റിസ്തയിലൂടെ 'കുടുംബത്ത് കേറിയ' ഏഥറിന് ശുക്രന്‍! വില്‍പ്പന ശരവേഗം 4 ലക്ഷം യൂണിറ്റില്‍
2025 ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യയിലെ ഇലക്ട്രിക് ടൂവീലര്‍ വിപണിയില്‍ ഇപ്പോള്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ടോപ് സ്ഥാനങ്ങള്‍ സ്വന്തമാക്കാനായി പരസ്പരം പോരടിക്കുകയാണ് സ്ഥാപിത ബ്രാന്‍ഡുകളും സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡുകളും. രാജ്യത്തെ പ്രമുഖ ഇവി സ്റ്റാര്‍ട്ടപ്പായ ഏഥര്‍ എനര്‍ജി 2025 ഏപ്രില്‍ മാസം 16,000-ത്തിലധികം ഇലക്ട്രിക് ടൂവീലറുകള്‍ വിറ്റഴിച്ചു. ഇതോടെ കമ്പനിയുടെ ആകെ വില്‍പ്പന 402,207 യൂണിറ്റുകളായി ഉയര്‍ന്നു. വാഹന പോര്‍ട്ടലിലെ വില്‍പ്പന കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസം 16,231 യൂണിറ്റുകളാണ് ഏഥര്‍ വിതരണം ചെയ്തത്.
ബെംഗളൂരു ആസ്ഥാനമായുള്ള ഏഥറിന്റെ രണ്ടാമത്തെ മികച്ച പ്രതിമാസ വില്‍പ്പനയായ 2024 ഒക്ടോബറിലെ കണക്കുകളേക്കാള്‍ വെറും 17 യൂണിറ്റ് മാത്രമാണ് ജൂലൈയില്‍ കുറവ് വന്നിരിക്കുന്നത്. ജൂലൈ മാസത്തെ അവസാന ദിവസങ്ങളിലെ രജിസ്‌ട്രേഷനുകള്‍ പൂര്‍ത്തിയാകുമ്പോള്‍ വില്‍പ്പന കണക്കില്‍ ഒക്ടോബറിനെ മറികടന്ന് ഏഥറിന്റെ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച മാസമായി മാറാന്‍ സാധ്യതയുണ്ട്. 17430 യൂണിറ്റ് വില്‍പ്പന നടന്ന 2024 മാര്‍ച്ച് ആണ് ഏഥറിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മാസം.

കേന്ദ്ര സര്‍ക്കാറിന്റെ ഫെയിം II സബ്സിഡി സ്‌കീം അവസാനിച്ച മാസമായിരുന്നു അത്. തൊട്ടടുത്ത മാസങ്ങളില്‍ ഇവികള്‍ക്ക് വില കൂടുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് ജനം ഷോറൂമിലേക്ക് ഒഴുകുകയായിരുന്നു. സബ്‌സിഡി വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയെ ഫീച്ചറുകളും ബാറ്ററി ശേഷിയും കുറഞ്ഞ ബജറ്റ് വിലയുള്ള വേരിയന്റുകളും മോഡലുകളും പുറത്തിറക്കിയാണ് കമ്പനികള്‍ മറികടന്നത്. 2025 ജനുവരി മുതല്‍ ജൂലൈ വരെ 98,004 യൂണിറ്റുകളാണ് ഏഥര്‍ വിറ്റഴിച്ചത്.
കച്ചവടം ഈ രീതിയില്‍ പൊടിപൊടിച്ച് മുന്നോട്ട് നീങ്ങിയാല്‍ ഈ വര്‍ഷം അവസാനത്തോടെ 150,000 യൂണിറ്റ് വാര്‍ഷിക വില്‍പ്പനയെന്ന ലക്ഷ്യം ആദ്യമായി മറികടക്കാന്‍ ഏഥറിന് സാധിച്ചക്കും. നിലവിലെ കണക്കനുസരിച്ച് ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസത്തെ വില്‍പ്പന 2024-ലെ മൊത്തം വില്‍പ്പനയുടെ 77 ശതമാനമാണ്. ആദ്യ ഏഴ് മാസങ്ങളിലെ പ്രകടനം തുടര്‍ന്നുള്ള അഞ്ച് മാസങ്ങളിലും നിലനിര്‍ത്താന്‍ സാധിച്ചാല്‍ 2025 അവസാനത്തോടെ അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് മറികടക്കാനും കമ്പനിക്ക് സാധിക്കും.

ഇനിയുള്ള മാസങ്ങളിലാണ് രാജ്യത്തെ ഉത്സവ സീസണ്‍ വരുന്നത്. ഇന്ത്യക്കാര്‍ കൂട്ടത്തോടെ പുതിയ വാഹനങ്ങള്‍ വാങ്ങുന്ന സമയമാണ്. കിടിലന്‍ ഓഫറുകള്‍ നല്‍കി ഏഥറിനെ പോലുള്ള കമ്പനികളും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. ഉത്സവ സീസണ്‍ കണക്കിലെടുക്കുമ്പോള്‍ 5 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് ഏഥറിന് മറികടക്കാന്‍ പറ്റുമെന്നാണ് വിശ്വാസം.
വില്‍പ്പന കൂടുന്നതിനൊപ്പം ഏഥറിന്റെ വിപണി വിഹിതത്തിലും സ്ഥിരമായ വളര്‍ച്ച പ്രകടമാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 8 ശതമാനമായിരുന്ന വിപണി വിഹിതം നിലവില്‍ 14 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നിലവിലെ ഏഥറിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് പിന്നിലുള്ള പ്രധാന കാരണം 2024 ഏപ്രിലില്‍ പുറത്തിറങ്ങിയ റിസ്ത ഫാമിലി സ്‌കൂട്ടര്‍ ആണ്. നിലവില്‍ കമ്പനിയുടെ പ്രതിമാസ വില്‍പ്പനയുടെ 60 ശതമാനത്തിലധികവും സംഭാവന ചെയ്യുന്നത് റിസ്തയാണ്.

കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഉപയോഗിക്കാന്‍ അനുയോജ്യമായ ഈ സ്‌കൂട്ടര്‍ ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. പുറത്തിറങ്ങി വെറും 13 മാസത്തിനുള്ളില്‍ റിസത 1 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയിരുന്നു. നിലവില്‍ ബജാജ്, ടിവിഎസ്, ഹീറോ വിഡ, ഓല ഇലക്ട്രിക് ഉള്‍പ്പെടെയുള്ള മറ്റു ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ക്ക് 1 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മോഡലുകളുണ്ട്.
ഈ മോഡലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനായി ഏഥര്‍ ബജറ്റ് സ്‌കൂട്ടറുകള്‍ക്കായുള്ള EL പ്ലാറ്റ്‌ഫോം വികസിപ്പിച്ചിട്ടുണ്ട്. ഈ മാസം നടക്കാന്‍ പോകുന്ന ഏഥര്‍ കമ്യൂണിറ്റി ഡേ ഇവന്റില്‍ പുതിയ EL പ്ലാറ്റ്ഫോം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ചെലവ് കുറഞ്ഞ മോഡലുകള്‍ വഴി ഉപഭോക്തൃ അടിത്തറ വിപുലീകരിക്കാനാണ് ഏഥറിന്റെ ശ്രമം. ഭൂരിപക്ഷവും സാധാരണക്കാരും ഇടത്തരക്കാരുമുള്ള ഇന്ത്യയില്‍ ബജറ്റ് മോഡലുകള്‍ക്ക് എന്നും ഡിമാന്‍ഡ് ഉണ്ടാകുമെന്നതാണ് വസ്തുത.


Click it and Unblock the Notifications








