വീട്ടിലേക്ക് ഒറ്റ സ്‌കൂട്ടര്‍ മതി, അതും കുറഞ്ഞ വിലയില്‍! ഏഥറിനെ 3-ാം സ്ഥാനത്തെത്തിച്ച റിസ്ത മാജിക്
ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പന ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. വില്‍പ്പന ചാര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഓല ഇലക്ട്രിക് ഇപ്പോള്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. 2025 സെപ്റ്റംബര്‍ മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ടിവിഎസ് മോട്ടോര്‍ (22,509 യൂണിറ്റ്), ബജാജ് ഓട്ടോ (19580), ഏഥര്‍ എനര്‍ജി (18141) എന്നീ ബ്രാന്‍ഡുകള്‍ ആണ് ടോപ് 3 സ്ഥാനങ്ങള്‍ കൈയ്യടക്കിയത്. ഇതില്‍ തന്നെ ഓലയെ (13383) വരെ പിന്തള്ളി ഏഥര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി വരാന്‍ ഒറ്റ കാരണം മാത്രമേയുള്ളൂ. അത് ഏഥര്‍ റിസ്തയെന്ന ഫാമിലി സ്‌കൂട്ടറിന്റെ വരവാണ്.
വിപണിയില്‍ എത്തി 1 വര്‍ഷം കൊണ്ട് 1 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയ റിസ്ത എല്ലാ മാസവും ഏഥറിന് സ്ഥിരമായി മികച്ച വില്‍പ്പന നേടിക്കൊടുക്കുന്നു. ഇന്ത്യന്‍ കുടുംബങ്ങള്‍ ഏഥര്‍ റിസ്ത ഏറ്റെടുക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഇതിന്റെ വിലയാണ്. 2 വേരിയന്റുകളില്‍ വില്‍പ്പനക്കെത്തുന്ന ഏഥര്‍ റിസ്ത താങ്ങാവുന്ന വിലയില്‍ ലഭ്യമാണ്.

ഏഥര്‍ റിസ്ത S വേരിയന്റിന്റെ വില വെറും 1,04,999 രൂപയില്‍ നിന്നാണ് ആരംഭിക്കുന്നത്. മറുവശത്ത്, Z വേരിയന്റിന് 1,30,447 രൂപ മുടക്കണം. ഏഥറിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ സൂചിപ്പിച്ച എക്‌സ്-ഷോറൂം വിലകളാണ് ഇത്. കുറഞ്ഞ വില മാത്രമല്ല ഇത് മികച്ച റേഞ്ചും വാഗ്ദാനം ചെയ്യുന്നു. ഏഥര്‍ റിസ്ത ഇലക്ട്രിക് സ്‌കൂട്ടറിന് പരമാവധി 159 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ചാണ് ഉള്ളത്.
അതേസമയം, ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററാണ്. പെര്‍ഫോമന്‍സ് നോക്കിയാല്‍ ഏഥര്‍ റിസ്തക്ക് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 4.7 സെക്കന്‍ഡ് സമയം മാത്രം മതി. ഏഥര്‍ ഗ്രിഡ് വഴി റിസ്ത ഇലക്ട്രിക് സ്‌കൂട്ടര്‍ 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 30 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും.

നമ്മള്‍ ഇവിടെ സൂചിപ്പിച്ച റൈഡിംഗ് റേഞ്ച്, ടോപ് സ്പീഡ്, ആക്‌സിലറേഷന്‍, ചാര്‍ജിംഗ് സമയം എന്നിവ രണ്ട് വേരിയന്റുകള്‍ക്കും പൊതുവായുള്ളതാണെന്ന് ശ്രദ്ധിക്കേണ്ടതാണ്. കുറഞ്ഞ വില, മികച്ച റേഞ്ച് എന്നിവയടക്കം ഒരു സാധാരണ കുടുംബത്തിലെ അംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ സ്‌കൂട്ടറിന് വേണ്ട സവിശേഷതകള്‍ എല്ലാം റിസ്തയ്ക്കുണ്ട്. അതുകൊണ്ട് തന്നെ റിസ്ത എല്ലാ മാസവും മികച്ച വില്‍പ്പന നേടുന്നു.
2025 സെപ്റ്റംബര്‍ മാസവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. 2025 സെപ്റ്റംബര്‍ മാസത്തെ ഏഥര്‍ റിസ്ത ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന റിപ്പോര്‍ട്ട് ഇപ്പോള്‍ ഞങ്ങളുടെ കൈയ്യിലുണ്ട്. ഗാഡിവാഡി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വില്‍പ്പന റിപ്പോര്‍ട്ട് അനുസരിച്ച് ഏഥര്‍ റിസ്തക്ക് 2025 സെപ്റ്റംബറില്‍ 18,919 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. എന്നാല്‍ 12 മാസം മുമ്പ് 2024 സെപ്റ്റംബറില്‍ വില്‍പ്പന 9,867 യൂണിറ്റുകള്‍ മാത്രമായിരുന്നു.

അതായത് 2024 സെപ്റ്റംബറിനെ അപേക്ഷിച്ച്, 2025 സെപ്റ്റംബര്‍ മാസത്തില്‍ ഏഥര്‍ 9,052 യൂണിറ്റ് ഏഥര്‍ റിസ്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അധികം വിറ്റു. ഇത് കാരണം ഏഥര്‍ റിസ്ത ഇലക്ട്രിക് സ്‌കൂട്ടറിന് വില്‍പ്പനയില്‍ 91.74 ശതമാനത്തിന്റെ അമ്പരപ്പിക്കുന്ന വളര്‍ച്ച രേഖപ്പെടുത്താനായി. ഇതുവഴി 2025 സെപ്റ്റംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 സ്‌കൂട്ടറുകളുടെ പട്ടികയില്‍ ഉള്‍പ്പെടാനും ഏഥര്‍ റിസ്തക്ക് സാധിച്ചു.
ഈ പട്ടികയില്‍ റിസ്തക്ക് പത്താം സ്ഥാനമാണ്. ഹോണ്ട ആക്ടിവ, ടിവിഎസ് ജുപ്പിറ്റര്‍, സുസുക്കി ആക്സസ്, ടിവിഎസ് എന്‍ടോര്‍ഖ്, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, സുസുക്കി ബര്‍ഗ്മാന്‍, യമഹ റേ ZR, ഹോണ്ട ഡിയോ എന്നിവയാണ് പട്ടികയില്‍ റിസ്തയ്ക്ക് മുന്നിലുള്ളത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഥറിന്റെ സ്‌കൂട്ടറുകളുടെ നിര്‍മാണ നിലവാരത്തെ കുറിച്ച് ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.
സ്‌പോര്‍ടി സ്‌കൂട്ടറുകളുമായി വന്ന കമ്പനി ഇപ്പോള്‍ റിസ്തയിലൂടെ ഫാമിലികള്‍ക്കിടയിലും ജനപ്രിയമായി. ഓഗസ്റ്റില്‍ നടന്ന കമ്മ്യൂണിറ്റി ഇവന്റില്‍ കുറഞ്ഞ വിലയുള്ള ഇവികള്‍ക്ക് അടിവരയിടാന്‍ പോകുന്ന പുതിയ EL പ്ലാറ്റ്‌ഫോം ഏഥര്‍ പ്രഖ്യാപിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ നിലവാരം കുറയാതെ കുറഞ്ഞ വിലയില്‍ വരുന്ന സ്‌കൂട്ടറുകള്‍ക്ക് മികച്ച ഡിമാന്‍ഡ് ആണ്. ഈ അവസരം മുതലെടുക്കാനാണ് ഏഥറിന്റെയും ശ്രമം.


Click it and Unblock the Notifications








