മൈലേജ് 90 Km വരെ! പെട്രോള്‍ മണപ്പിച്ചാല്‍ ഓടുന്ന ഈ ബൈക്കിന്റെ കച്ചോടത്തില്‍ വന്‍ ഇടിവ്
ഇന്ത്യയില്‍ വിവിധ സെഗ്‌മെന്റുകളിലായി ഡസന്‍ കണക്കിന് ഇരുചക്ര വാഹനങ്ങള്‍ ലഭ്യമാണ്. നമ്മുടെ രാജ്യത്ത് ബഹുഭൂരിപക്ഷം വരുന്നത് സാധാരണക്കാരാണ്. അതുകൊണ്ട് തന്നെ അവരുടെ മാസ ബജറ്റ് സുഖമമായി നീക്കിക്കൊണ്ടുപോകാന്‍ സാധിക്കുന്ന വാഹനങ്ങളാണ് അവര്‍ വാങ്ങുക. ഒരു ബൈക്ക് വാങ്ങുമ്പോള്‍ ഇന്ത്യക്കാര്‍ പ്രാഥമികമായി പരിഗണിക്കുന്ന രണ്ട് കാര്യങ്ങള്‍ വില എന്ത് വരും, മൈലേജ് എത്ര കിട്ടും എന്നതാണ്. ഈ രണ്ട് കാര്യങ്ങളും ഒത്തുചേരുന്നവയാണ് കമ്മ്യൂട്ടര്‍ ബൈക്കുകള്‍. അതുകൊണ്ട് തന്നെ കുറഞ്ഞ വിലയും കൂടുതല്‍ മൈലേജുമുള്ള കമ്മ്യൂട്ടര്‍ ബൈക്കുകള്‍ക്ക് രാജ്യത്ത് മികച്ച വില്‍പ്പനയാണ് ലഭിക്കാറുള്ളത്. അത്തരത്തില്‍ ഒരു മോഡല്‍ ആണ് ബജാജ് പ്ലാറ്റിന.
നിലവില്‍ ബജാജ് പ്ലാറ്റിന രണ്ട് പതിപ്പുകളിലായി വാങ്ങാം. ബജാജ് പ്ലാറ്റിന 100, ബജാജ് പ്ലാറ്റിന 110 എന്നിവയാണ് അവ. ബജാജ് പ്ലാറ്റിന 100 മോഡലില്‍ 102 സിസി എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ പരമാവധി 5.8 kW പവറും 8.3 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ബജാജ് പ്ലാറ്റിന 100 ബൈക്കിന്റെ വില 68,890 രൂപ മുതലാണ് ആരംഭിക്കുന്നത്.

മറുവശത്ത്, ബജാജ് പ്ലാറ്റിന 110 മോഡലില്‍ 115.45 സിസി എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ പരമാവധി 6.33 kW പവറും 9.81 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ബജാജ് പ്ലാറ്റിന 110 ബൈക്കിന്റെ വില 71,558 രൂപയില്‍ നിന്നാണ് ആരംഭിക്കുന്നത്. മുകളില്‍ പറഞ്ഞ വിലകള്‍ എല്ലാം എക്‌സ്്-ഷോറൂം ആണ്. വിലയുടെ കാര്യത്തില്‍ മാത്രമല്ല മൈലേജിന്റെ കാര്യത്തിലും പുലികളാണ് ഈ പ്ലാറ്റിന് മോഡലുകള്‍.
ബജാജ് പ്ലാറ്റിന ബൈക്ക് ലിറ്ററിന് 70 മുതല്‍ 90 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുവെന്ന് പല ഉടമകളും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നിരുന്നാലും ഡ്രൈവിംഗ് ശൈലി ഉള്‍പ്പെടെയുള്ള ഘടകങ്ങളെ ആശ്രയിച്ച് മൈലേജ് വ്യത്യാസപ്പെടും എന്ന കാര്യം ഓര്‍മയില്‍ ഉണ്ടായിരിക്കണം. ഇന്ത്യയില്‍ പെട്രോള്‍ വില 100 രൂപയില്‍ കൂടുതലായ സാഹചര്യത്തില്‍ ഉയര്‍ന്ന എഞ്ചിന്‍ ശേഷിയുള്ള ബൈക്കുകള്‍ ഉള്ളവര്‍ തന്നെ പ്ലാറ്റിന പോലുള്ള മൈലേജുള്ള ബൈക്കുകള്‍ അഡീഷനലായി വാങ്ങിയിരുന്നു.

2025 ഏപ്രില്‍ മാസം പക്ഷേ ബജാജ് പ്ലാറ്റിനയ്ക്ക് അത്ര നല്ലതല്ലായിരുന്നു. പോയ മാസം ബജാജ് പ്ലാറ്റിനയുടെ വില്‍പ്പനയില്‍ വമ്പന്‍ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ മാസം ബജാജിന് 29,689 പ്ലാറ്റിന ബൈക്കുകള്‍ മാത്രമാണ് വില്‍ക്കാനായത്. 2024 ഏപ്രിലില്‍ ഈ സംഖ്യ 44,054 ആയിരുന്നു. അതായത് വില്‍പ്പന വോളിയം കുറഞ്ഞത് 14,365 യൂണിറ്റ് ആണ്. വില്‍പ്പനയില്‍ 32.61 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.
വില്‍പ്പനയില്‍ കുത്തനെ ഇടിവ് നേരിട്ടെങ്കിലും 2025 ഏപ്രില്‍ മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മികച്ച 10 ബൈക്കുകളുടെ പട്ടികയില്‍ ബജാജ് പ്ലാറ്റിന ഏഴാം സ്ഥാനം നേടി. ഹീറോ സ്‌പ്ലെന്‍ഡര്‍, ഹോണ്ട ഷൈന്‍, ബജാജ് പള്‍സര്‍, ടിവിഎസ് അപ്പാച്ചെ, ടിവിഎസ് റൈഡര്‍, ഹീറോ HF ഡീലക്‌സ് എന്നിവയാണ് ബജാജ് പ്ലാറ്റിനയുടെ മുമ്പലെത്തിയ മോട്ടോര്‍സൈക്കിളുകള്‍.

2025 ഏപ്രില്‍ മാസത്തില്‍ പല ബൈക്കുകളുടെയും വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. അതിനാല്‍ ബജാജ് പ്ലാറ്റിന ബൈക്കിന്റെ ഇടിവ് താല്‍ക്കാലികമായിരിക്കുമെന്ന് പ്രതീക്ഷിക്കാം. കമ്മ്യൂട്ടര്‍ ബൈക്കുകള്‍ക്ക് എല്ലാ കാലത്തും ഡിമാന്‍ഡ് ഉള്ള ഇന്ത്യന്‍ വിപണിയില്‍ ബജാജ് പ്ലാറ്റിനയുടെ ഉപഭോക്തൃ അടിത്തറ അത്ര പെട്ടെന്നൊന്നും ഇളകില്ല. അടുത്ത മാസം പൂര്‍വാധികം ശക്തിയോടെ ഈ മോഡല്‍ തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








