ഫാമിലി ഇവി കളത്തിൽ ഏഥറിൻ്റെ പുതിയ പ്ലാൻ! റിസ്തക്ക് കൂട്ടായി ഇനി ഒരു ചങ്ങാതി കൂടി
രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ദിനംപ്രതി ആവശ്യക്കാർ ഏറിവരുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ ശക്തി പ്രാപിക്കാനായി ഏഥർ എനർജി പുതിയ പദ്ധതികൾ പ്ലാൻ ചെയ്തുകൊണ്ടിരിക്കുന്നു. ഇതുവരെ പെർഫോമൻസിനും അഡ്വാൻസ്ഡ് ടെക്‌നോളജിക്കും പ്രാധാന്യം നൽകിയ സ്കൂട്ടറുകളിലൂടെ ശ്രദ്ധ നേടിയ ഏഥർ ഇപ്പോൾ സാധാരണ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഒരുക്കുന്ന പുതിയ അടിത്തറയാണ് EL പ്ലാറ്റ്‌ഫോം. ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരു പുതിയ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനാണ് തീരുമാനം. ടെക്‌നോളജി നിറഞ്ഞതും അതേസമയം എല്ലാവർക്കും എളുപ്പം ഉപയോഗിക്കാവുന്നതുമായ ഒരു ഫാമിലി ഇവി സ്കൂട്ടർ സൃഷ്ടിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
ബെംഗളൂരു ആസ്ഥാനമായ ഈ ഇവി ബ്രാൻഡ് നിലവിൽ പ്രീമിയം സെഗ്മെന്റിൽ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും EL പ്ലാറ്റ്‌ഫോം വഴി കൂടുതൽ വിപുലമായ ഉപഭോക്തൃവിഭാഗത്തെ ലക്ഷ്യമിടുകയാണ്. 450 സീരിസിനും റിസ്ത മോഡലിനും ഒപ്പമായിരിക്കും പുതിയ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള സ്കൂട്ടർ വിപണിയിൽ അവതരിപ്പിക്കുന്നത്. മാത്രവുമല്ല ഈ EL മോഡുലാർ പ്ലാറ്റ്‌ഫോം ഒരേ അടിസ്ഥാന ഘടന ഉപയോഗിച്ച് വിവിധ വിലനിരക്കുകളിലും ഉപയോഗ ലക്ഷ്യങ്ങളിലുമുള്ള ഒന്നിലധികം ഇവി സെഗ്‌മെന്റുകളെ പിന്തുക്കുന്ന രീതിയിലാണ് വികസിപ്പിച്ചിരിക്കുന്നത്.

2025-ലെ ഏഥർ കമ്മ്യൂണിറ്റി ഡേ പരിപാടിയിലായിരുന്നു ഈ പുതിയ പ്ലാറ്റ്‌ഫോമിന്റെ ആദ്യ ഔദ്യോഗിക അവതരണം നടന്നിരുന്നത്. ഇതോടെ പ്രീമിയം ഇമേജിനൊപ്പം തന്നെ മാസ്-മാർക്കറ്റ് ഇവി സെഗ്‌മെന്റിലേക്കുള്ള കമ്പനിയുടെ ശക്തമായ നീക്കം വ്യക്തമാവുകയും ചെയ്തു. വരാനിരിക്കുന്ന ഫാമിലി-ഓറിയന്റഡ് ഇലക്ട്രിക് സ്കൂട്ടർ രൂപകൽപ്പനയിലും ഉപയോഗ സൗകര്യത്തിലും ആരെയും ആകർഷിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
കൂടുതൽ സ്ഥിരതയും സുഖപ്രദമായ യാത്രയും ഉറപ്പാക്കുന്ന വിശാലമായ സ്റ്റാൻസ്, രണ്ട് പേർക്ക് ദീർഘയാത്രയിൽ പോലും ആശ്വാസം നൽകുന്ന കുഷൻ ചെയ്ത സീറ്റ്, കൂടാതെ ആധുനിക ലുക്കിന് വേണ്ടി വലിയ എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ. കൂടാതെ വീൽ സജ്ജീകരണമായി മുന്നിൽ 14 ഇഞ്ച് അലോയ് വീലും പിന്നിൽ 12 ഇഞ്ച് അലോയ് വീലും ലഭിക്കാനാണ് സാധ്യത.

ഇത് ഇന്ത്യൻ റോഡ് സാഹചര്യങ്ങളിൽ മികച്ച ബാലൻസും കൈകാര്യം ചെയ്യൽ സൗകര്യവും നൽകും. പിന്നിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോർ കൂടാതെ കൂടുതൽ ദൃഢതയും കാര്യക്ഷമതയും ഉറപ്പാക്കുന്ന പുതുതായി വികസിപ്പിച്ച സ്വിംഗാർം ഉപയോഗിക്കുമെന്നതും പ്രധാന പ്രത്യേകതയായിരിക്കും. മാത്രവുമല്ല ഇവി സ്കൂട്ടറിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായി 7 ഇഞ്ച് TFT ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലേ മാറുമെന്നാണ് സൂചനകൾ.
ഇതുവഴി നാവിഗേഷൻ, കോളും നോട്ടിഫിക്കേഷനുകളും, റൈഡ് ഡാറ്റ, വാഹന ഡയഗ്നോസ്റ്റിക്സ് എന്നിവ ഉൾപ്പെടുന്ന ബ്രാൻഡിൻ്റെ സിഗ്നേച്ചർ സ്മാർട്ട് ഫീച്ചറുകൾ ലഭിക്കും. കൺസെപ്റ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന മിക്ക സവിശേഷതകളും പ്രൊഡക്ഷൻ മോഡലിലും നിലനിർത്താൻ സാധ്യതയുള്ളതിനാൽ ഇത് കമ്പനിയുടെ നിരയിലെ ഏറ്റവും സാങ്കേതികമായി മുന്നേറുന്ന ഫാമിലി സ്കൂട്ടർ ആയി മാറാൻ സാധ്യതയുണ്ട്. ബാറ്ററി കാര്യത്തിൽ 2 kWh മുതൽ 5 kWh വരെ വിവിധ ശേഷിയുള്ള ഓപ്ഷനുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉപയോഗിക്കുന്ന ബാറ്ററിയനുസരിച്ച് ഒറ്റ ചാർജിൽ 160 കിലോമീറ്റർ വരെ അവകാശപ്പെടുന്ന റേഞ്ച് നൽകാനും ഈ സ്കൂട്ടറിന് കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ മോഡൽ സവിശേഷതകളുടെ കാര്യത്തിലും കമ്പനി ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും സമ്പന്നമായതായിരിക്കും. റൈഡ് ക്വാളിറ്റിയും സ്ഥിരതയും മെച്ചപ്പെടുത്തുന്നതിനായി മോണോ-ഷോക്ക് റിയർ സസ്‌പെൻഷൻ, ഭാരം കുറയ്ക്കാനും ശക്തി വർധിപ്പിക്കാനും സഹായിക്കുന്ന അലുമിനിയം ചേസിസ് എന്നിവ ഇതിൽ ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.
സാങ്കേതികവിദ്യയിലേക്ക് വന്നാൽ ഗൂഗിൾ മാപ്‌സ് നാവിഗേഷൻ, ഡാഷ്‌ബോർഡിൽ തന്നെ കാണാൻ കഴിയുന്ന വാട്ട്‌സ്ആപ്പ് നോട്ടിഫിക്കേഷനുകൾ, ലൈവ് ലൊക്കേഷൻ ഷെയറിംഗ്, വിവിധ റോഡ് സാഹചര്യങ്ങൾക്ക് അനുയോജ്യമായ മൾട്ടി-മോഡ് ട്രാക്ഷൻ കൺട്രോൾ എന്നിവ ഈ സ്കൂട്ടറിനെ ഒരു സ്മാർട്ട് ഇവി ആക്കി മാറ്റും. സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നൽകി അഡ്വാൻസ്ഡ് ആന്റി-തെഫ്റ്റ് സിസ്റ്റം, ഡ്യുവൽ ഡിസ്‌ക് ബ്രേക്കുകൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ എന്നിവയും ലഭിക്കാനാണ് സാധ്യത.


Click it and Unblock the Notifications








