ഇലക്ട്രിക് ടൂവീലര്‍ വാങ്ങുന്ന വനിതകള്‍ക്ക് 36000 രൂപ സബ്‌സിഡി! ഇത് മുഴുവനായി വായിച്ചിട്ട് തുള്ളിച്ചാടാം
രാജ്യത്ത് നിലവില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ക്രമേണ കൂടി വരികയാണ്. ഇന്ന് കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ അടക്കം ഇലക്ട്രിക് സ്‌കൂട്ടറുകളും കാറുകളും ഏറിയിട്ടുണ്ട്. പരമ്പരാഗത ഇന്ധനങ്ങളുടെ വില വര്‍ധനവ് മാത്രമല്ല ജനങ്ങള്‍ ഇവികളിലേക്ക് അടുക്കാന്‍ കാരണം. അതില്‍ ഒന്നാണ് സബ്‌സിഡികള്‍. ഇവികള്‍ ജനകീയമാക്കാന്‍ വേണ്ടി വിവിധ സര്‍ക്കാറുകള്‍ സബ്‌സിഡികള്‍ നല്‍കുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ സബ്‌സിഡി സ്‌കീമുകള്‍ കൂടാതെ വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ ഇവി നയങ്ങള്‍ പ്രഖ്യാപിച്ച് നടപ്പാക്കി വരുന്നു. കേരള സര്‍ക്കാര്‍ ഇതുവരെ ഇവി നയം കൊണ്ടുവന്നിട്ടില്ല. ഡല്‍ഹി, ഉത്തര്‍ പ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ ഇവി നയം കൊണ്ടുവന്നിരുന്നു.
രാജ്യത്തെ ഏറ്റവും സമഗ്രമായ ഇലക്ട്രിക് വാഹന നയമായി വിശേഷിപ്പിക്കപ്പെടുന്നത് ഡല്‍ഹിയിലെ ഇവി പോളിസി ആയിരുന്നു. രാജ്യ തലസ്ഥാനത്ത് ഇപ്പോള്‍ ഭരണമാറ്റം സംഭവിച്ചിരിക്കുകയാണ്. ആം ആദ്മി സര്‍ക്കാറിനെ താഴെ ഇറക്കി ബിജെപിയാണ് ഇപ്പോള്‍ ഡല്‍ഹി ഭരിക്കുന്നത്. ഡല്‍ഹി സര്‍ക്കാര്‍ ഇപ്പോള്‍ ഡല്‍ഹി ഇവി പോളിസി 2.0 ഉടന്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്.

2027 ഓടെ 95 ശതമാനം ഇലക്ട്രിക് വാഹനങ്ങളും ഉള്‍പ്പെടുത്താനും ഇലക്ട്രിക് മൊബിലിറ്റിയുമായി ബന്ധപ്പെട്ട 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഡല്‍ഹി ഇവി പോളിസി 2.0 ലക്ഷ്യമിടുന്നു. ഡല്‍ഹിയുടെ പുതിയ ഇവി നയത്തിന് കീഴില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് വമ്പന്‍ സബ്‌സിഡി നല്‍കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ നയത്തിന് കീഴില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്ന വനിതാ ഉപഭോക്താക്കള്‍ക്ക് 36,000 രൂപ വരെ സബ്സിഡി വാഗ്ദാനം ചെയ്യാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു.
മൊബിലിറ്റി മേഖലയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തില്‍ സ്ത്രീ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.ഡല്‍ഹി ഇവി പോളിസി 2.0 യുടെ കരട് പതിപ്പില്‍ സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ള ആദ്യത്തെ 10,000 വനിതാ ഇലക്ട്രിക് ഇരുചക്ര വാഹന വാങ്ങുന്നവര്‍ക്ക് ഈ ആനുകൂല്യം വാഗ്ദാനം ചെയ്യുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു kWh 12000 വരെയായിരിക്കും സബ്‌സിഡി ലഭിക്കുക.

ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ പരമാവധി സബ്‌സിഡ് 36000 രൂപ വരെ ലഭിക്കുമെന്ന് കരട് നയം നിര്‍ദ്ദേശിക്കുന്നു.രാജ്യത്തെ ഏറ്റവും മലിനീകരണമുള്ള നഗരങ്ങളില്‍ ഒന്നാല ന്യൂഡല്‍ഹിയടക്കമുള്ള എന്‍ആര്‍സിയില്‍ ഇലക്ട്രിക് വാഹന സ്വീകാര്യത വര്‍ദ്ധിപ്പിക്കുക എന്നതാണ് ഡല്‍ഹി ഇവി പോളിസി 2.0 യുടെ ലക്ഷ്യം.നിലവില്‍ ഡല്‍ഹി സര്‍ക്കാരിന്റെ പരിഗണനയിലുള്ള ഈ നിര്‍ദേശങ്ങള്‍ക്ക് ഉടന്‍ തന്നെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രാജ്യതലസ്ഥാന മേഖലയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂട്ടാനാണ് ഡല്‍ഹി ഇവി പോളിസി 2.0 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വരാനിരിക്കുന്ന നയത്തിന്റെ കാലാവധി 2030 മാര്‍ച്ച് 31 വരെയായിരിക്കും. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമല്ല ഇലക്ട്രിക് ത്രീവീലറുകളും ഇലക്ട്രിക് കൊമേഴ്ഷ്യല്‍ വാഹനങ്ങള്‍ക്കും ഇന്‍സെന്റീവ് നല്‍കാന്‍ നയത്തില്‍ നിര്‍ദേശമുണ്ട്.
ഡല്‍ഹിയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനായി ഒരു kWh ന് 10,000 രൂപ എന്ന നിരക്കില്‍ ഇന്‍സെന്റീവ് നല്‍കാനാണ് പ്ലാന്‍. എന്നാല്‍ ഒരു വാഹനത്തിന് മൊത്തം ഇന്‍സെന്റീവ് 30,000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ 12 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ഐസിഇ ടൂവീലറുകള്‍ സ്‌ക്രാപ്പ് ചെയ്യാന്‍ നല്‍കുന്നവര്‍ക്ക് 10,000 രൂപയുടെ അധിക ഇന്‍സെന്റീവിനും അര്‍ഹതയുണ്ടാകുമെന്ന് കരട് നയത്തില്‍ പറയുന്നു.
മാത്രമല്ല 2026 ഓഗസ്റ്റ് 15 മുതല്‍ പെട്രോള്‍, ഡീസല്‍, സിഎന്‍ജി എന്നിവയില്‍ ഓടുന്ന ഇരുചക്ര വാഹനങ്ങള്‍ അനുവദിക്കില്ലെന്ന് കരട് നയം ശക്തമായ ശുപാര്‍ശയില്‍ പറയുന്നുവെന്നതും ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കണം. നിലവില്‍ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് പകരമായി ഉപയോഗിക്കുന്ന L 5 M വിഭാഗത്തിലെ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ഡല്‍ഹി ഇവി പോളിസി 2.0 കിലോവാട്ടിന് 10,000 മുതല്‍ 45,000 വരെ പര്‍ച്ചേസ് ഇന്‍സെന്റീവ് വാഗ്ദാനം ചെയ്യുമെന്ന് പറയുന്നു.

12 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള പഴയ ഐസിഇ ഓട്ടോറിക്ഷകള്‍ പൊളിക്കാന്‍ കൊടുക്കുന്നവര്‍ക്ക് 20,000 രൂപ സ്‌ക്രാപ്പിംഗ് ഇന്‍സെന്റീവും നല്‍കാന്‍ സാധ്യതയുണ്ട്. സിഎന്‍ജിയില്‍ ഓടിക്കുന്ന ഓട്ടോറിക്ഷകള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനാും പുതിയ ഇവി നയത്തിന്റെ കരടില്‍ ശുപാര്‍ശയുണ്ട്. കരട് നയപ്രകാരം 2025 ഓഗസ്റ്റ് 15 മുതല്‍ സിഎന്‍ജി ഓട്ടോറിക്ഷ രജിസ്‌ട്രേഷന്‍ അനുവദിക്കില്ല. ഈ വര്‍ഷം ഓഗസ്റ്റ് 15 മുതല്‍ സിഎന്‍ജി ഓട്ടോ പെര്‍മിറ്റുകള്‍ പുതുക്കില്ല.
അത്തരം പെര്‍മിറ്റുകളും ഇ-ഓട്ടോ പെര്‍മിറ്റുകളാക്കി നല്‍കും 10 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള എല്ലാ സിഎന്‍ജി ഓട്ടോറിക്ഷകളും പോളിസി കാലയളവില്‍ മാറ്റുകയോ അല്ലെങ്കില്‍ ബാറ്ററികളില്‍ പ്രവര്‍ത്തിപ്പിക്കുന്ന തരത്തില്‍ റെട്രോഫിറ്റ് ചെയ്യുകയോ വേണം. നിങ്ങളുടെ സുഹൃത്തുക്കൃളാ ബന്ധുക്കളോ ആരെങ്കിലും ഡല്‍ഹിയില്‍ ഉണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കൂ. ഉടനെ ഒരു ഇവി വാങ്ങാന്‍ പ്ലാന്‍ ഇടുന്നവര്‍ ആണെങ്കില്‍ ഉപകാരപ്പെടട്ടെ.


Click it and Unblock the Notifications








