പേര് ചേതക്കായി പോയില്ലേ, പടയോട്ടമില്ലാതെ പറ്റില്ലെല്ലോ! 5 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ബജാജ് ഇ-സ്‌കൂട്ടര്‍
ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ രംഗം ഇപ്പോള്‍ കേവലം സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ മാത്രം കുത്തകയല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഓല ഇലക്ട്രിക് എന്ന ഭീമന് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ വലിയ തിരിച്ചടികള്‍ നേരിട്ടപ്പോള്‍ പരമ്പരാഗത ബ്രാന്‍ഡുകള്‍ ആ സ്ഥാനം കൈയ്യടക്കി. ടിവിഎസ് മോട്ടോറും ബജാജ് ഓട്ടോയും തമ്മിലാണ് ഇപ്പോള്‍ പ്രധാനമായും ഒന്നാം സ്ഥാനത്തിനായി കടിപിടി കൂടുന്നത്. ഇതിനിടെ ചേതക് സുപ്രധാന വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇതുവരെ 5 ലക്ഷത്തിലധികം പേര്‍ ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയതായി ബജാജ് പ്രഖ്യാപിച്ചു. വെറും 5 വര്‍ഷത്തിനുള്ളിലാണ് കമ്പനി ഈ നാഴികക്കല്ല് പിന്നിട്ടത്. അതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നോക്കാം.
2020 ജനുവരിയിലാണ് ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. കോവിഡ് മഹാമാരി കാരണം ആ സമയം മുഴുവന്‍ ഓട്ടോമൊബൈല്‍ രംഗവും സ്തംഭിച്ച് നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ അതില്‍ നിന്ന് കരകയറിയതോടെ, ചേതക് ഇലക്ട്രിക് സ്‌കൂട്ടറും വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് മുന്നേറുകയാണ്. 2020 ജനുവരിക്ക് ശേഷം ഇതുവരെ 5.10 ലക്ഷം യൂണിറ്റ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ വിറ്റഴിച്ചത്.

2024 നവംബറിന് ശേഷം കഴിഞ്ഞ 10 മാസത്തിനുള്ളില്‍ മാത്രം കമ്പനി ഇതിന്റെ 40 ശതമാനം വില്‍പ്പനയാണ് നേടിയത്. അതായത് ഇത്രയും ചുരുങ്ങിയ നാളുകള്‍ കൊണ്ട് 2,06,366 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റു. നിലവിലെ വിതരണ ശൃംഖലയിലെ വെല്ലുവിളികളും റെയര്‍ എര്‍ത്ത് മാഗ്‌നറ്റുകളുടെ ക്ഷാമവും ഉണ്ടായിരുന്നിട്ട് കൂടിയാണ് കമ്പനി റെക്കോര്‍ഡ് വില്‍പ്പന നേട്ടം കൈവരിച്ചതെന്ന കാര്യം എടുത്ത് പറയണം.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറായി ചേതക് മാറിയിരുന്നു. ടിവിഎസ് ഐക്യൂബും ഓലയുമായും നിരന്തരം മത്സരിച്ചിരുന്ന ചേതക്കിന് പക്ഷേ അപൂര്‍വ ധാതുക്കളുടെ ക്ഷാമം ഉത്പാദനത്തെ ബാധിച്ചത് തിരിച്ചടിയായി. ഇപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉത്പാദനം വീണ്ടും പൂര്‍ണതോതില്‍ ആരംഭിച്ചു. തുടക്ക കാലത്ത് നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്ന ചേതക്കിന്റെ ഒന്നിലേറെ വേരിയന്റുകള്‍ പുറത്തിറക്കിയതാണ് ഈ വിജയത്തിന്റെ കാരണമായി നമുക്ക് ചൂണ്ടിക്കാട്ടാന്‍ പറ്റുന്നത്.

ബജാജ് എന്ന ബ്രാന്‍ഡിന്റെ വിശ്വാസ്യതയും രാജ്യത്തിന്റെ മുക്കിലും മൂലയിലുമായി പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന വില്‍പ്പന ശൃംഖലയുമെല്ലാം വളര്‍ച്ചക്ക് വളമായി മാറി. ഇന്ത്യയിലുടനീളമുള്ള 3800 ഷോറൂമുകളിലൂടെയാണ് ഈ വാഹനം വില്‍ക്കുന്നത്. 2024 ഏപ്രിലിന് ശേഷം കഴിഞ്ഞ 20 മാസത്തിനുള്ളില്‍ മാത്രം കമ്പനി 3,48,251 വാഹനങ്ങള്‍ ഷോറൂമുകളിലേക്ക് അയച്ചു. വെറും 10 മാസം കൊണ്ടാണ് അവസാനത്തെ 2 ലക്ഷം യൂണിറ്റുകള്‍ ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചത്.
ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനെ സംബന്ധിച്ച് പറയുമ്പോള്‍ 2 വ്യത്യസ്ത ബാറ്ററി ഓപ്ഷനുകളുള്ള 4 മോഡലുകളിലാണ് ഇത് വരുന്നത്. ചേതക് 3001 മോഡല്‍ 3kWh ബാറ്ററിയിലും 3501, 3502, 3503 മോഡലുകള്‍ 3.5kWh ബാറ്ററി പായ്ക്കിലും ലഭ്യമാണ്. ഈ വാഹനം വിപണിയില്‍ 99,900 രൂപ മുതല്‍ 1.35 ലക്ഷം രൂപ വരെ വിലയിലാണ് വില്‍ക്കുന്നത്.

താങ്ങാനാകുന്ന വിലയും മികച്ച സവിശേഷതകളും, സ്‌റ്റൈലിഷ് രൂപകല്‍പ്പനയും, ജനങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ് ഓഫര്‍ ചെയ്യുന്ന സൗകര്യങ്ങളുമാണ് ചേതക് ഇത്രയും മികച്ച വില്‍പ്പന നേടാനുള്ള പ്രധാന കാരണം. ഓല, ടിവിഎസ് അടക്കമുള്ള ബ്രാന്‍ഡുകളില്‍ നിന്ന് കടുത്ത മത്സരം നേരിട്ടിട്ടും ചേതക്കിന്റെ ഡിമാന്‍ഡും വില്‍പ്പനയും കൂടുകയാണ്.
മറുവശത്ത് ഐക്യൂബിന്റെയും ഓലയുടെയും വില്‍പ്പനയും ക്രമാനുഗതമായി കൂടുന്നുണ്ട്. ഇതില്‍ നിന്ന് ഇലക്ട്രിക് ടൂവീലറുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നതായും മാര്‍ക്കറ്റ് വളരുന്നതായും നമുക്ക് മനസ്സിലാക്കാം. ഇത് മനസ്സില്‍ കണ്ടാണ് ടിവിഎസ് ഐക്യൂബിനൊപ്പം കുറഞ്ഞ വിലയില്‍ ഓര്‍ബിറ്റര്‍ എന്ന സ്‌കൂട്ടര്‍ പുറത്തിറക്കിയത്. ഇതിന്റെ ഡെലിവറി ഇനിയും ആരംഭിച്ചിട്ടില്ല.
നിലവില്‍ ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് ഇന്ത്യയില്‍ മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്. ടിവിഎസിനെ പോലെ തങ്ങളുടെ ഉല്‍പ്പന്ന നിര വിപുലീകരിച്ചാല്‍ മാത്രമേ ചേതക്കിനും വിപണി വിഹിതം ഉയര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഇന്ത്യയില്‍ ഏകദേശം 1 ലക്ഷം രൂപ വിലയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലയാണ്. സമാനമായ രീതിയില്‍ ബജറ്റ് അവബോധമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നാല്‍ ചേതക്കിന് ഇനിയും വളരാം.


Click it and Unblock the Notifications








