹിമാലയന്‍ 450 മോഡലിന്റെ വില 2.69 ലക്ഷം മുതല്‍ 2.84 ലക്ഷം രൂപ വരെയാണ്.
1. യെസ്ഡി അഡ്വഞ്ചര്‍: ലോ സീറ്റ് ആക്‌സസറി വെച്ച് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 805mm സീറ്റ് ഹൈറ്റ് വാഗ്ദാനം ചെയ്യുമ്പോള്‍ സ്റ്റാന്‍ഡേര്‍ഡായി 815mm എന്ന കുറഞ്ഞ സീറ്റ് ഉയരരവുമായാണ് യെസ്ഡി അഡ്വഞ്ചര്‍ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇതുവഴി അധിക ആക്‌സസറികളുടെ സഹായമില്ലാതെ തന്നെ ഉയരം കുറഞ്ഞ റൈഡര്‍മാര്‍ക്ക് ഇത് അനായാസം കൊണ്ടുനടക്കാം. യെസ്ഡി അഡ്വഞ്ചര്‍ ബൈക്കിന്റെ വില 2.10 ലക്ഷം രൂപ മുതല്‍ 2.20 ലക്ഷം രൂപ വരെയാണ്.
4 ലക്ഷം രൂപയില്‍ താഴെ വിലയില്‍ വ്യത്യസ്ത അഭിരുചികളും ഉയരവുമുള്ള റൈഡര്‍മാര്‍ക്ക് അനുയോജ്യമായ വൈവിധ്യമാര്‍ന്ന അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്ന് ലഭ്യമാണെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും. യെസ്ഡി അഡ്വഞ്ചറിന്റെ കുറഞ്ഞ സീറ്റ് ഉയരം മുതല്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450-യുടെ അഡ്ജസ്റ്റ്‌മെന്റ് ഓപ്ഷന്‍ വരെ ഇതില്‍ ഹൈലൈറ്റാണ്. പെര്‍ഫോമന്‍സ് ആവശ്യമുള്ളവര്‍ക്ക് കെടിഎം മോഡലുകളുമുണ്ട്. ഉയരത്തിന്റെ കാര്യത്തില്‍ ഭയന്ന് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ മടിച്ച് നില്‍ക്കുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇത് അയച്ച് കൊടുക്കുമല്ലോ.


Click it and Unblock the Notifications








