ഓലയോ... ഓലയൊക്കെ 'തീര്‍ന്നു'; രാജ്യത്തെ നമ്പര്‍ 1 ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ ദേ ഇതാണ്
ഓട്ടോമോട്ടീവ് ലാന്‍ഡ്‌സ്‌കേപ്പ് ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. അതില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ ജനങ്ങളുടെ അഭിരുചി അനുദിനം മാറ്റത്തിന് വിധേയമാകുന്നു. ഇലക്ട്രിക് വാഹന വിഭാഗം (Electric Vehicles) പിച്ചവെച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എന്തെങ്കിലും നെഗറ്റീവ് അഭിപ്രായം വന്നാലുള്ള അനുഭവം നാം സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പ് ആധിപത്യം പുലര്‍ത്തിയ കമ്പനികളില്‍ നിന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉപഭോക്താക്കള്‍ അകന്നുപോകുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ഓല ഇലക്ട്രിക്കിന് (Ola Electric) ഇപ്പോള്‍ കിരീടം നഷ്ടപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ബജാജ് ചേതക് (Bajaj Chetak), ടിവിഎസ് ഐക്യൂബ് (TVS iQube) എന്നിവ ഓലയുമായുള്ള വില്‍പ്പന കണക്കുകളിലെ വിടവ് കുറച്ച് കൊണ്ടുവരികയായിരുന്നു. ഓലയുടെ വില്‍പ്പന ഇടിഞ്ഞത് ഏറ്റവും കൂടുതല്‍ ഗുണമായത് ബജാജിനും ടിവിഎസിനുമാണ്. ഇതില്‍ വലിയ മുന്നേറ്റമുണ്ടാക്കിയത് ബജാജ് ചേതക് ആണ്. ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ രാജ്യത്തെ നമ്പര്‍-1 മോഡലായി മാറിയിരിക്കുന്നു.

ബജാജ് ചേതക് ഇലക്ട്രിക്കിന്റെ വില്‍പ്പനയെ കുറിച്ച് പറയുമ്പോള്‍ കഴിഞ്ഞ മാസം കമ്പനി 21,335 യൂണിറ്റുകള്‍ വിറ്റു. 2024 ഫെബ്രുവരിയെ അപേക്ഷിച്ച് 81% വളര്‍ച്ചയാണ് ചേതക് രേഖപ്പെടുത്തിയത്. ഫെബ്രുവരിയില്‍ ബജാജ് ഓട്ടോ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ തങ്ങളുടെ വിപണി വിഹിതം 28% ആക്കി ഉയര്‍ത്തി.
നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 11 മാസത്തിനുള്ളില്‍ 1,95,651 യൂണിറ്റുകളുടെ റീട്ടെയില്‍ വില്‍പ്പന നടത്താനും ബജാജിനായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 121% വളര്‍ച്ച കൈവരിച്ചു. 2025 മാര്‍ച്ചില്‍ ചേതക്കിന്റെ 25,000 യൂണിറ്റുകള്‍ കൂടി വില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ വന്നാല്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ ചേതക്കിന്റെ മൊത്തം വില്‍പ്പന ഏകദേശം 2,20,000 യൂണിറ്റ് കടക്കും.

നിലവില്‍ കമ്പനിയുടെ പോര്‍ട്ട്ഫോളിയോയില്‍ ചേതക് ഇലക്ട്രിക് മാത്രമാണുള്ളത്. എന്നാല്‍ സ്‌കൂട്ടര്‍ വ്യത്യസ്ത ബാറ്ററി പായ്ക്കുകളിലും വേരിയന്റുകളിലും വാങ്ങാന്‍ കഴിയും. ചേതക്കിന്റെ പുതിയ 35 സീരീസ് പൂര്‍ണമായും പുതിയൊരു പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു വലിയ 3.5 kWh അണ്ടര്‍ഫ്‌ലോര്‍ ബാറ്ററി പായ്ക്കുമായിട്ടാണ് ഇത് വരുന്നത്. ബാറ്ററിയുടെ സ്ഥാനം മാറ്റിയതോടെ സ്‌കൂട്ടറിന്റെ ഭാരവും ഹാന്‍ഡ്‌ലിംഗും മെച്ചപ്പെട്ടു. മാത്രമല്ല സീറ്റിനടിയില്‍ 35 ലിറ്റര്‍ സംഭരണശേഷി ലഭിക്കുകയും ചെയ്തു.
ഇതോടെ ഹെല്‍മെറ്റിനൊപ്പം ചില അത്യാവശ്യ സാധനങ്ങളും സീറ്റിനടിയില്‍ സൂക്ഷിക്കാം. പുതിയ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം മികച്ച പ്രകടനവും കാര്യക്ഷമതയും ഉറപ്പാക്കുന്നു. പുതിയ ചേതക് പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 153 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ ഏകദേശം 125 കിലോമീറ്റര്‍ റേഞ്ച് പ്രതീക്ഷിക്കാം. ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 73 കിലോമീറ്ററാണ്. ഇത് ഇക്കോ, സ്പോര്‍ട്സ് മോഡുകളുമായാണ് വരുന്നത്.

950W ചാര്‍ജര്‍ ഉള്ളതിനാല്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ പറ്റും. വെറും 3 മണിക്കൂര്‍ 25 മിനിറ്റിനുള്ളില്‍ ബാറ്ററി 80% ചാര്‍ജ് ആകും. മറ്റ് സവിശേഷതകള്‍ നോക്കിയാല്‍ ഇതില്‍ റൈഡര്‍ക്കും പിന്‍സീറ്റ് യാത്രക്കാര്‍ക്കും സവാരി കൂടുതല്‍ സുഖകരമാക്കാന്‍ നീളമുള്ള സീറ്റുകളുണ്ട്. പാര്‍ക്കിംഗ് എളുപ്പമാക്കുന്ന റിവേഴ്സ് മോഡും ഇതില്‍ ലഭ്യമാകും. പുതിയ ചേതക് 35 സീരീസില്‍ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍ കണ്‍ട്രോള്‍, മ്യൂസിക് മാനേജ്മെന്റ് തുടങ്ങിയ സവിശേഷതകളുള്ള കളര്‍ ടിഎഫ്ടി ഡിസ്പ്ലേയുണ്ട്.
ഈ സ്‌കൂട്ടര്‍ എളുപ്പത്തില്‍ സ്മാര്‍ട്ട്ഫോണുമായി എളുപ്പത്തില്‍ കണക്റ്റുചെയ്യാവുന്നതിനാല്‍ റൈഡുകള്‍ക്കിടെ മ്യൂസിക് കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയും. മാത്രമല്ല നോട്ടിഫിക്കേഷനുകള്‍ തത്സമയം ഡിസ്‌പ്ലേയില്‍ പ്രദര്‍ശിപ്പിക്കും. ബജാജ് ചേതക്കിന് ഇത്തരമൊരു വളര്‍ച്ചയുണ്ടാകാന്‍ കാരണം ഓലയുടെ പതനം മാത്രമല്ല. 2019-ല്‍ വിപണിയിലെത്തിയ സ്‌കൂട്ടര്‍ റൈഡറുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് തുടര്‍ച്ചയായി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ താങ്ങാവുന്ന വില കൂടി നല്‍കിയതോടെ ജനം ഷോറൂമിലേക്ക് ഇരച്ചെത്തുകയാണ്.


Click it and Unblock the Notifications








