70000 രൂപയ്ക്ക് 125CC സ്കൂട്ടർ വാങ്ങാം; മൈലേജും കംഫർട്ടും തരുന്ന മോഡലുകളെ അറിഞ്ഞിരിക്കാം
ദൈനംദിന യാത്രകൾക്ക് ഒരു 125cc സ്കൂട്ടർ തേടുന്നവർക്ക്, താങ്ങാനാവുന്ന വിലയിൽ നിരവധി മോഡലുകളാണുളളത്. ലിസ്റ്റിൽ ഹീറോ ഡെസ്റ്റിനി പ്രൈം, ഹോണ്ട ആക്ടിവ 125, ടിവിഎസ് ജൂപ്പിറ്റർ 125 എന്നിവയൊക്കെയാണ് മികച്ച ഓപ്ഷനുകൾ. ഇന്ധനക്ഷമത, കരുത്തുറ്റ എഞ്ചിൻ, ആകർഷകമാ സവിശേഷതകൾ എന്നിവ കൊണ്ട് ഇവ ശ്രദ്ധേയമാണ്. ഈ മോഡലുകളുടെ വിലകളും പ്രത്യേകതകളും എന്തൊക്കെയാണെന്ന് വിശദമായി തന്നെ നോക്കിയാലോ. ഹീറോയുടെ 125cc വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ വിലയുള്ള സ്കൂട്ടറാണ് ഡെസ്റ്റിനി പ്രൈം. ഇതിന്റെ എക്സ്-ഷോറൂം വില 69,430 ആണ്.
124.6cc എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ ഏകദേശം 9 bhp പവറും 10.4 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ലിറ്ററിന് 56 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. i3S സാങ്കേതികവിദ്യ, ഡിജിറ്റൽ-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എക്സ്റ്റേണൽ ഫ്യുവൽ ഫില്ലർ ക്യാപ്, മെറ്റൽ ബോഡി തുടങ്ങിയ സവിശേഷതകൾ ഡെസ്റ്റിനി പ്രൈമിലുണ്ട്. ഇവ സാധാരണ ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യം നൽകുന്നു.

ഇന്ത്യൻ വിപണിയിലെ വിശ്വസനീയവും ജനപ്രിയവുമായ സ്കൂട്ടറാണ് ഹോണ്ട ആക്ടിവ 125. വർഷങ്ങളായി രാജ്യത്തെ ഉപഭോക്താക്കളുടെ സന്തത സഹചാരി തന്നെയാണ് ഹോണ്ട ആക്ടിവ. 89,152 രൂപ എക്സ്-ഷോറൂം വിലയുള്ള ഈ സ്കൂട്ടറിൽ 123.9cc ഫ്യുവൽ ഇൻജക്റ്റഡ് എഞ്ചിനാണ് നൽകിയിരിക്കുന്നത്. ഇത് ഏകദേശം 8.3 bhp പവറും 10.4 Nm ടോർക്കും പുറത്തെടുക്കുന്നു. ഹോണ്ട ആക്ടിവയ്ക്ക് ലിറ്ററിന് 50 കിലോമീറ്ററാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്.
ആക്ടിവ 125-ൽ 10.67cm TFT ഡിസ്‌പ്ലേ, എൽഇഡി ഹെഡ്‌ലാംപ്, ഐഡൽ സ്റ്റാർട്ട്-സ്റ്റോപ്പ്, സൈലന്റ് സ്റ്റാർട്ട് തുടങ്ങിയ ആധുനിക സവിശേഷതകളുണ്ട്. കുടുംബപരമായ ഉപയോഗത്തിന് ഇത് വളരെ അനുയോജ്യമായത് കൊണ്ട് തന്നെ ഇന്ത്യയിലെ ഫാമിലി സ്കൂട്ടർ എന്ന ലേബലിൽ ആക്ടിവ എന്നും മുന്നിൽ തന്നെയാണുളളത്.

സ്റ്റൈലിഷ് ഡിസൈനിനും പ്രാക്ടിറ്റിക്കാലിറ്റിക്കും പേരുകേട്ട ടിവിഎസ് ജൂപ്പിറ്റർ 125-ന് 75,950 രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. 8.2 bhp പവറും 11.1 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 124.8cc എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഇതിന്റെ ഇന്ധനക്ഷമത ലിറ്ററിന് 50 മുതൽ 55 കിലോമീറ്റർ വരെയാണ്.
മുൻവശത്തെ ഫ്യുവൽ ടാങ്ക്, വലിയ അണ്ടർസീറ്റ് സ്റ്റോറേജ്, യുഎസ്ബി ചാർജിംഗ് പോർട്ട്, മികച്ച യാത്രാസുഖം എന്നിവ ജൂപ്പിറ്റർ 125-ലെ പ്രധാന സവിശേഷതകളാണ്. സുഖസൗകര്യങ്ങളിൽ ഇത് ഈ വിഭാഗത്തിലെ മികച്ചൊരു ഓപ്ഷനാണിത്. ഡ്രം, ഡിസ്ക് ഉൾപ്പെടെ നാല് വേരിയന്റുകളിൽ ഇത് ലഭ്യമാണ്.

കുറഞ്ഞ ബഡ്ജറ്റിൽ 125cc സ്കൂട്ടർ ആഗ്രഹിക്കുന്നവർക്ക് ഹീറോ ഡെസ്റ്റിനി പ്രൈം ഒരു മികച്ച ഓപ്ഷൻ തന്നെയാണ്. വിശ്വസനീയമായ പ്രകടനവും പൊതു സ്വീകാര്യതയും തേടുന്നവർക്ക് ഹോണ്ട ആക്ടിവ 125 ജനപ്രിയ തിരഞ്ഞെടുപ്പായി നിൽക്കുന്നു. കൂടുതൽ സ്റ്റൈലിഷും ആധുനിക സൗകര്യങ്ങളും ആവശ്യമുള്ളവർക്ക് ടിവിഎസ് ജൂപ്പിറ്റർ 125 കാര്യക്ഷമമായൊരു ഓപ്ഷൻ നൽകുന്നു. വ്യക്തിഗത ആവശ്യങ്ങൾക്കും ബഡ്ജറ്റിനും അനുസരിച്ച് ഇവയിലൊന്ന് തിരഞ്ഞെടുക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








