ഡ്യുവല്‍-ചാനല്‍ ABS സുരക്ഷയുമായി പുതിയ പള്‍സര്‍ 220F പുറത്തിറങ്ങി! ഇത്രയും കുറഞ്ഞ വില മതിയെന്നോ...
പ്രമുഖ ഇരുചക്രവാഹന ബ്രാന്‍ഡ് ആയ ബജാജ് ഓട്ടോ തങ്ങളുടെ ജനപ്രിയ മോഡലായ പള്‍സര്‍ 220F അപ്‌ഡേറ്റുകളോടെ വിപണിയിലിറക്കി. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്ക് ഒരു ആമുഖം ആവശ്യമില്ലാത്ത മോഡല്‍ ആണ് പള്‍സര്‍ 220F. 2021-ല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്ന ഈ മോഡല്‍, ഉപഭോക്താക്കളുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്ന് 2023-ല്‍ റീലോഞ്ച് ചെയ്യുകയായിരുന്നു. 250സിസി, 400സിസി പള്‍സറുകള്‍ വരുന്നതുവരെ ബ്രാന്‍ഡിലെ ഏറ്റവും ഉയര്‍ന്ന എഞ്ചിന്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിളായിരുന്നു ഇത്. ഇന്നും ഈ മോഡലിന് വലിയ ഫാന്‍ബേസുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിറങ്ങളും സവിശേഷതകളും ചേര്‍ത്ത് മോഡല്‍ ബജാജ് അപ്‌ഡേറ്റ് ചെയ്തത്.
ഔദ്യോഗിക ലോഞ്ചിന് മുമ്പേ തന്നെ അപ്‌ഡേറ്റഡ് മോഡല്‍ ബജാജ് ഷോറൂമുകളില്‍ എത്തിയിരുന്നു. ഷോറൂമുകളില്‍ നിന്നുള്ള ബൈക്കിന്റെ ചിത്രങ്ങള്‍ 'ഓട്ടോ ട്രാവല്‍ ടെക്' യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വന്നത്. പുതിയ പള്‍സര്‍ 220F മോഡലിന്റെ ഗ്രാഫിക്‌സ്, നിറങ്ങള്‍, സുരക്ഷാ ഫീച്ചറുകള്‍ എന്നിവ ബജാജ് നവീകരിച്ചിട്ടുണ്ട്. രണ്ട് പുതിയ കളര്‍ ഓപ്ഷനുകളാണ് മോഡലില്‍ കമ്പനി അവതരിപ്പിച്ചത്.
രണ്ടിന്റെയും ബേസ് കളര്‍ ബ്ലാക്ക് ആണ്.

ഒന്നില്‍ റെഡ്, ഗ്രേ ഗ്രാഫിക്‌സാണ് വരുന്നത്. കോപ്പറും ഗ്രേയും ചേര്‍ന്ന ഗ്രാഫിക്‌സിലാണ് രണ്ടാമത്തെ ഓപ്ഷന്‍ വരുന്നത്. ആകര്‍ഷകമായ പുതിയ ഗ്രാഫിക്‌സ് ഫ്യുവല്‍ ടാങ്കിന് മിഴിവേകുന്നു. ബ്ലാക്ക് ബേസ് നിറമായിരിക്കെ, ഒരു ഓപ്ഷനില്‍ ഗോള്‍ഡ് (കോപ്പര്‍) നിറവും മറ്റൊന്നില്‍ പച്ചയും ഓറഞ്ചും ചേര്‍ന്ന കോമ്പിനേഷനും കാണാം. 2023-ല്‍ റീഎന്‍ട്രി നടത്തിയതിന് ശേഷം ബജാജ് പള്‍സര്‍ 220F-ന്റെ ഡിസൈനിംഗില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.
വലിയ എക്‌സോസ്റ്റ്, ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാര്‍, മസ്‌കുലര്‍ ഫെയറിംഗ്, ഫെയറിംഗ് മൗണ്ടഡ് റിയര്‍ വ്യൂ മിററുകള്‍ (ORVMs), സ്പ്ലിറ്റ് സീറ്റുകള്‍ തുടങ്ങിയ സിഗ്‌നേച്ചര്‍ ഘടകങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. പുതിയ ബജാജ് പള്‍സര്‍ 220F മോഡലിന് ലഭിച്ചിരിക്കുന്ന പ്രധാന അപ്‌ഡേറ്റ് ഡ്യുവല്‍ ചാനല്‍ എബിഎസിന്റെ (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) കൂട്ടിച്ചേര്‍ക്കലാണ്. മോഡലില്‍ മുമ്പ് സിംഗിള്‍ ചാനല്‍ എബിഎസ് മാത്രമാണ് ഉണ്ടായിരുന്നത്.

ഡ്യുവല്‍ ചാനല്‍ എബിഎസിന്റെ സാന്നിധ്യം ഉയര്‍ന്ന വേഗതയിലും നനഞ്ഞ പ്രതലങ്ങളിലും വീല്‍ ലോക്കിംഗ് തടഞ്ഞ് റൈഡര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. ബൈക്കിലെ മറ്റ് ഫീച്ചറുകളില്‍ മാറ്റമില്ല. പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍, ഇല്യൂമിനേറ്റഡ് സ്വിച്ച്ഗിയര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍. ബ്ലൂടൂത്ത് കണക്ടിവിറ്റി, മൊബൈല്‍ ആപ്പ് സപ്പോര്‍ട്ട്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ എന്നിവ ഈ എല്‍സിഡി ക്ലസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നു.
മെക്കാനിക്കലായും ബൈക്കില്‍ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സുപരിചിതമായ 220 സിസി, എയര്‍-ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ തുടര്‍ന്നും സേവനമനുഷ്ഠിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്ന എഞ്ചിന്‍ 20.6 bhp പവറും 18.55 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.

ഫ്രണ്ട് ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍, പിന്നില്‍ 5-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ട്വിന്‍ സസ്‌പെന്‍ഷന്‍, 280/230 mm ഫ്രണ്ട്/റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ മറ്റ് സൈക്കിള്‍ പാര്‍ട്‌സുകളില്‍ ഉള്‍പ്പെടുന്നു. വീതിയേറിയ ട്യൂബ്ലെസ് ടയറുകളിലാണ് പള്‍സര്‍ 220F ഓടുക. 2025 പള്‍സര്‍ 220F മോട്ടോര്‍സൈക്കിളിന് ബജാജ് 1.28 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്.
പഴയ മോഡലിനേക്കാള്‍ ഏകദേശം 1200 രൂപയാണ് ഇനി അധികം മുടക്കേണ്ടത്. മെച്ചപ്പെട്ട ഗ്രാഫിക്‌സ്, പുതിയ നിറങ്ങള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയോടെയെത്തുന്ന പുതിയ ബജാജ് പള്‍സര്‍ 220F ഇന്ത്യന്‍ വിപണിയില്‍ പള്‍സര്‍ ശ്രേണിയുടെ സ്ഥാനം ശക്തമാക്കി നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കാം. ഡിസംബര്‍ 19, 20 തീയതികളിലായി നടക്കുന്ന 2025 ഇന്ത്യ ബൈക്ക് വീക്കില്‍ ഈ മോഡല്‍ പ്രദര്‍ശിപ്പിച്ചേക്കും.


Click it and Unblock the Notifications








