ഓല 'കീറി' ബജാജും ടിവിഎസും; മൂന്നാം സ്ഥാനത്തേക്ക് വീണിട്ടും 2024 വമ്പന്‍ ലീഡോടെ തൂക്കി
2024 ഇലക്ട്രിക് വാഹന വിഭാഗത്തിന് മികച്ച വര്‍ഷമായിരുന്നു. കഴിഞ്ഞ വര്‍ഷം 11.4 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ മൊത്തം വിറ്റ ഇവികളില്‍ 59 ശതമാനവും ഇലക്ട്രിക് ടൂവീലറുകളാണ്. 2024 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഏകദേശം മുക്കാല്‍ ഭാഗം വരെ ഇലക്ട്രിക് ടൂവീലര്‍ സെഗ്‌മെന്റ് ലീഡേഴ്‌സ് ആയ ഓല ഇലക്ട്രിക്കിന് പേരിന് പോലും വെല്ലുവിളി ഉണ്ടായിരുന്നില്ല. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിക്ക് ബ്ലോക്ക്ബസ്റ്റര്‍ തുടക്കവും ലഭിച്ചു. എന്നാല്‍ 2024-ന്റെ അവസാന ലാപ്പില്‍ ഓലക്ക് ചെറുതായി കാലിടറിയതായാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വില്‍പ്പനാനന്തര സേവനങ്ങളുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പരിഹാരം കാണാനായി കമ്പനി നിരവധി പദ്ധതികളും കൊണ്ടുവന്നു. എന്നിരുന്നാലും 2024 ഡിസംബര്‍ മാസം ഓല ഇലക്ട്രിക്കിനെ തഴെ ഇറക്കി ബജാജ് ഇലക്ട്രിക് ടൂവീലര്‍ സെഗ്‌മെന്റില്‍ ഒന്നാമനായി. വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ മാസം ബജാജും ടിവിഎസും ഒന്നും രണ്ടും സ്ഥാനത്തെത്തിയപ്പോള്‍ വിപണി വിഹിതം 19 ശതമാനമായി ഇടിഞ്ഞ് ഓല മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കഴിഞ്ഞ മാസം ഇന്ത്യയില്‍ മൊത്തം 73,316 യൂണിറ്റ് ഇലക്ട്രിക് ടൂവീലറുകളാണ് വിറ്റത്. ഡിസംബറില്‍ 18,276 യൂണിറ്റ് വില്‍പ്പനയുമായാണ് ബജാജ് ചേതക് ഒന്നാമനായത്. വില്‍പ്പനയുടെ കാര്യത്തില്‍ കമ്പനിയുടെ ഏറ്റവും മികച്ച വര്‍ഷമാണ് കടന്ന് പോയത്. 2024-ല്‍ മൊത്തം 1,93,439 പുതിയ ഉപഭോക്താക്കളെയാണ് ബജാജിന് ലഭിച്ചത്. 2023-നെ അപേക്ഷിച്ച് ബജാജ് ചേതക് 169 ശതമാനം വളര്‍ച്ച കൈവരിച്ചു.
2024 ഒക്ടോബറില്‍ ബജാജ് ചേതക്ക് 28,360 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തിയിരുന്നു. മുന്‍വര്‍ഷമുണ്ടായിരുന്ന എട്ട് ശതമാനത്തില്‍ നിന്ന് 2024-ല്‍ ബജാജ് ചേതക്കിന്റെ വിപണി വിഹിതം 17 ശതമാനമായി കുതിച്ചുയര്‍ന്നു. കഴിഞ്ഞ മാസം പുതിയ ചേതക് 35 സീരീസ് വിപണിയിലെത്തിച്ചിരുന്നു. പുതിയ ചേതക് 35 സീരീസിന്റെ വില 1.20 ലക്ഷം മുതല്‍ 1.27 ലക്ഷം രൂപ വരെ പോകുന്നു. ഇത് വരും മാസങ്ങളില്‍ ചേതക്കിന് സ്ഥിരം വില്‍പ്പന നേടാന്‍ സഹായിക്കും.

ഡിസംബറില്‍ ബജാജ് മാത്രമല്ല ടിവിഎസും ഓലയെ മലര്‍ത്തിയടിച്ചു. കഴിഞ്ഞ മാസം ടിവിഎസ് ഐക്യൂബ് 17212 പുതിയ ഉപഭോക്താക്കളെ കണ്ടെത്തി. 2024 കലണ്ടര്‍ വര്‍ഷം ടിവിഎസ് മൊത്തം 2,20,472 ഐക്യൂബ് സ്‌കൂട്ടറുകള്‍ വിറ്റഴിച്ച് മുന്‍ വര്‍ഷത്തേക്കാള്‍ 32 ശതമാനം വളര്‍ച്ച കൈവരച്ചു. 19 ശതമാനമാണ് ടിവിഎസിന്റെ വിപണി വിഹിതം.
30180 സ്‌കൂട്ടറുകള്‍ വിറ്റ ഒക്‌ടോബര്‍ ആയിരുന്നു 2024-ല്‍ ടിവിഎസിനെ സംബന്ധിച്ച് ഏറ്റവും മികച്ച മാസം. ടിവിഎസ് ഐക്യൂബ് 2.2 kWh മുതല്‍ 5.1 kWh വരെ ബാറ്ററി ശേഷിയുള്ള മൂന്ന് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു. വൈകാതെ ഒരു പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടി പോര്‍ട്ട്‌ഫോളിയോയിലേക്ക് ചേര്‍ക്കാനുള്ള ഒരുക്കത്തിലാണ് തമിഴ്‌നാട് ആസ്ഥാനമായുള്ള കമ്പനി.

2024 ഡിസംബറില്‍ ഓലയുടെ വില്‍പ്പന 55 ശതമാനം ഇടിവോടെ 13769 യൂണിറ്റായി. മൊത്തം കണക്കെടുക്കുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ ഓല തന്നെയാണ്. 2023-ല്‍ വിറ്റ 2,67,378 യൂണിറ്റുകളില്‍ നിന്ന് 52 ശതമാനം വര്‍ധനയോടെ 2024-ല്‍ ഓല മൊത്തം 4,07,547 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് വിറ്റത്.
ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡാണ് ഓല. സര്‍വീസ് പ്രശ്‌നങ്ങളും മത്സരം കൂടിയതുമാണ് ഓലയുടെ വില്‍പ്പന കുറയാനുള്ള പ്രധാന കാരണങ്ങള്‍. രാജ്യത്ത് ശക്തമായ വിപണി സാന്നിധ്യമുള്ളതിനാല്‍ വരും മാസങ്ങളില്‍ കമ്പനി തിരിച്ച് വരുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലുടനീളമുള്ള സര്‍വീസ ടച്ച് പോയിന്റുകള്‍ വര്‍ധിപ്പിക്കുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം വില്‍പ്പന വര്‍ധിപ്പിക്കാന്‍ സഹായിച്ചേക്കും. മാത്രമല്ല ഓലയുടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ വിതരണവും ഈ വര്‍ഷമുണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം 10,000-ലധികം ഇവികള്‍ വിറ്റഴിച്ച മറ്റൊരു കമ്പനി ഏഥര്‍ എനര്‍ജിയാണ്. ഡിസംബറില്‍ ഏഥര്‍ 10,421 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റു.


Click it and Unblock the Notifications








