100 Km മൈലേജ് കിട്ടിയവരുണ്ട്! മുന്തിയ ഐഫോണിന്റെ വിലയില്ലാഞ്ഞിട്ട് പോലും ഈ ബൈക്കിന് പഴയ കച്ചോടമില്ല
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യയെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. വികസ്വര രാജ്യമായ ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിനും ഇന്നും കാര്‍ എന്നത് ഒരു സ്വപ്നമാണ്. ഇന്നും നമുക്ക് ചുറ്റും കണ്ണോടിച്ചാല്‍ ഒരു ബൈക്കില്‍ അച്ഛനും അമ്മയും അവരുടെ കുഞ്ഞുങ്ങളും ചേര്‍ന്ന് പോകുന്ന കാഴ്ചകള്‍ നമുക്ക് കാണാം. നമ്മുടെ രാജ്യത്ത് സമ്പന്നരായവര്‍ ഒത്തിരി ഉണ്ടെങ്കിലും സാധാരണക്കാരും ഇടത്തരക്കാരുമാണ് എണ്ണത്തില്‍ കൂടുതല്‍. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടൂവീലര്‍ വിപണിയില്‍ മികച്ച മൈലേജും താങ്ങാനാവുന്ന വിലയുമുള്ള ബൈക്കുകള്‍ക്ക് എപ്പോഴും ആവശ്യക്കാരുണ്ട്. ഇടത്തരം വരുമാനമുള്ള ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് കമ്മ്യൂട്ടര്‍ ബൈക്കുകളാണ് എല്ലാകാലത്തും ആശ്വാസം.
ഓഫീസുകളിലേക്കും കോളേജുകളിലേക്കും ദിവസവും യാത്ര ചെയ്യുന്നവര്‍ക്കും സ്വിഗ്ഗി, സോമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി കമ്പനികളില്‍ മറ്റ് ലാസ്റ്റ് മൈല്‍ ഡെലിവറി സേവനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത്തരം ബൈക്കുകള്‍ ഉപകാരപ്രദമാണ്. നിലവില്‍ നമ്മുടെ വിപണിയില്‍ നിരവധി കമ്മ്യൂട്ടര്‍ ബൈക്കുകള്‍ ലഭ്യമാണ്. കുറഞ്ഞ എഞ്ചിന്‍ ശേഷിയില്‍ ഒന്നിലേറെ വിഭാഗങ്ങളിലായി കമ്മ്യൂട്ടര്‍ ബൈക്ക് വിഭാഗം പരന്ന് കിടക്കുന്നു.

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ ഒന്നാണ് ബജാജ് പ്ലാറ്റിന. എല്ലാ മാസവും ഈ ബൈക്കിന്റെ ആയിരക്കണക്കിന് യൂണിറ്റുകളാണ് ഷോറൂമില്‍ നിന്ന് ഇറങ്ങിക്കൊണ്ടിരുന്നത്. എന്നാല്‍ 2025 ജൂണ്‍ മാസം പ്ലാറ്റിനയെ സംബന്ധിച്ച് അത്ര നല്ല മാസമായിരുന്നില്ല. ഏറ്റവും ഒടുവില്‍ പുറത്തുവന്ന വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2025 ജൂണ്‍ മാസത്തില്‍ ബജാജ് പ്ലാറ്റിനയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ് നേരിട്ടു.
2024 ജൂണില്‍ ബജാജ് 33,101 പ്ലാറ്റിന ബൈക്കുകള്‍ വിറ്റഴിച്ചിരുന്നു. അതേസ്ഥാനത്ത് 2025 ജൂണില്‍ പ്ലാറ്റിനയുടെ വില്‍പ്പന 25,662 യൂണിറ്റായി കുറഞ്ഞു. വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പനയില്‍ 22.47 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ 2025 ജൂണില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മികച്ച 10 ബൈക്കുകളുടെ പട്ടികയില്‍ ബജാജ് പ്ലാറ്റിന പത്താം സ്ഥാനത്തായി.

കുറഞ്ഞ വിലയില്‍ മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്ന മോഡല്‍ ആയതിനാല്‍ തന്നെ വരും മാസങ്ങളില്‍ പ്ലാറ്റിന ശക്തമായി തിരിച്ചുവരും എന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. ഉത്സവ സീസണ്‍ ആകുമ്പോള്‍ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ അടക്കം വാഹന വില്‍പ്പന കൂടാറുണ്ട്. അതിനാല്‍ തന്നെ വരും മാസങ്ങളില്‍ വില്‍പ്പന മാന്ദ്യം മറികടക്കാന്‍ ബജാജ് പ്ലാറ്റിനക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
ബജാജ് പ്ലാറ്റിന 100, പ്ലാറ്റിന 110 എന്നീ രണ്ട് മോഡലുകളിലാണ് വിപണനം ചെയ്യുന്നത്. നിലവില്‍ ബജാജ് പ്ലാറ്റിന 100 ബൈക്കിന്റെ വില ആരംഭിക്കുന്നത് 70,611 രൂപ മുതലാണ്. ഇതിന് 7.9 PS പവറും 8.3 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 102 സിസി എഞ്ചിനാണ് കരുത്ത് പകരുന്നത്. മറുവശത്ത് ബജാജ് പ്ലാറ്റിന 110 മോഡലിന് 74,771 രൂപയാണ് വില.

6.33 kW പവറും 9.81 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 115.45 സിസി എഞ്ചിനാണ് പ്ലാറ്റിന 110 മോഡലിന്റെ ഹൃദയം. മുകളില്‍ പറഞ്ഞത് എക്സ്ഷോറൂം വിലകള്‍ ആണ്. യൂത്തന്‍മാര്‍ വാങ്ങുന്ന ഹൈ-എന്‍ഡ് മൊബൈല്‍ ഫോണുകളേക്കാള്‍ കുറഞ്ഞ വിലയില്‍ ഇവ ലഭ്യമാകുമെന്നതാണ് യാഥാര്‍ത്ഥ്യം. മാരക മൈലേജാണ് ഈ ബൈക്കുകളുടെ മറ്റൊരു ആകര്‍ഷണം. പെട്രോള്‍ വില ഇപ്പോഴും 100 രൂപയില്‍ നില്‍ക്കുന്നതാണ് പ്ലാറ്റിന പോലുള്ള ബൈക്കുകള്‍ക്ക് ഡിമാന്‍ഡ് വലിയ രീതിയില്‍ കുറയാതിരിക്കാന്‍ കാരണം.
ബജാജ് പ്ലാറ്റിന ഒരു ലിറ്റര്‍ പെട്രോളില്‍ 70-90 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നതായി ചില ഉടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ തങ്ങളുടെ മികച്ച ഡ്രൈവിംഗ് സ്‌കില്‍ ഉപയോഗിച്ച് പ്ലാറ്റിനയില്‍ 100 കിലോമീറ്റര്‍ വരെ മൈലേജ് നേടിയതായി ചിലര്‍ അവകാശപ്പെടുന്നു. ഒരു ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ഫോണിനേക്കാള്‍ കുറഞ്ഞ വിലയില്‍ മികച്ച മൈലേജ് ലഭിക്കുന്ന ഒരു ബൈക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബജാജ് പ്ലാറ്റിന ഒരു നല്ല ചോയ്സ് ആയിരിക്കുമെന്ന് ഞങ്ങള്‍ പറയും.


Click it and Unblock the Notifications








