6 മാസം കൊണ്ട് ബജാജ് സിഎന്‍ജി ബൈക്ക് വാങ്ങിയത് 40000 പേര്‍! ചെലവ് കിലോമീറ്ററിന് 99 പൈസ, വില 1 ലക്ഷത്തില്‍ താഴെ
ടൂവീലര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച് കൊണ്ട് കഴിഞ്ഞ വര്‍ഷമാണ് ബജാജ് ഓട്ടോ ലോകത്തിലെ ആദ്യത്തെ സിഎന്‍ജി ബൈക്ക് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയത്. ബജാജ് ഫ്രീഡം 125 (Bajaj Freedom 125) എന്നാണ് ഈ ബൈക്കിന്റെ പേര്. ഒരേ സമയം താരതമ്യേന പരിസ്ഥിതി സൗഹൃദ ഇന്ധന ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നതോടൊപ്പം പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാന്‍ രൂപകല്‍പ്പന ചെയ്ത ഫ്രീഡം 125 അതിവേഗം പ്രശസ്തമായി. പുറത്തിറങ്ങി 5 മാസത്തിന് ശേഷം ബജാജ് ഫ്രീഡം 125 ബൈക്കിന്റെ വില 10000 രൂപ വരെ കുറയ്ക്കുകയും ചെയ്തിരുന്നു.
ബജാജ് ഫ്രീഡം സിഎന്‍ജി ബൈക്കിന്റെ ബേസ് വേരിയന്റിന്റെ വില 5000 രൂപയും മിഡ് വേരിയന്റിന്റെ വില 10000 രൂപയുമാണ് കുറച്ചത്. അതേസമയം ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള ടോപ് സ്‌പെക് വേരിയന്റിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഇപ്പോള്‍ വിപ്ലവാത്മകമായ ബജാജ് ഉല്‍പ്പന്നം ഒരു പുത്തന്‍ നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. അത് വിശദമായി വായിക്കാം.

2024 ജൂലൈയില്‍ വില്‍പ്പനക്കെത്തിയ ഫ്രീഡം 125 സിഎന്‍ജി ബൈക്ക് 40000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ രാകേഷ് ശര്‍മയെ ഉദ്ധരിച്ച് ഓട്ടോകാര്‍ വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ബൈക്കിന്റെ ഡെലിവറി ആരംഭിച്ചത്. അതിന് ശേഷം മികച്ച സ്വീകരണമാണ് ഇന്ത്യക്കാര്‍ ഫ്രീഡത്തിന് നല്‍കുന്നതെന്നാണ് കമ്പനി പറയുന്നത്.
ഇന്ധന ബില്‍ പകുതിയായി കുറയ്ക്കുക മാത്രമല്ല, ബൈ-ഇന്ധന സാങ്കേതികവിദ്യ, സുരക്ഷ എന്നിവയിലൂടെ 300+ കിലോമീറ്റര്‍ റേഞ്ച് ഉറപ്പുനല്‍കിക്കൊണ്ട് ഉപഭോക്താക്കളെ സന്തോഷിപ്പിക്കാന്‍ സാധിച്ചു എന്നതാണ് തങ്ങളുടെ ഏറ്റവും വലിയ സംതൃപ്തിയെന്ന് ശര്‍മ പറഞ്ഞു. സിഎന്‍ജി ശൃംഖലയുള്ള 350 നഗരങ്ങളിലും തങ്ങള്‍ക്ക് സ്വാധീനമുണ്ടെന്നും സിഎന്‍ജി സ്റ്റേഷനുകളില്‍ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഗ്യാസ് വിതരണ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബൈക്ക് വാങ്ങിയവരില്‍ നിന്നുള്ള പ്രതികരണം പോസിറ്റീവ് ആയതിനാല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് സാന്നിധ്യം വിപുലീകരിക്കാന്‍ പോകുകയാണെന്നും അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുത്ത വിദേശ വിപണികളില്‍ ബൈക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബറിലെ വില പരിഷ്‌കാരത്തിന് ശേഷം ബജാജ് ഫ്രീഡം 125 ഇപ്പോള്‍ 89,997 രൂപ പ്രാരംഭ വിലയില്‍ വരുന്നു.
ഇത് ലോഞ്ച് സമയത്തുള്ള വിലയേക്കാള്‍ 5,000 രൂപ കുറവാണ്. അതേസമയം, ബൈക്കിന്റെ മിഡ്-ലെവല്‍ വേരിയന്റിന്റെ വില 10,000 രൂപയാണ് വെട്ടിക്കുറച്ചത്. ഫ്രീഡം സിഎന്‍ജി ബൈക്കിന്റെ മിഡ് വേരിയന്റ് ഇപ്പോള്‍ 95,002 രൂപയ്ക്ക് ലഭിക്കും. ടോപ് എന്‍ഡ് വേരിയന്റിന്റെ വില 1.10 ലക്ഷം രൂപയാണ്. എക്സ് ഷോറൂം വിലകളാണിത്.
പെട്രോളിലും സിഎന്‍ജിയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന 125 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബജാജ് ഫ്രീഡത്തിനുള്ളത്. എഞ്ചിന്‍ 9.5 PS പവറും 9.7 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ മോട്ടോര്‍സൈക്കിളിന്റെ സീറ്റിന്റെ അടിയിലാണ് സിഎന്‍ജി സിലിണ്ടര്‍ സ്ഥാപിച്ചിട്ടുള്ളത്. ഈ സിഎന്‍ജി സിലിണ്ടര്‍ പുറത്തേക്ക് കാണാത്ത രീതിയിലാണ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. രണ്ട് ലിറ്റര്‍ പെട്രോള്‍ ടാങ്കും സീറ്റിനടിയില്‍ രണ്ട് കിലോ വരെ വാതകം ഉള്‍ക്കൊള്ളുന്ന 16 കിലോ സിഎന്‍ജി സിലിണ്ടറും ഇതിലുണ്ട്.
സിഎന്‍ജിയില്‍ കിലോഗ്രാമിന് 102 കിലോമീറ്ററും പെട്രോളില്‍ ലിറ്ററിന് 64 കിലോമീറ്ററുമാണ് മൈലേജ്പറയുന്നത്. സിഎന്‍ജിയില്‍ മാത്രം 200 കിലോമീറ്റര്‍ റേഞ്ച് കിട്ടും. പെട്രോള്‍ കൂടി നിറയ്ക്കുന്നതോടെ ഫുള്‍ടാങ്കില്‍ ബൈക്ക് 330 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഫ്രീഡം സിഎന്‍ജി ബൈക്കിന് 1,800 രൂപ വരെ ഇന്ധനച്ചെലവില്‍ ലാഭിക്കാന്‍ കഴിയുമെന്ന് ബജാജ് ഓട്ടോ പറഞ്ഞു. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ നടത്തിയ മൈലേജ് ടെസ്റ്റില്‍ ഫ്രീഡത്തിന്റെ പ്രവര്‍ത്തനച്ചെലവ് കിലോമീറ്ററിന് 99 പൈസയാണെന്നാണ് കണ്ടെത്തിയിരുന്നു.

125 സിസി സെഗ്മെന്റിലെ ഏറ്റവും വലിയ സീറ്റ് വാഗ്ദാനം ചെയ്യുന്ന ബൈക്കില്‍ രണ്ട് പേര്‍ക്ക് വളരെ സുഖമായി ഇരിക്കാം. ഇതിന് ശക്തമായ ഉറപ്പുള്ള ട്രെല്ലിസ് ഫ്രെയിം ഉണ്ട്. എല്‍ഇഡി ഹെഡ്ലാമ്പോടുകൂടിയ ഡ്യുവല്‍ കളര്‍ ഗ്രാഫിക്‌സുള്ള മോട്ടോര്‍സൈക്കിള്‍ ഡിസൈന്‍ വശവും ആകര്‍ഷകമാണ്. 7 നിറങ്ങളിലാണ് കമ്പനി ഇത് പുറത്തിറക്കിയിരിക്കുന്നത്. 11 സുരക്ഷാ പരിശോധനകളില്‍ വിജയിച്ച ശേഷമാണ് ബൈക്ക് പുറത്തിറക്കിയതെന്നാണ് ബജാജ് പറയുന്നത്.
തുടക്കത്തില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഫ്രീഡം ലഭ്യമായിരുന്നത്. എന്നാല്‍ ഓഗസ്റ്റ് 15-ന് ഡല്‍ഹി, യുപി, കര്‍ണാടക, കേരളം, ഹരിയാന, വിദര്‍ഭ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ മേഖലകളിലെ 88 നഗരങ്ങളില്‍ കൂടി ബജാജ് ഫ്രീഡം 125 ലഭ്യമാക്കി കേരളത്തില്‍ കൊച്ചി, കോട്ടയം, കൊല്ലം, തൊടുപുഴ, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, നെടുമങ്ങാട്, തൃശൂര്‍, തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, ആലുവ, തിരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്ന് ബജാജിന്റെ ഈ പുത്തന്‍ ബൈക്ക് വാങ്ങാം.


Click it and Unblock the Notifications








