എതിരാളികളെ എടുത്ത് ഉടുക്കാൻ അപ്പ്ഡേറ്റുകളുമായി ഏഥർ റെഡി; പുത്തൻ 450 ദേ ഇന്നെത്തും
നമ്മുടെ നാട്ടിലെ ഇലക്ട്രിക് 2-വീലർ സെഗ്മെന്റിൽ പുത്തൻ മാനദണ്ഡങ്ങൾ സൃഷ്ടിച്ച ഒരു മോഡലാണ് ഏഥർ എന്നത്. മുൻ കാലങ്ങളിലേക്കാൾ ഇപ്പോൾ മാർക്കറ്റിൽ കോംപറ്റീഷൻ കൂടുതലാണ്, അതിനാൽ പുതുമകളും പുത്തൻ ഫീച്ചറുകളുമായി അപ്പ്ഡേറ്റായിരിക്കേണ്ടത് ഈ മേഖലയിൽ അത്യാവശ്യമാണ്. അതിൻപ്രകാരം
ഏഥർ എനർജി ജനുവരി 4 -ന് ഇന്ത്യയിൽ തങ്ങളുടെ അപ്‌ഡേറ്റ് ചെയ്ത 450 സീരീസ് ഇലക്ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിക്കാൻ സജ്ജമാണ്. കമ്പനി CEO -ഉം സഹസ്ഥാപകനുമായ തരുൺ മേത്ത സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു ടീസറാണ് ഇത് സ്ഥിരീകരിച്ചത്.

പുതിയ 450 മോഡൽ 160 സിസി, 125 സിസി എന്നിങ്ങനെ രണ്ട് സ്‌പോർട്ടി ICE സ്‌കൂട്ടറുകളുമായി മുകളിൽ പറഞ്ഞ തീയതിയിൽ ഒരു ഹൈ സ്പീഡ് ടെസ്റ്റ് ട്രാക്കിൽ റേസ് ചെയ്യും എന്ന് ഏഥർ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇത് 2025 ഏഥർ 450 സീരീസിന് അർഹമായ അരങ്ങേറ്റം നൽകും എന്ന കാര്യത്തിൽ സംശയമില്ല.
പുറത്തു വന്ന ഈ ടീസറിൽ, തരുൺ 2025 മോഡൽ 450 -ൽ വരാനിരിക്കുന്ന കാര്യമായ അപ്‌ഗ്രേഡുകളെ കുറിച്ച് ചെറിയ ഒരു സൂചന നൽകി. "അകത്ത് ഒരുപാട് മാറിയിട്ടുണ്ട്," മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകൾക്കൊപ്പം മെച്ചപ്പെട്ട പ്രകടനവും ഇത് വാഗ്ദാനം ചെയ്യും എന്ന് അദ്ദേഹം പറഞ്ഞു.

ലോഞ്ച് ചെയ്യുമ്പോൾ 'സ്കിഡ് കൺട്രോൾ' എന്ന് വിളിക്കാവുന്ന മെച്ചപ്പെട്ട ട്രാക്ഷൻ കൺട്രോൾ സിസ്റ്റം വാഹനത്തിന് ലഭിക്കും എന്നത് ശ്രദ്ധേയമാണ്. അസമമായ ഭൂപ്രദേശങ്ങളും വഴുവഴുപ്പൻ റോഡുകളും നന്നായി കൈകാര്യം ചെയ്യാൻ 2025 അപ്പ്ഡേറ്റുകളോടെ എത്തുന്ന ഇലക്ട്രിക് സ്കൂട്ടറിന് കഴിയും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.
'മാജിക് ട്വിസ്റ്റ്' ഫീച്ചറും പുതിയ ഏതർ 450 -ക്ക് ലഭിക്കും. ആദ്യം ഏഥർ 450 അപെക്സിലും പിന്നീട് റിസ്തയിലും കണ്ടിട്ടുള്ളതാണിത്. ആക്സിലറേഷനും ബ്രേക്കിംഗിനും ത്രോട്ടിൽ ഉപയോഗിക്കാൻ ഉപഭോക്താക്കളെ ഇത് അനുവദിക്കുന്നു. നോർമൽ ട്വിസ്റ്റ് വാഹനത്തിന്റെ ആക്സിലറേഷൻ അനുവദിക്കുകയും ഒരു റിവേഴ്സ് ട്വിസ്റ്റ് ചെയ്യുന്നത് റീജൻ -ബ്രേക്കിംഗ് എൻഗേജ് ചെയ്യും. ഈ സജ്ജീകരണം കൂടുതൽ തടസ്സമില്ലാത്തതും കാര്യക്ഷമവുമായ റൈഡിംഗ് എക്സ്പീരിയൻസ് അനുവദിക്കും.

ഈ മാറ്റങ്ങൾക്ക് പുറമേ, പുതിയ സ്‌കൂട്ടറിൽ ഏഥർസ്റ്റാക്ക് 6 -ഉം ഫീച്ചർ ചെയ്യും. ഏഥറിൻ്റെ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിൻ്റെ ഏറ്റവും പുതിയതും അപ്‌ഡേറ്റ് ചെയ്തതുമായ പതിപ്പാണിത്. പുതിയ കസ്റ്റമൈസേഷൻ ഓപ്‌ഷനുകൾക്കൊപ്പം സുഗമമായ പ്രകടനവും മികച്ച എനർജി മാനേജ്‌മെൻ്റും ഇത് വാഗ്ദാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്നു.
അപ്‌ഡേറ്റഡ് 450 സീരീസ് സ്‌കൂട്ടറുകൾക്ക് ഒരു സെറ്റ് പുതിയ എക്സ്റ്റീരിയർ കളർ ഓപ്ഷനുകൾ നിർമ്മാതാക്കൾ നൽകും എന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ എട്ട് നിറങ്ങളിൽ സ്കൂട്ടർ ലഭ്യമാണ്. കൂടാതെ 450S, 2.9 kWh ബാറ്ററി പായ്ക്കുമായി വരുന്ന 450X, 3.7 kWh കപ്പാസിറ്റിയുമായി വരുന്ന റേഞ്ച്-ടോപ്പിംഗ് 450X എന്നിങ്ങനെ ഏഥർ 450 ശ്രേണിക്ക് നിലവിൽ മൂന്ന് വകഭേദങ്ങളുണ്ട്.
ഇവയുടെ നിലവിലെ വിലകൾ എന്നത് 450S (2.9 kWh) -ന് 1.25 ലക്ഷം രൂപയും, 450X (2.9 kWh) -ന് 1.40 ലക്ഷം രൂപയും, 450X (3.7 kWh) -ന് 1.55 ലക്ഷം രൂപയുമാണ്. പുതിയ ഫീച്ചറുകളും അതോടൊപ്പം അപ്‌ഡേറ്റുകളും കണക്കിലെടുക്കുമ്പോൾ, പുതിയ 450X -ന് അതിൻ്റെ വിലയിൽ നേരിയ വർധനവ് ഉണ്ടായിരിക്കാം. തൽഫലമായി വില 3,000 രൂപ മുതൽ 6,000 രൂപ വരെ ഉയരും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








