രണ്ടും യുവാക്കളുടെ പ്രിയപ്പെട്ടവർ; ബജാജ് പൾസർ 220F നെ മറികടക്കുമോ ഹീറോ കരിസ്മ XMR
ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ പ്രധാന എതിരാളികളാണ് ബജാജ് പൾസർ 220F-ഉം ഹീറോ കരിസ്മ XRM മോഡലും. വർഷങ്ങളുടെ പാരമ്പര്യത്തിലൂടെ പൾസർ വലിയൊരു ഫാൻബേസ് തന്നെ സൃഷ്ടിച്ചപ്പോൾ കരിസ്മ വിപണിയിൽ ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോഴും യുവാക്കൾക്കിടയിൽ തരംഗം സൃഷ്ടിക്കാനുളള പ്രാപ്തി രണ്ട് മോഡലുകൾക്കുമുണ്ട്. ഈ ക്ലാസിക് സ്പോർട്ട് മോട്ടോർസൈക്കിളുകളുടെ വിശദമായ താരതമ്യം ഒന്ന് നോക്കിയാലോ. 2007-ൽ പുറത്തിറങ്ങിയത് മുതൽ പൾസർ 220F-ൻ്റെ രൂപകൽപ്പനയിൽ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഹാലോജൻ ഹെഡ്‌ലാമ്പുകൾ, സെമി-ഫെയർഡ് ഡിസൈൻ, അലോയ് വീലുകൾ, സ്പ്ലിറ്റ്-സീറ്റ് ഘടന എന്നിവയുമായി ഈ ബൈക്ക് തൻ്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു.
എന്നാൽ, ഹീറോ കരിസ്മ XMR 210 വിവിധ തലമുറകളിലൂടെ കടന്ന് വന്ന് മോഡേൺ ഡിസൈനിലേക്ക് മാറിയിരിക്കുകയാണ്. എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (DRLs), എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, പുത്തൻ ഫെയറിംഗ്, മസിലിന് സമാനമായ ഫ്യുവൽ ടാങ്ക്, റീഡിസൈൻ ചെയ്ത സീറ്റുകൾ എന്നിവയെല്ലാം ഇതിൽ ലഭിക്കുന്നുണ്ട്.

പൾസർ 220F-ൻ്റെ നൊസ്റ്റാൾജിക്, ക്ലാസിക് ഡിസൈൻ ഇന്നും ഉപഭോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. പുതിയ കരിസ്മയ്ക്ക് മോഡേൺ ഘടകങ്ങൾ ഉണ്ടെങ്കിലും, യഥാർത്ഥ കരിസ്മയുടെ തനതായ ഡിസൈനിൻ്റെ അഭാവം നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. കരിസ്മ എന്ന് കേൾക്കുമ്പോൾ തന്നെ ഹൃത്വിക് റോഷൻ്റെ പരസ്യവീഡിയോ ആയിരിക്കും മനസിലേക്ക് എത്തുന്നത്.
എൻജിൻ പ്രകടനത്തിൽ ഹീറോ കരിസ്മ XMR 210 മുന്നിട്ട് നിൽക്കുന്നുണ്ട് എന്ന് വേണം പറയാൻ. ഇതിലെ 210 സിസി, ലിക്വിഡ് കൂൾഡ്, DOHC എൻജിൻ 25.5 ps കരുത്തും 20.4 nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന ഇത് പൾസറിനെക്കാൾ ഉയർന്ന ടോപ് സ്പീഡ് നൽകുന്നു.

ബജാജ് പൾസർ 220F-ൽ 220 സിസി, ഓയിൽ കൂൾഡ്, SOHC എൻജിനാണ്. ഇത് 20.9 ps കരുത്തും 18.55 nm ടോർക്കും നൽകുന്നു. 5-സ്പീഡ് ഗിയർബോക്സാണ് പൾസറിലുള്ളത്. എൻജിനിൽ അപ്ഡേറ്റുകൾ ഇല്ലെങ്കിലും, 200 സിസി വിഭാഗത്തിൽ ഇത് മികച്ച പ്രകടനം നൽകുന്നതിൽ ഒരു കുറവും വരുത്തിയിട്ടില്ല.
രണ്ട് മോട്ടോർസൈക്കിളുകൾക്കും സമാനമായ അളവുകളുണ്ടെങ്കിലും, ബജാജ് പൾസർ 220F പ്രാക്റ്റിക്കാലിറ്റിയിൽ ചില മെച്ചങ്ങൾ നൽകുന്നുണ്ട്. 15 ലിറ്റർ ഇന്ധന ടാങ്ക് കൂടുതൽ ദൂരം സഞ്ചരിക്കാൻ സഹായിക്കുന്നു. കരിസ്മ XMR 210-ൻ്റെ 11 ലിറ്റർ ടാങ്ക് ദീർഘദൂര യാത്രകൾക്ക് അത്ര അനുയോജ്യമല്ല. കൂടാതെ, ഉയരം കുറഞ്ഞ റൈഡർമാർക്ക് പൾസർ 220F-ൻ്റെ 795 എം.എം സീറ്റ് ഉയരം കൂടുതൽ സൗകര്യപ്രദമാണ്.

ഇത് കരിസ്മയുടെ 810 എം.എം സീറ്റ് ഉയരത്തെക്കാൾ കുറവാണ്. പൾസറിന് ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും (165 എം.എം) കുറഞ്ഞ ഭാരവും (160 കിലോഗ്രാം) ഉണ്ട്. സുരക്ഷാ സജ്ജീകരണങ്ങളുടെയും ഹാർഡ്‌വെയറിൻ്റെയും കാര്യത്തിൽ ഹീറോ കരിസ്മ XMR 210 മുന്നിട്ട് നിൽക്കുന്നുണ്ട്. ഉയർന്ന ടെൻസൈൽ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം, വലിയ പെറ്റൽ ഡിസ്‌ക് ബ്രേക്കുകൾ, ഡ്യുവൽ ചാനൽ എ.ബി.എസ് (ABS), വീതിയേറിയ ടയറുകൾ, മോണോഷോക്ക് റിയർ സസ്‌പെൻഷൻ എന്നിവ ഇതിനുണ്ട്.
ബജാജ് പൾസർ 220F-ൽ സിംഗിൾ ചാനൽ എ.ബി.എസ്, ട്വിൻ റിയർ ഷോക്ക് അബ്സോർബറുകൾ, പരമ്പരാഗത ഡിസ്‌ക് ബ്രേക്കുകൾ, ചെറിയ ടയറുകൾ എന്നിവയാണ്. താരതമ്യം ചെയ്യുമ്പോൾ, പൾസർ 220F കാലഹരണപ്പെട്ടതായി തോന്നിയേക്കാം. സുരക്ഷയിൽ കരിസ്മ ഈ വിഭാഗത്തിൽ മുന്നിലാണ്. സാങ്കേതികവിദ്യയുടെയും ഫീച്ചറുകളുടെയും കാര്യത്തിൽ കരിസ്മ XMR 210 വ്യക്തമായ വിജയിയാണ്. എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ്, എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (DRLs), ടി.എഫ്.ടി (TFT) ക്ലസ്റ്റർ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവയെല്ലാം ഇതിൻ്റെ ഭാഗമാണ്.
പൾസർ 220F-ൽ പ്രൊജക്ടർ ഹാലോജൻ ഹെഡ്‌ലാമ്പ്, എൽ.സി.ഡി (LCD) കൺസോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയുൾപ്പെടെ അടിസ്ഥാന ഫീച്ചറുകളാണുള്ളത്. എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, DRL-കൾ, ടി.എഫ്.ടി ഇൻസ്‌ട്രുമെൻ്റ് കൺസോൾ പോലുള്ള ആധുനിക ടെക്കുകൾ പൾസറിന് ഇല്ല.വിലയുടെ കാര്യത്തിൽ ഹീറോ കരിസ്മ XMR 210-ന് ₹1.84 ലക്ഷം (എക്സ്-ഷോറൂം) വിലയുണ്ട്.
അതേസമയം, ബജാജ് പൾസർ 220F-ന് ₹1.28 ലക്ഷം (എക്സ്-ഷോറൂം) മാത്രമാണ്. കരിസ്മയുടെ മികച്ച ഡിസൈൻ, ഫീച്ചറുകൾ, സുരക്ഷ, പ്രകടനം എന്നിവ ഈ അധികവിലയെ ന്യായീകരിക്കുന്നു. എങ്കിലും, കരിസ്മയുടെ ഈ വിലയിൽ മറ്റ് മോട്ടോർസൈക്കിളുകളിൽ നിന്ന് കടുത്ത മത്സരമുണ്ട്. ആധുനിക ഫീച്ചറുകൾ കുറവാണെങ്കിലും, ബജാജ് പൾസർ 220F-ൻ്റെ ഐതിഹാസിക പാരമ്പര്യം, തെളിയിക്കപ്പെട്ട രൂപകൽപ്പന, വിശ്വസനീയമായ എഞ്ചിൻ എന്നിവ മികച്ച മൂല്യമുള്ള ബൈക്കാക്കുന്നു.


Click it and Unblock the Notifications








