പാവങ്ങള്‍ക്കായി പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കൊണ്ടുവരാന്‍ ഏഥര്‍! പണം സമാഹരിക്കാന്‍ കണ്ട ഐഡിയ കൊള്ളാം...
കമ്പനികള്‍ ആദ്യമായി ഓഹരി പൊതുവിപണിയില്‍ വിറ്റഴിച്ച് മൂലധനം സമാഹരിക്കുന്നതിതിനെയാണ് പ്രഥമ ഓഹരി വില്‍പന അഥവാ ഐപിഒ എന്നു പറയുന്നത്. ഓഹരി വിപണി കുതിക്കുന്ന പല റെക്കോഡ് നേട്ടങ്ങളും കൈവരിക്കുന്ന ഇന്നത്തെ കാലത്ത് എല്ലാ ആഴ്ചയും നിരവധി ഐപിഒകള്‍ക്ക് 'സെബി' അനുമതി നല്‍കുന്നു. ഇന്ത്യയിലെ നമ്പര്‍ 1 ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഓല ഇലക്ട്രിക് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത് കോടികള്‍ സമാഹരിച്ചിരുന്നു. ഇപ്പോള്‍ ഓലയ്ക്ക് പിന്നാലെ ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ സ്റ്റാര്‍ട്ടപ്പായ ഏഥര്‍ എനര്‍ജി ഉടന്‍ ഐപിഒക്ക് ഇറങ്ങാന്‍ പോകുകയാണ്.
ഐപിഒ ലോഞ്ച് പ്രഖ്യാപന വേളയില്‍ കമ്പനി ചില സുപ്രധാന വെളിപ്പെടുത്തലുകളും നടത്തി. ചെലവ് കുറഞ്ഞ പുതിയ EL പ്ലാറ്റ്ഫോമിന് പിന്നില്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരമാണ് ഏഥര്‍ എനര്‍ജി നല്‍കിയിരിക്കുന്നത്. നിലവില്‍ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന 450X, റിസ്ത മോഡലുകള്‍ക്ക് താഴെ കുറഞ്ഞ വിലയില്‍ വരാന്‍ പോകുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ് ഈ പുതിയ സ്‌കൂട്ടര്‍ അടിവരയിടുക.

നിലവിലുള്ള മോഡല്‍ പോര്‍ട്ട്‌ഫോളിയോയില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ടാണ് EL പ്ലാറ്റ്‌ഫോം അണിയിച്ചാരുക്കുന്നത്.ഇത് ഇവികളുടെ ഉല്‍പ്പാദനച്ചെലവ് വലിയ തോതില്‍ കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. ഏഥറിന്റെ പുതിയ EL പ്ലാറ്റ്ഫോം നിലവില്‍ വികസന ഘട്ടത്തിലാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ താങ്ങാനാകുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയുടെ വരവിന് കമ്പനി തീയതി കുറിച്ചിട്ടില്ല.
EL പ്ലാറ്റ്ഫോം കൂടാതെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്കായി 'സെനിത്ത്' എന്ന ഒരു പുതിയ പ്ലാറ്റ്ഫോമും ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി വികസിപ്പിക്കുന്നുണ്ട്. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാന്‍ ഏഥറിന് പ്ലാന്‍ ഉണ്ടെന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ അവര്‍ വ്യക്തമാക്കിയതാണ്. പുതിയ മോഡലുകളെ കുറിച്ചുള്ള വിവരങ്ങള്‍ കുറവാണെങ്കിലും വരും വര്‍ഷങ്ങളില്‍ ഏഥര്‍ ഈ മോഡലുകള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഓല ഇലക്ട്രിക്കിന്റെ കന്നി ഇലക്ട്രിക് മോട്ടോര്‍സൈക്കിളാല റോഡ്സ്റ്റര്‍ X ഉത്പാദനത്തിന് കയറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏഥറും ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ വരവ് അല്‍പ്പം വേഗത്തിലാക്കിക്കൂടെന്നില്ല. നിലവില്‍, ഏഥറിന്റെ റിസ്ത ഫാമിലി സ്‌കൂട്ടര്‍ ഉള്‍പ്പെടെ ഇ-സ്‌കൂട്ടറുകള്‍ക്ക് വളരെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. റിസ്ത ഇന്ത്യന്‍ കുടുംബങ്ങളെ ലക്ഷ്യം വെച്ചുള്ള ഒരു ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലാണ്.
കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടിയാണിത്. 99,999 വിലയ്ക്ക് ഇത് വില്‍പ്പനയ്ക്ക് ലഭ്യമാണ്. ഇത് എക്സ്-ഷോറൂം വില മാത്രമാണ്. കുറഞ്ഞ വിലയ്ക്ക് ഒരു പുതിയ ഇ-സ്‌കൂട്ടര്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഏഥര്‍. റിസ്തയെപ്പോലെ ഏഥര്‍ 450 സീരീസിന് കീഴില്‍ 450 S, 450 X, 450 അപെക്‌സ് എന്നീ മോഡലുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

നിലവില്‍ 1.19 ലക്ഷം മുതല്‍ 1.89 ലക്ഷം രൂപ വരെ വിലയില്‍ ഇവ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ഇത് എക്സ്-ഷോറൂം വില മാത്രമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ പ്രീമിയവും നൂതന സാങ്കേതിക സവിശേഷതകളും കാരണം 450 സീരീസ് അല്‍പ്പം ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഇന്ത്യക്കാരുടെ ഹൃദയം കവര്‍ന്ന ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡായി ഏഥര്‍ എനര്‍ജി ഇപ്പോള്‍ മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളിലൂടെ വിപണി കൂടുതല്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. എന്നിരുന്നാലും അവ എപ്പോള്‍ വില്‍പ്പനയ്‌ക്കെത്തുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏതായാലും ഐപിഒ വഴി കൂടുതല്‍ ധനം സമാഹരിക്കാന്‍ കഴിഞ്ഞാല്‍ ഇവ വേഗത്തില്‍ എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








