ഇത് ബൈക്കില്‍ പിറന്ന സ്‌കൂട്ടര്‍! 140 കി.മീ റേഞ്ച്, വില വെറും 87000 രൂപ
ഇന്ത്യയില്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ ഈറ്റില്ലമാണ് ബാംഗ്ലൂര്‍. കര്‍ണാടക തലസ്ഥാന നഗരി കേന്ദ്രീകരിച്ച് നിരവധി ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. അക്കൂട്ടത്തില്‍ ഒന്നാണ് ന്യൂമെറോസ് മോട്ടോര്‍സ്. സുരക്ഷ, വിശ്വാസ്യത, ഈട് എന്നിവയില്‍ ഊന്നി വിവിധ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇലക്ട്രിക് വാഹനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ കമ്പനി ലക്ഷ്യമിടുന്നു. കഴിഞ്ഞ വര്‍ഷം ഒരു കൊമേഴ്ഷ്യല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയ കമ്പനി 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് തങ്ങളുടെ ഡിപ്ലോസ് മാക്സ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ന്യൂമെറോസ് ഇ-സ്‌കൂട്ടര്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പുത്തന്‍ സ്‌കൂട്ടറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ വായിക്കാം.
കൊമേഴ്ഷ്യല്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ന്യൂമെറോസ് മോട്ടോര്‍സ് ഡിപ്ലോസ് മാക്‌സ് പണികഴിപ്പിച്ചിരിക്കുന്നത്. ഒറ്റ വേരിയന്റിലാണ് ഇത് ലഭ്യമാകുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ കൂടെ ന്യൂമെറോസ് 01 എന്ന പ്ലാറ്റ്‌ഫോം കൂടി കമ്പനി അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ ബൈക്ക്‌സ്‌കൂട്ടര്‍ ക്രോസ്ഓവര്‍ എന്നാണ് ന്യൂമെറോസ് ഇതിനെ വിളിക്കുന്നത്. കാഴ്ചയില്‍ ബെക്കിന്റെയും സ്‌കൂട്ടറിന്റെയും സംയോജനമായി ഇത് അനുഭവപ്പെടുന്നു.

പിഎം ഇ-ഡ്രൈവ് സ്‌കീമിന് കീഴില്‍ വെറും 86,999 രൂപക്ക് ന്യൂമെറോസ് ഡിപ്ലോസ് മാക്സ് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാം. വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങളിലൂടെ 13.9 ദശലക്ഷത്തിലധികം കിലോമീറ്റര്‍ പരീക്ഷണം നടത്തിയ ശേഷമാണ് ഡിപ്ലോസ് മാക്‌സ് പുറത്തിറക്കിയത്. പാറക്കെട്ടുകള്‍ നിറഞ്ഞ വഴികള്‍ പോലും ഇത് അനായാസം മുറിച്ചുകടന്നു. കളര്‍ ഓപ്ഷനുകളില്‍ റെഡ്, ബ്ലൂ, വൈറ്റ് എന്നിവ ഉള്‍പ്പെടുന്നു. ഈ സ്‌കൂട്ടറിന് തികച്ചും വ്യത്യസ്തമായ ഒരു രൂപമാണ് നല്‍കിയിരിക്കുന്നത്.
ഒരു സ്‌കൂട്ടറിന്റെ സൗകര്യവും മോട്ടോര്‍സൈക്കിളിന്റെ സ്ഥിരതയും സമന്വയിപ്പിക്കുന്നതാണ് ഇതിന്റെ ഡിസൈന്‍. ഡിപ്ലോസ് മാക്സില്‍ വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ്, ചെറിയ എല്‍ഇഡി ഡിആര്‍എല്‍, ടു പീസ് സീറ്റ്, റീമൂവബിള്‍ ബാറ്ററി പായ്ക്ക് എന്നിവ ഉള്‍പ്പെടുന്നു. അതുകൊണ്ട് തന്നെ സാധാരണ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായ ഡിസൈനിലുള്ള ഒരു ഇവി വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് ഈ മോഡല്‍ പരിഗണിക്കാവുന്നതാണ്.

ഹൈ പെര്‍ഫോമന്‍സ് എല്‍ഇഡി ലൈറ്റുകള്‍, ആന്റി-തെഫ്റ്റ് സാങ്കേതികവിദ്യ, ജിയോ-ഫെന്‍സിംഗ്, വെഹിക്കിള്‍ ട്രാക്കിംഗ് തുടങ്ങിയ സവിശേഷതകളും ഇവിയില്‍ വാഗ്ദാനം ചെയ്യുന്നു. ഈ സ്‌കൂട്ടറില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന ബാറ്ററിയും മോട്ടോറും സജ്ജീകരിച്ചിരിക്കുന്നു. ന്യൂമെറോസ് ഡിപ്ലോസ് മാക്‌സിന് 3.7 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു. രണ്ട് റീമൂവബിള്‍ ബാറ്ററികളാണ് ലഭിക്കുന്നത്. 2.67 kW ഹബ് മൗണ്ടഡ് മോട്ടോറാണ് ഇവിയുടെ കരുത്ത്. ഫുള്‍ ചാര്‍ജില്‍ 140 കിലോമീറ്ററാണ് ഡിപ്ലോസ് മാക്‌സിന്റെ ഐഡിസി റേഞ്ച് പറയുന്നത്.
ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ റീചാര്‍ജ് ചെയ്യാന്‍ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ മാത്രം മതി. ഇലക്ട്രിക് സ്‌കൂട്ടര്‍ പരമാവധി മണിക്കൂറില്‍ 63 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുമെന്ന് ന്യൂമെറോസ് മോട്ടോര്‍സ് അവകാശപ്പെടുന്നു. ഇക്കോ, നോര്‍മല്‍ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും ലഭിക്കുന്നു. രണ്ട് ഡിസ്‌ക് ബ്രേക്കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. ചതുരാകൃതിയിലുള്ള ഷാസിയും വീതിയേറിയ ടയറുകളും ഗ്രിപ്പും ഈടും വര്‍ധിപ്പിക്കും.
ദൈനംദിന യാത്രകള്‍ കൂടുതല്‍ പ്രായോഗികമാക്കാനായി ഇരട്ട-സീറ്റ് സഹായിക്കുന്നു. ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ സവിശേഷ ഡിസൈനിലുള്ള ന്യൂമെറോസ് ഡിപ്ലോസ് മാക്സ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിയിരിക്കുന്നത്. നിലവില്‍ 14 നഗരങ്ങളില്‍ സാന്നിധ്യമറിയിക്കുന്ന കമ്പനി 2025-2026 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഡീലര്‍ഷിപ്പ് ശൃംഖല 170 ആക്കി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








