ഏഥറിന്റെ 'ചീപ്പ്' ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വരുന്നു, ഒന്നല്ല കുറേയുണ്ട്! ക്ഷമ വേണം, സമയമെടുക്കും
ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വലിയ സ്വാധീനം ചെലുത്തിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഏഥര്‍ എനര്‍ജി. യുവാക്കള്‍ക്ക് പറ്റിയ സ്‌പോര്‍ട്ടി സ്‌കൂട്ടറുകള്‍ ആണെങ്കിലും കുടുംബത്തിലെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ റിസ്ത ഫാമിലി സ്‌കൂട്ടര്‍ ആണെങ്കിലും മാര്‍ക്കറ്റില്‍ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇന്ന് (30 ഓഗസ്റ്റ് 2025) ബാംഗ്ലൂരില്‍ നടന്ന ഏഥര്‍ കമ്മ്യൂണിറ്റി ഡേ 2025 ഇവന്റില്‍ വെച്ച് ഏഥര്‍ ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തി. അതില്‍ ഒന്നായിരുന്നു ബ്രാന്‍ഡിന്റെ ഭാവി ഉല്‍പ്പന്നങ്ങള്‍ക്ക് അടിവരയിടാന്‍ പോകുന്ന EL (എന്‍ലൈറ്റന്‍ഡ്) പ്ലാറ്റ്‌ഫോമിന്റെ അവതരണം.
ചെലവ് കുറഞ്ഞതും എളുപ്പത്തില്‍ സര്‍വീസും മെയിന്റനന്‍സും ചെയ്യാം എന്നതുമാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത. വിവിധ ബാറ്ററി, വീല്‍ സൈസുകള്‍, ഡാഷ്ബോര്‍ഡ് ഡിസൈനുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന സാധാരണ ഫാമിലി സ്‌കൂട്ടറുകള്‍ മുതല്‍ ഹൈ-പെര്‍ഫോമന്‍സ് സ്‌കൂട്ടറുകള്‍ വരെ ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കാന്‍ കഴിയും. ഈ മോഡുലാര്‍ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു മാക്‌സി-സ്‌കൂട്ടറിന്റെയും സ്പോര്‍ട്ടി സ്‌കൂട്ടറിന്റെയും ടീസര്‍ ചിത്രങ്ങള്‍ ഏഥര്‍ എനര്‍ജി ഇവന്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

റിസ്തയിലും 450 സീരീസിലും ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ EL പ്ലാറ്റ്ഫോം എന്നാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി പറയുന്നത്. ഇതിന് ബഹുമുഖ ഗുണങ്ങളുള്ള ഒരു യൂണിബോഡി സ്റ്റീല്‍ ഫ്രെയിമാണ് EL പ്ലാറ്റ്‌ഫോം എന്ന് പറയാം. 2 kWh മുതല്‍ 5 kWh വരെയുള്ള വിവിധ വലുപ്പത്തിലുള്ള ബാറ്ററി പായ്ക്കുകള്‍ ഫ്‌ലോര്‍ബോര്‍ഡിനടിയില്‍ സ്ഥാപിക്കാന്‍ ഇത് അനുവദിക്കും. കുറച്ച് ഘടകങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന യൂണിബോഡി ഷാസി കാരണം ചെലവ് നല്ല രീതിയില്‍ നിയന്ത്രിക്കാം.
EL പ്ലാറ്റ്‌ഫോമില്‍ പണിതിറക്കുന്ന സ്‌കൂട്ടറുകള്‍ക്ക് മെയിന്റനന്‍സ് കോസ്റ്റും വളരെ കുറവായിരിക്കുമെന്നാണ് കമ്പനി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. EL പ്ലാറ്റ്‌ഫോമില്‍ വരാന്‍ പോകുന്ന സ്‌കൂട്ടറുകള്‍ക്കായി വികസിപ്പിച്ച പുതിയ ബ്രേക്കുകള്‍ പാഡുകളുടെ തേയ്മാനം കുറയ്ക്കും. അറ്റകുറ്റപ്പണികള്‍ കുറയുന്നതോടെ സര്‍വീസ് സെന്ററുകളില്‍ തിരക്ക് കുറയും. മാത്രമല്ല ഈ ഇനത്തില്‍ പോക്കറ്റില്‍ നിന്ന് അധികം പണം ഇറക്കേണ്ടിയും വരില്ലെന്നാണ് കമ്പനി പറയുന്നത്.

EL പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ആദ്യത്തെ പ്രോട്ടോടൈപ്പായ EL01 ഏഥര്‍ കമ്മ്യൂണിറ്റി ഡേ ഇവന്റില്‍ പ്രദര്‍ശിപ്പിച്ചു. പ്രാഥമികമായി ഇത് ഒരു ഫാമിലി സ്‌കൂട്ടറായാണ് കാണപ്പെടുന്നത്. EL01 പ്രോട്ടോടൈപ്പില്‍ ഫുള്‍ എല്‍ഇഡി ലൈറ്റുകള്‍, രണ്ട് ഹെല്‍മെറ്റുകള്‍ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്ന വിശാലമായ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് സ്‌പെയ്‌സ്, വലിയ ഫ്‌ലോര്‍ ബോര്‍ഡ്, 14 ഇഞ്ച് വീലുകള്‍, പേറ്റന്റ് നേടിയ AC-DC മൊഡ്യൂള്‍ എന്നിവയാണ് ഇതിന്റെ പ്രധാന ഹൈലൈറ്റുകള്‍.
എസി-ഡിസി മൊഡ്യൂള്‍ ഉള്ളതിനാല്‍ സ്റ്റോറേജിനുള്ളില്‍ ഒരു ഓണ്‍-ബോര്‍ഡ് ചാര്‍ജിംഗ് വയര്‍ വെക്കുന്നു. EL പ്ലാറ്റ്ഫോമില്‍ നിന്ന് പിറവിയെടുക്കാന്‍ പോകുന്ന സ്‌കൂട്ടറുകള്‍ ഏഥറിന്റെ മോഡല്‍ നിരയില്‍ റിസ്തക്ക് താഴെ എന്‍ട്രി ലെവല്‍ മോഡലുകളായി സ്ഥാനം പിടിക്കാനാണ് സാധ്യത. എങ്കിലും EL പ്ലാറ്റ്‌ഫോമില്‍ വരുന്ന കുറഞ്ഞ വിലയുള്ള ഏഥറുകള്‍ സ്വന്തമാക്കാന്‍ അല്‍പ്പം ക്ഷമിച്ച് കാത്തിരിക്കേണ്ടി വരും. EL പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ ഉല്‍പ്പന്നം അടുത്ത വര്‍ഷം ഉത്സവ സീസണോടെ പുറത്തിറക്കാനാണ് കമ്പനിയുടെ പ്ലാന്‍.

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലുള്ള ഏഥറിന്റെ പുതിയ പ്ലാന്റിലായിരിക്കും EL പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള മോഡലുകള്‍ ഉത്പാദിപ്പിക്കുന്നത്. ഏഥര്‍ എനര്‍ജിയുടെ പോര്‍ട്ട്ഫോളിയോയില്‍ ഇപ്പോള്‍ 450 സീരീസും റിസ്ത ഫാമിലി സ്‌കൂട്ടറുമാണ് ഉള്‍പ്പെടുന്നുത്്. നിലവില്‍ 2.9kWh മുതല്‍ 3.7 kwh വരെ ഒന്നിലധികം ബാറ്ററി ശേഷിയില്‍ ഇവ ഓഫര്‍ ചെയ്യുന്നു.
ഏഥര്‍ ഉല്‍പ്പന്നങ്ങളുടെ വില നിലവില്‍ 1.10 ലക്ഷം രൂപയില്‍ കൂടുതലാണ്. എന്നാല്‍ രാജ്യത്ത് 1 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഇവികള്‍ക്കാണ് ഡിമാന്‍ഡ്. നിലവില്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ പകുതിയോട് അടുത്ത് ഏകദേശം 50 മുതല്‍ 50% വരെ വില്‍പ്പനയും നേടുന്നത് 1 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മോഡലുകളാണ്.
ഈ സാഹചര്യത്തിലാണ് ഏഥറും കൂടുതല്‍ ബജറ്റ് മോഡലുകള്‍ കൊണ്ടുവരുന്നത്. ഇതോടൊപ്പം രാജ്യത്തുടനീളമുള്ള റീട്ടെയില്‍ സാന്നിധ്യം അതിവേഗം വ്യാപിപ്പിക്കുകയും ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) പോലുള്ള പുതിയ മാര്‍ക്കറ്റിംഗ് മോഡലുകള്‍ കൊണ്ടുവരികയും ചെയ്ത് ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ് തുടങ്ങിയ പാരമ്പരാഗത ബ്രാന്‍ഡുകളെ വെല്ലുവിളിച്ച് മികച്ച വിപണി വിഹിതം നേടാനാണ് ഏഥറിന്റെ ശ്രമം. അതിന് പുതിയ പ്ലാറ്റ്ഫോമില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍ സഹായിക്കുമെന്ന് കരുതുന്നു.


Click it and Unblock the Notifications








